സ്വതന്ത്ര ചിന്തയുടെ വസന്തോത്സവത്തിനൊരുങ്ങി നിശാഗന്ധി; ലിറ്റ്മസ്-26 ഒക്ടോബര്‍ 20ന്

insight kerala

തിരുവനന്തപുരം: ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക സമ്മേളനമായ ലിറ്റ്മസ്-26, ഒക്ടോബര്‍ 20 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. ആയിരങ്ങള്‍ സംഗമിക്കുന്ന പരിപാടി, ലോകത്തിലെതന്നെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായി മാറുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എഴുത്തുകാരും, ശാസ്ത്രജ്ഞരും, മതവിമര്‍ശകരും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ വ്യക്തികള്‍ സ്വതന്ത്രചിന്തയുടെ വസന്തോത്സവത്തിന്റെ വിവിധ സെഷനുകളില്‍ സംബന്ധിക്കും.

ലിറ്റ്മസിന്റെ 7-ാമത് എഡിഷനാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് നടക്കുന്നത്. ആദ്യമായി 2018-ല്‍ തിരുവനന്തപുരത്തും, 2019-ല്‍ കോഴിക്കോടുമാണ് നടന്ന, ഈ കൂട്ടായ്മ കോവിഡ് മൂലം മാറ്റിവെക്കപ്പെട്ട രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം 2022-ല്‍ കൊച്ചിയിലും, അടുത്തവര്‍ഷം തിരുവനന്തപുരത്തും, തുടര്‍ന്ന് 2024-ല്‍ കോഴിക്കോട്ടും, 2025-ല്‍ വീണ്ടും കൊച്ചിയിലും നടന്നു. ഇപ്പോള്‍ ലിറ്റ്മസ് വീണ്ടും അനന്തപുരിയിലേക്ക് എത്തുകയാണ്. രാവിലെ 8.35മുതല്‍ വൈകീട്ട് 7മണിവരെയുള്ള വിപുലമായ സെഷന്‍സാണ് ലിറ്റ്മസ് 26-ല്‍ ഉള്ളത്. വൈകീട്ട് നടക്കുന്ന എസെന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് ബഹു. ഗതാഗത മന്ത്രി ശ്രീ. സി പി ജോണാണ്.

മൂന്ന് സംവാദങ്ങളാണ് ഇത്തവണത്തെ ലിറ്റ്മസിനെ ശ്രദ്ധേയമാക്കുന്നത്. ‘സവര്‍ക്കര്‍ നായകനോ വില്ലനോ?’ എന്ന വിഷയത്തില്‍ ശങ്കു ടി ദാസും, അഡ്വ വസന്ത് സിറിയക്കുമാണ് സംവദിക്കുന്നത്. ‘എക്സ്മുസ്ലിം ഓവറാണോ?’ എന്ന വിഷയത്തതില്‍ ആരിഫ്ഹുസൈന്‍ തെരുവത്തും, സി എം അഷ്റഫ് മൗലവിയും മാറ്റുരയ്ക്കും. ‘ദൈവം വിഭ്രാന്തിയോ’ എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ സി രവിചന്ദ്രനും സ്വാമി അധ്യാത്മാനന്ദയും ഏറ്റുമുട്ടും. എഴുത്തുകാരനായ ടി ഡി രാമകൃഷ്ണന്‍, വി ജെ ജെയിംസ്, ചലച്ചിത്രകാരന്‍ ജയന്‍ ചെറിയാന്‍, കലക്ടര്‍ ബ്രോ എന്‍ പ്രശാന്ത്, പ്രെഫസര്‍ ടി ജെ ജോസഫ് തുടങ്ങിയ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ഇത്തവണത്തെ ലിറ്റ്മസിലുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

എസ്സെന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

സ്വതന്ത്രചിന്തകനും അധ്യാപകനുമായ പ്രൊഫ. ഡോ. കെ.എം. ശ്രീകുമാറിനാണ് എസ്സെന്‍സ് ഗ്ലോബലിന്റെ ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ലഭിച്ചത്. 50,000 രൂപയും ഫലകവുമാണ് ഈ അവാര്‍ഡിനുള്ളത്. ഫ്രീ തിങ്കര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി സുഗുണന്‍ നൊച്ചാട് അര്‍ഹനായി. 30,000 രൂപയും ഫലകവുമാണ് സമ്മാനം. യങ് ഫ്രീ തിങ്കേഴ്‌സ് പുരസ്‌കാരം മൂന്നു പേര്‍ പങ്കിട്ടു. കൊല്ലം സ്വദേശി മനു എ.എസ്, കോട്ടയം സ്വദേശി സുരന്‍ നൂറനാട്ടുകര, മലപ്പുറം സ്വദേശി സുരേഷ് ബാബു ചെറൂളി എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. 25,000 രൂപയും ഫലകവുമാണ് പുരസ്‌കാരം.

ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ഡോ. കെ.എം. ശ്രീകുമാര്‍ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ്. എന്‍ഡോസള്‍ഫാന്‍ വിഷയത്തിലെ അശാസ്ത്രീയ ഭീതിവ്യാപാരത്തെയും ചൂഷണങ്ങളെയും തുറന്നുകാട്ടിയ അദ്ദേഹം, കീമോഫോബിയയ്ക്കും അശാസ്ത്രീയ കാര്‍ഷികരീതികള്‍ക്കുമെതിരെ ഒട്ടേറെ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. സി. രവിചന്ദ്രനൊപ്പം രചിച്ച ‘കാര്‍ട്ടറുടെ കഴുകന്‍’ 2017-ല്‍ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചു. 2018 മുതല്‍ ‘ലിറ്റ്മസ്’ സമ്മേളനങ്ങളില്‍ സജീവമായ അദ്ദേഹത്തിന് 2019-ല്‍ എസ്സെന്‍സ് ഫ്രീ തിങ്കര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. ആരോഗ്യവകുപ്പിലെ അഞ്ചു വര്‍ഷത്തെ സേവനത്തിനു ശേഷം കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലുള്ള പടന്നക്കാട് കാര്‍ഷിക കോളേജില്‍ കീടശാസ്ത്ര വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായി പ്രവര്‍ത്തിച്ച് 2025-ല്‍ വിരമിച്ചു. 48 ഗവേഷണപ്രബന്ധങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയ അദ്ദേഹം ഏഴ് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ഫ്രീ തിങ്കര്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം നേടിയ സുഗുണന്‍ നൊച്ചാട്, എസ്സെന്‍സ് ഗ്ലോബലിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളും കിടയറ്റ വോളണ്ടിയറുമാണ്. വര്‍ഷങ്ങളായി സംഘടനയുടെ കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചുവരികയാണ്. കോഴിക്കോട്ട് നടന്ന രണ്ട് ലിറ്റ്മസ് സമ്മേളനങ്ങള്‍ (2019, 2024) ഉള്‍പ്പെടെ എസ്സെന്‍സിന്റെ പ്രധാന പരിപാടികള്‍ക്ക് സംഘടനാപരമായ നേതൃത്വം നല്‍കുകയുണ്ടായി.

യങ് ഫ്രീ തിങ്കര്‍ പുരസ്‌ക്കാരം നേടിയവരില്‍ ഒരാളായ മനു എ എസ്, ശബ്ദമലിനീകരണത്തിനും അനുബന്ധ നിയമലംഘനങ്ങള്‍ക്കുമെതിരെയുള്ള നിയമപോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ സാമൂഹിക പ്രവര്‍ത്തകനാണ്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി നൂറനാട്ടുകര സ്വദേശിയായ സുരന്‍ ചിത്രകാരനും, ക്ലാസിക് സിനിമ, ശാസ്ത്രം, ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ നിരന്തരം എഴുതുന്ന സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുമാണ്. ബംഗളൂരുവില്‍ ഐ.ടി. പ്രൊഫഷണലായി ജോലി ചെയ്യുന്ന സുരേഷ് ബാബു ചെറൂളി എഴുത്തുകാരന്‍ പ്രഭാഷകന്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ്.

ലിറ്റ്മസ് 26 – കാര്യപരിപാടി

08:30- A M Video-esSENSE Global

08:35 Talk – Welcome Praveen V Kumar, President, esSENSE Global

08:42 Debate – – സവര്‍ക്കര്‍: നായകനോ വില്ലനോ? Sanku T Das Vs Adv Vasanth Ciriyac- Moderator- Susheel Kumar

insight kerala

09:46 Presentataion – ഓര്‍ഗാനിക് ഫുഡ് എന്ന തട്ടിപ്പ്- Kana M Sureshan

10:15 Interaction – മലയാളി മെമ്മോറിയല്‍- Praveen Ravi Vs Prasanth N (Collector Bro)

10:54 Trial Presentation – ക്രിസ്തുവിന്റെ കേസ് : ഒരു പുനര്‍വിചാരണ- James Kureekkattil , Suran Nooranaattukara Sajith Lal Malayalapuzha, Karthikeyan P, Ismu Malappuram

11:38 Gen Z court Adv Akash Sathyanandan, Adv Rashmi K M -Moderator- Nanditha R, Surya R Menon. Mydhili N S

12:12 Interaction – യുക്തിയും ഭാവനയും-T D Ramakrishnan, V J James- Moderator- Jayan K Cheriyan

12:46 Interaction – ‘എക്സ്മുസ്ലിം ഓവറാണോ?” A dialogue between a Muslim and an Exmuslim Arif Hussain Theruvathu, C M Ashraf Maulavi- modarator- Vishnu J Muraleedharan

13:30 Interaction – Open Clinic- Sarath Karanaat, Dr. Anoob R C, Dr. Nandakumar U Dr. Badusha Thahir

14:09 Interaction – ഇന്റലക്ച്വല്‍ ജിഹാദ് – മാധ്യമങ്ങളിലൂടെ വളരുന്ന ആഗോള ഭീകരത A P Ahmed, Mohamed Nazeer. Moderator-Riju Calicut

14:43 Interaction – അത്ഭുതങ്ങളും ദൈവവും കെട്ടുകഥയോ? ശാസ്ത്രത്തിന്റെ വിചാരണ Paulose Thomas, Chandrasekhar R, Dileep Mampallil-Moderator- Yazin Omar

15:22 Interaction – GeneOn – Gene Editing Krishnaprasad, Nishad Kaippally, Praveen Gopinath -Moderator- Anand TR

16:01 Interaction – Blasphemy Fahim V P, Jafer Chalikode, Prof T J Joseph, Shajitha Ajees -Moderator-Prasad Vengara

16:40 Award – Award Distribution- Hon. Minister Mr. C P John- Moderator-Anupama Radhakrishnan

17:14 Prime Debate ദൈവം വിഭ്രാന്തിയോ? Ravichandran C Vs Swami Adhyathmananda- Moderator-Rakesh V

18:48 Parting Message – Conclusion

എസ്സെന്‍സ് ഗ്ലോബലും ലിറ്റ്മസും

ഇന്ത്യന്‍ ഭരണഘടനയുടെ 51A(h) അനുച്ഛേദം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗൈനേസഷനാണ് esSENSE Global. വെബ്സൈറ്റ്- https://essenseglobal.com

ശാസ്ത്രീയ മനോഭാവം, സ്വതന്ത്രചിന്ത, നിരീശ്വരവാദം എന്നിവ ജനകീയമാക്കി അറിവിന്റെ ബൗദ്ധികവും സാമൂഹികവുമായ വ്യാപനത്തിലൂടെ ഒരു ആധുനിക സമൂഹം കെട്ടിപ്പടുക്കാന്‍ എസ്സെന്‍സ് ശ്രമിക്കുന്നു. അതിന്റെ ഭാഗമായി സെമിനാറുകളും സംവാദങ്ങളും അടക്കമുള്ള സാംസ്‌കാരിക വിനിമയവും നടത്തുന്നു. വസ്തുതാധിഷ്ഠിത രാഷ്ട്രീയം, തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള വൈദ്യം, മാനവികത അധിഷ്ഠിത സമൂഹം എന്നിവയ്ക്കുവേണ്ടി എസ്സെന്‍സ് നിലകൊള്ളുന്നു.

മതങ്ങളെയും മതേതര അന്ധവിശ്വാസങ്ങളെയും ഒരുപോലെ വിമര്‍ശിച്ചുകൊണ്ടാണ് എസ്സെന്‍സ് ഗ്ലോബല്‍ മുന്നോട്ടുപോവുന്നത്. കമ്യൂണിസവും മാര്‍ക്സിസവും പോലുള്ള മതേതരമായ വിശ്വാസ പ്രസ്ഥാനങ്ങളെയും, ഹോമിയോ- ആയുര്‍വേദം പോലുള്ള സമാന്തര ചികിത്സകളെയും തൊട്ട് ജൈവകൃഷി പോലുള്ള ആധുനിക അന്ധവിശ്വാസങ്ങളെവരെ എസ്സെന്‍സ് വിമര്‍ശന വിധേയമാക്കുന്നു. അശാസ്ത്രീയമായവയെ തള്ളി, യുക്തിയിലും ശാസ്ത്രബോധത്തിലും അധിഷ്ഠിതമായ ചിന്താധാര വളര്‍ത്തിയെടുക്കലാണ് ലിറ്റ്മസ് കൊണ്ട് ശ്രമിക്കുന്നതെന്ന് എസ്സെന്‍സ് ഗ്ലോബല്‍ ഭാരവാഹികള്‍ അറിയിച്ചു.

Share This Article