കോടികളുടെ അനധികൃത സ്വത്ത്: ജി.എസ്.ടി. ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്‌പെന്‍ഷന്‍

insight kerala

തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദന കേസില്‍ ആരോപണവിധേയയായ എറണാകുളം ജി.എസ്.ടി. ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജനെ അടിയന്തരമായി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥയെ സംരക്ഷിക്കാന്‍ അണിയറയില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ നിര്‍ണായക നടപടി.

വിജിലന്‍സ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടും ഉദ്യോഗസ്ഥയ്‌ക്കെതിരെ സസ്‌പെന്‍ഷന്‍ ഉത്തരവിറങ്ങാന്‍ വൈകിയത് വലിയ ചോദ്യങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സസ്‌പെന്‍ഷന്‍ നിര്‍ദേശം തടഞ്ഞുവെക്കാന്‍ സെക്രട്ടറിയേറ്റിലെ നികുതി വകുപ്പിലെ ചില ഉന്നതരും സ്വാധീനശക്തിയുള്ള വന്‍കിട ഗ്രൂപ്പുകളും സമാന്തര നീക്കങ്ങള്‍ നടത്തിയതാണ് നടപടി വൈകാന്‍ ഇടയാക്കിയത്. ഉദ്യോഗസ്ഥയെ സംരക്ഷിക്കാനുള്ള ഈ നീക്കങ്ങള്‍ ഉന്നത തലങ്ങളില്‍ ചര്‍ച്ചയായതോടെ ഭരണനേതൃത്വം പ്രതിരോധത്തിലായി.വിജിലന്‍സ് ഡയറക്ടറുടെ വ്യക്തമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതെ ഫയല്‍ വെച്ചുതാമസിപ്പിച്ചത് വാര്‍ത്തയായതോടെയാണ് സംഭവം പൊതുസമൂഹത്തില്‍ വന്‍ വിവാദമായത്.

Share This Article