തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയെ യുവമോര്‍ച്ച പ്രവർത്തകർ നടുറോഡിൽ തടഞ്ഞു. തുടർന്ന് മന്ത്രി കയറിയ ഓട്ടോയും തടഞ്ഞതോടെ റോഡിലിറങ്ങി നടന്നുപോകേണ്ടിവന്നു. തിരുവനന്തപുരം പാളയത്തിന് സമീപത്തെ വാന്‍ റോസ് ജങ്ഷനിലായിരുന്നു സംഭവം.
സെക്രട്ടറിയറ്റിൽ നിന്ന് ഇറങ്ങി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ ‘പൗർണമി’യിലേക്ക് ഔദ്യോഗിക വാഹനത്തിൽ പോകവെയാണ് യുവമോർച്ചക്കാർ തടഞ്ഞത്. വാഹനത്തിന് മുന്നിലിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകർ ബി.ജെ.പിയുടെ കൊടിയും വാഹനത്തിന്റെ ബോണറ്റിന് മുന്നിൽ വിരിച്ചു.
യുവമോര്‍ച്ചക്കാര്‍ വാഹനം തടഞ്ഞതോടെ മന്ത്രി ഓട്ടോയില്‍ കയറി. എന്നാല്‍, മന്ത്രി കയറിയ ഓട്ടോയും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നാലെ, ഒട്ടോ തടഞ്ഞ് മന്ത്രിയെ ഇറക്കിവിടുകയായിരുന്നു. മന്ത്രിക്ക് പൈലറ്റും എസ്കോർട്ടും ഉണ്ടായിരുന്നില്ല. ഇത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
കൊല്ലത്ത് ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിലുള്ള പ്രതിഷേധമായാണ് യുവമോർച്ചക്കാർ സംസ്ഥാനത്തെ മന്ത്രിമാരെ തടയുമെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ബി.ജെ.പിയും പോഷക സംഘടനാ പ്രവര്‍ത്തകരും സംസ്ഥാന വ്യാപകമായി മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി വീശാന്‍ തുടങ്ങി. തിരുവനന്തപുരം ഡി.സി.സി ഓഫിസിന് നേരെയും ആക്രമണമുണ്ടായി. തുടര്‍ന്ന് ജില്ലയില്‍ വിവിധയിടങ്ങളില്‍ പ്രശ്നങ്ങളുണ്ടായി.

