ഗാർഹിക പീഡനത്തിനെതിരെ കേരള പൊലീസിൻ്റെ പ്രത്യേക ദൗത്യസേന ‘സ്പീക്ക് അപ്പ്’; അജിതാ ബീഗത്തിന് ചുമതല

insight kerala

സംസ്ഥാനത്ത് സ്ത്രീകൾ നേരിടുന്ന ഗാർഹികപീഡനം തടയുന്നതിനും സുരക്ഷ ഒരുക്കുന്നതിനുമായി ‘ സ്പീക് അപ്പ് എന്ന പേരിൽ പ്രത്യേക ദൗത്യസേന രൂപീകരിച്ച് ആഭ്യന്തരവകുപ്പ്. ഐജി അജിത ബീഗത്തിനാണ് സ്പീക് അപ്പ് പദ്ധതിയുടെ ചുമതല. സഹനം മതി… ഇനി ശബ്ദമുയർത്തേണ്ട സമയമാണ്… എന്ന സന്ദേശമാണ് സ്പീക്കപ്പ് ആപ്പിലൂടെ നൽകുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

സ്ത്രീകളെ മാനസികമായും ശാരീരികമായും തകർക്കുന്ന നിശ്ശബ്ദ കൊലയാളിയാണ് ഗാർഹിക അതിക്രമങ്ങൾ. സാമ്പത്തികമോ കുടുംബപരമോ ആയ ഭയം മൂലം ഒരു സ്ത്രീക്കും നീതി നിഷേധിക്കപ്പെടാത്തവിധം ശക്തമായ ഇടപെടലാവും പൊലീസ് നടത്തുകയെന്ന് അദ്ദേഹം പറഞ്ഞു.

പരാതികൾ ഇങ്ങനെ നൽകണം, ലഭ്യമായ നിയമസഹായങ്ങൾ എന്തൊക്കെയാണ്, തുടർനടപടികൾ എങ്ങനെ നടക്കും തുടങ്ങിയ കാര്യങ്ങളിൽ പരാതിക്കാർക്ക് സ്പീക്കപ്പ് ആപ്പ് സഹായം നൽകും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഗാർഹിക അതിക്രമം തടയുക, അതിജീവിതകൾക്ക് നിയമസഹായവും കൗൺസിലിങ്ങും ഉറപ്പാക്കുക, സുരക്ഷിതമായ താമസവും ഉപജീവന പിന്തുണയും ലഭ്യമാക്കുക എന്നിവയാണ് സ്പീക്ക് അപ്പിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. ഗാർഹിക പീഡനങ്ങൾക്കെതിരെ ശക്തമായ ഇടപെടൽ ഉറപ്പാക്കുന്നതോടൊപ്പം, പരാതി നൽകാൻ കഴിയാത്ത സാഹചര്യത്തിലുള്ള സ്ത്രീകൾക്ക് സുരക്ഷിതമായി സഹായം തേടാനുള്ള സംവിധാനവും സ്പീക്ക് അപ്പിലൂടെ ലഭ്യമാക്കും. ഉന്നത വനിത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും ദൗത്യസേനയുടെ പ്രവർത്തനം. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കി.

കഴിഞ്ഞ ഏഴു വർഷത്തിനിടെ 92 സ്ത്രീകളാണ് കേരളത്തിൽ ഗാർഹിക പീഡനത്തെ തുടർന്നു മരിച്ചത്. ഭയം കാരണം പരാതി പറയാതെ മൗനം പാലിക്കുന്നവരുമുണ്ട്. അത്തരം അവസ്ഥകൾ ആവർത്തിക്കാതിരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരാതി എങ്ങനെ നൽകണം, ലഭ്യമായ നിയമസഹായം എന്തൊക്കെയാണ്, തുടർനടപടികൾ എങ്ങനെ നടക്കും തുടങ്ങിയ കാര്യങ്ങളിൽ സ്പീക്ക് അപ്പ് പരാതിക്കാർക്ക് സഹായം നൽകും. ഒരു സഹോദരിയോടോ സുഹൃത്തിനോടോ സംസാരിക്കുന്നതുപോലെ സുരക്ഷിതമായി പരാതികൾ പങ്കുവയ്ക്കാനുള്ള സാഹചര്യമാണ് സ്പീക്ക് അപ്പിലുണ്ടാവുക.

പരമ്പരാഗത പൊലീസ് നടപടികളിൽ നിന്ന് മാറി അതിജീവിതകളുടെ സ്വകാര്യതയ്ക്ക് പൂർണ മുൻഗണന നൽകുന്ന രീതിയിലായിരിക്കും ഇടപെടൽ. വിവരം ലഭിച്ചാൽ ഔദ്യോഗിക വേഷത്തിലല്ലാതെ പൊലീസ് ഉദ്യോഗസ്ഥർ അതിജീവിതകളുമായി ബന്ധപ്പെടും. ഓരോ കേസിനും പ്രത്യേകമായി നിയോഗിക്കുന്ന ഓഫിസർമാർ കേസിൻ്റെ പുരോഗതി, കൗൺസിലിങ്, ഉപജീവന പിന്തുണ തുടങ്ങിയ കാര്യങ്ങൾ ആഴ്ചയിലൊരിക്കൽ വ്യക്തിപരമായി വിലയിരുത്തും

Share This Article