കെ വി നിരഞ്ജന്‍
കൊച്ചി: വീട്ടില്‍നിന്ന് മദ്യം പിടിച്ചകേസില്‍ റിമാന്‍ഡിലായി ജാമ്യത്തിലിറങ്ങിയ റിപ്പോര്‍ട്ടര്‍ ടീവി എം ഡി ആന്റോ അഗസ്റ്റിന്‍ അടിമുടി ഫ്രോഡാണെന്ന് തെളിയുക്കുന്ന മറ്റൊരു വിവരം കൂടി പുറത്തുവരുന്നു. ആന്റോ അഗസ്‌ററിന്റെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ വിവാദത്തിലായത്. ഇതിലെ വിവരങ്ങള്‍ പ്രകാരം പത്താംക്ലാസ് പ്രായത്തില്‍ അയാള്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന് പഠിക്കയാണ്.
സാധാരണ കുട്ടികള്‍ എട്ടിലോ ഒന്‍പതിലോ പഠിക്കുന്ന പ്രായമാണ് 14 വയസ്സ്. എന്നാല്‍ ആ പ്രായത്തില്‍ ഒരു എഞ്ചിനീയറിംഗ് ബിരുദത്തിന് ചേര്‍ന്നാലോ? അങ്ങനെയൊരു ‘അത്ഭുത’ പ്രതിഭാസമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത് എന്നാണ് ട്രോളര്‍മ്മാരുടെ പരിഹാസം. ആന്റോ അഗസ്റ്റിന്റെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ പ്രകാരം അദ്ദേഹം ജനിച്ചത് 1988-ല്‍ ആണ്. എന്നാല്‍ വിദ്യാഭ്യാസ യോഗ്യതയുടെ ഭാഗത്ത് കൊടുത്തിരിക്കുന്നത്, 2002 മുതല്‍ 2006 വരെയുള്ള കാലയളവില്‍ അദ്ദേഹം മോണ്ട്‌ഫോര്‍ട്ട് കോളേജില്‍ നിന്നും ബി.ടെക് ബിരുദം നേടി എന്നാണ്.
ഇവിടെയാണ് കണക്കിലെ കളി വരുന്നത്. 1988-ല്‍ ജനിച്ച ഒരാള്‍ക്ക് 2002-ല്‍ വെറും 14 വയസ്സ് മാത്രമായിരിക്കും പ്രായം. അതായത്, പത്താം ക്ലാസ്സോ പ്ലസ് ടുവോ പാസാകാനുള്ള പ്രായം പോലുമെത്തുന്നതിന് മുന്‍പ് തന്നെ അദ്ദേഹം മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠനം ആരംഭിച്ചു. മാത്രമല്ല, തന്റെ 16-ാം വയസ്സില്‍ അദ്ദേഹം ബിസിനസ്സ് രംഗത്തേക്ക് കടന്നുവെന്നും പ്രൊഫൈലില്‍ അവകാശപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ ബി.ടെക് പഠനകാലത്ത് തന്നെയാണ് അദ്ദേഹം ഈ വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അടിത്തറ പാകിയതെന്നും കരുതേണ്ടി വരുമെന്നാണ് ട്രോളന്‍മ്മാര്‍ പറയുന്നത്.
അടിമുടി തട്ടിപ്പുകാരന്‍
ഒന്നും രണ്ടുമല്ല ഒരു ഡസനിലേറെ കേസുകളാണ് ആന്റോയുടെ പേരിലുള്ളത്. മാങ്കോഫോണ്‍ തട്ടിപ്പ് ആരോപണം വരുമ്പോള്‍ ആന്റോക്ക് വെറും 25 വയസ്സാണ് പ്രായം. സ്വന്തമായി സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മിക്കുന്നു എന്ന പേരില്‍ വ്യാജമായി ‘മാംഗോ ഫോണ്‍’ എന്ന ബ്രാന്‍ഡ് കാണിച്ച് ബാങ്കുകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പേരില്‍ മുന്‍പ് സഹോദരന്മാര്‍ക്കെതിരെ കേസുകള്‍ വന്നിരുന്നു. പിന്നെ മാങ്കോഫോണ്‍ വിസ്മൃതിയിലായി. 2021-ലെ മുട്ടില്‍ മരംമുറിയാണ് മറ്റൊരു പ്രധാന കേസ്. വയനാട് മുട്ടില്‍ വില്ലേജിലെ കര്‍ഷകരുടെ പട്ടയഭൂമിയില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോടികള്‍ വിലമതിക്കുന്ന ഈട്ടിത്തടികള്‍ മുറിച്ചുകടത്തി എന്നതായിരുന്നു അത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് റവന്യൂ വകുപ്പ് ഇറക്കിയ ദുരൂഹമായ ഒരു ഉത്തരവിന്റെ മറവിലാണ് മുട്ടില്‍ മരംമുറി നടക്കുന്നത്. ഈ കേസ് അട്ടിമറിക്കാന്‍ സി.പി.എം ഭരണനേതൃത്വത്തിലെ ഉയര്‍ന്ന തലങ്ങളില്‍ നിന്നും, ചില ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ നിന്നും ഇദ്ദേഹത്തിന് വലിയ പിന്തുണ ലഭിച്ചതായി അക്കാലത്ത് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചിരുന്നു. റവന്യൂ റിക്കവറിക്കായി എത്തിയ ഡെപ്യൂട്ടി തഹസില്‍ദാര്‍, വനിതാ വില്ലേജ് ഓഫീസര്‍ എന്നിവരെ മര്‍ദ്ദിച്ചതിനും, തടയാന്‍ ശ്രമിച്ച പൊലീസുകാരെ കൈയേറ്റം ചെയ്തതിനും ഇദ്ദേഹത്തിനെതിരെ കേസുകളുണ്ട്. ഇങ്ങനെ മൊത്തം 15 ഓളം കേസുകള്‍!

അതായത് സ്ഥിരമായി ക്രിമിനല്‍ ബുദ്ധിയുള്ളയാളാണ് ആന്റോ എന്ന് പറയാം. അയാള്‍ തുടര്‍ച്ചയായി തട്ടിപ്പും കുറ്റകൃത്യങ്ങളും ചെയ്യുന്നു. അതിനെ മറയാക്കാന്‍ ചാനല്‍ ഉപയോഗിക്കുന്നു. 2023-ല്‍ ആന്റോ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള കമ്പനി റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ വിലയ്ക്ക് വാങ്ങുകയും പുനഃസംപ്രേഷണം ആരംഭിക്കുകയും ചെയ്തു. ഈ മാധ്യമസ്ഥാപനത്തിന്റെ മറവില്‍ രാഷ്ട്രീയ രംഗങ്ങളില്‍ വലിയ സ്വാധീനമുറപ്പിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ചാനലിലെ ചര്‍ച്ചകളും വാര്‍ത്തകളും ഭരണപക്ഷത്തിന് അനുകൂലമായി നിലകൊള്ളുന്നു എന്ന ആക്ഷേപം പ്രതിപക്ഷം നിരന്തരം ഉയര്‍ത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രതികാരം ചെയ്തയാള്‍ എന്നാണ് ആന്‍േറാ അഗസ്റ്റിനെ കുറിച്ച് ഒരു വിഭാഗം സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ പറയുന്നത്. ഒരു കാലത്ത് മുട്ടില്‍ മരം മുറിയുടേയും, മാങ്കോഫോണിന്റൊെക്കെപ്പേരില്‍ തന്നെ നിരന്തരം വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകരെയൊക്കെ വന്‍ തുക പ്രതിഫലം കൊടുത്ത് വിളിച്ചുവരുത്തി, അയാള്‍ തന്റെ സ്തുതിപാഠകള്‍ ആക്കുന്നു. ടി വി പ്രസാദും, സ്മൃതി പരുത്തിക്കാടും, മാതുവും, ഡോ അരുണ്‍കുമാറും അടക്കമുള്ള മികച്ച മാധ്യമ പ്രവര്‍ത്തകരൊക്കെ ഇപ്പോള്‍ അണ്ണാക്കില്‍ പിരിവെട്ടിയ അവസ്ഥലിയലാണ്. ഇത്രയും കേസുകളില്‍ പ്രതിയായ ഒരാള്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ വന്നിരുന്ന്, ആഗോളരാഷ്ട്രീയം വിശകലനം ചെയ്യുകയാണ്!
വയനാട് ജില്ലയിലെ മുട്ടില്‍ വാഴവറ്റ സ്വദേശിയായ ഇദ്ദേഹവും സഹോദരന്മാരായ റോജി അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവരും ചേര്‍ന്ന് ‘മുട്ടില്‍ സഹോദരന്മാര്‍’ എന്ന പേരിലാണ് ബിസിനസ്സ്-രാഷ്ട്രീയ രംഗങ്ങളില്‍ അറിയപ്പെടുന്നത്. ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ കളിപ്പിക്കാന്‍ എത്തിക്കാമെന്ന് കാണിച്ച് വ്യാജരേഖകളുണ്ടാക്കി കോടികളുടെ സ്പോണ്‍സര്‍ഷിപ്പ് തട്ടിയെടുത്തു എന്നതാത് ഇപ്പോള്‍ കത്തിനില്‍ക്കുന്ന കേസ്. ആന്റോയുടെ മറ്റുകേസുകളും ഒപ്പം അന്വേഷിക്കണം എന്നാണ് ആവശ്യമുയരുന്നത്.

