കൊച്ചി: കായിക മേളയിലെ പുഴു വിവാദത്തില്‍ താന്‍ ഇരയാക്കപ്പെട്ടതാണെന്ന് കായികാധ്യാപകന്‍ ജിജോ ജെയിംസ്. തന്റെ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിട്ടുണ്ടെന്നും, സത്യാവസ്ഥ പുറത്തുവരാന്‍ അത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടറിനോടായിരുന്നു പ്രതികരണം. കോടതിയിലും സര്‍ക്കാരിലും വിശ്വാസമുണ്ട്, സത്യം തെളിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കലവറയിലേക്ക് കയറുന്നതിന് മുമ്പ് തന്നെ എന്റെ ഫോണില്‍ ഞാന്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഒരു വ്‌ളോഗ് പോലെ എല്ലാം ഞാന്‍ ആദ്യം മുതല്‍ തന്നെ ഷൂട്ട് ചെയ്തിട്ടുണ്ട്. എന്റെ ഫോണ്‍ പരിശോധിച്ചാല്‍ അത് മനസിലാകും. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിട്ടുണ്ട്. അക്കാര്യത്തില്‍ എനിക്ക് ഒരു പരാതിയുമില്ല, അത് തീര്‍ച്ചയായും പരിശോധിക്കണം. എന്നാല്‍ മാത്രമേ എന്റെ സത്യസന്ധത പുറത്തുവരികയുള്ളൂ,’ അദ്ദേഹം പറഞ്ഞു.
വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയിയല്‍ ജിജോ ജെയിംസിന്റെ രാഷ്ട്രീയവും വലിയ ചര്‍ച്ചയായിരുന്നു. അധ്യാപകന്‍ ഇടത് അനുകൂലിയാണെന്ന് യുഡിഎഫ് അനുകൂല സൈബര്‍ ഹാന്‍ഡിലുകള്‍ ആരോപിച്ചപ്പോള്‍ നേരത്തെ ഇദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതടക്കം ഉയര്‍ത്തിക്കാട്ടിയാണ് ഇടത് പ്രൊഫൈലുകള്‍ പ്രതിരോധിച്ചത്
ഏറെ കാലം യുഡിഎഫ് അനുഭാവിയായിരുന്ന ജിയോ ജെയിംസ് നേരത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. കോണ്‍ഗ്രസിന്റെ അധ്യാപകസംഘടനയുടെ പ്രാദേശിക ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തിന് ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയും അധ്യാപനത്തിലേക്ക് മാത്രമായി തിരിയുകയുമായിരുന്നു. മറ്റൊരു പാര്‍ട്ടിയുടെയോ സംഘടനയുടെയോ ഭാഗമായി അതിന് ശേഷം പ്രവര്‍ത്തിച്ചിരുന്നില്ല.

