എം റിജു
ദാവൂദ് കസ്ക്കര്‍ ഇബ്രാഹീം! ഇന്ത്യയില്‍ ഇന്ന് ഏറ്റവും വെറുക്കപ്പെട്ടവരുടെ പേര് ചോദിച്ചാല്‍ ആദ്യ പത്തില്‍ വരും ഈ അധോലോക നായകന്റെ പേര്. മുബൈ സ്ഫോടന പരമ്പരകള്‍ അടക്കം നൂറുകണക്കിന് ജീവന് ഉത്തരം പറയേണ്ട ക്രൂരന്.
70കളുടെ അവസാനം മുതല്‍ 90കളുടെ തുടക്കം വരെ ബോംബെ എന്ന മഹാരാജ്യത്തെ നിയന്ത്രിച്ചിരുന്നത് ദാവൂദ് ഇബ്രാഹീം എന്ന ആ അധോലോക നായകന് തന്നെയായിരുന്നു. 93ലെ മുംബൈ സ്ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് രാജ്യം വിട്ട ദാവൂദ് പാക്കിസ്ഥാന് ഗവണ്മെന്റിന്റെ സംരക്ഷണയിലും ശരിക്കും വിലസിയാണ് ജീവിച്ചത്. മുബൈ വിട്ട് കറാച്ചി കേന്ദ്രീകരിച്ച് പുതിയ അധോലോകം കെട്ടിപ്പെടുത്ത് ഡി കമ്പനി ലോകത്തിന് ഭീഷണിയായി. 2003-ല്‍ അമേരിക്ക ദാവൂദ് ഇബ്രാഹിമിനെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ ദാവൂദ് ഇപ്പോള്‍ ലോകത്തിലെ 10 മോസ്റ്റ് വാണ്ടഡില്‍ മൂന്നാം സ്ഥാനത്തായിരുന്നു. 2.5 കോടി ഡോളറാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങേയറ്റം ശോചനീയമായ വാര്‍ത്തകളാണ് ഡി കമ്പനിയെകുറിച്ച് പുറത്തുവരുന്നത്. ഡി കമ്പനി പിളര്‍ന്നുവെന്നും പൊളിഞ്ഞുവെന്നും വാര്‍ത്തകള്‍ വന്നു. നേരത്തെ ദാവൂദ് കോവിഡ് ബാധിച്ച് മരിച്ചുവെന്നും വാര്‍ത്ത വന്നിരുന്നു. പക്ഷേ ഇത് ശരിയായിരുന്നില്ല. കോവിഡ് ബാധിച്ചെങ്കിലും ദാവൂദ് രക്ഷപ്പെടുകയാണ് ഉണ്ടായത്.
ഇപ്പോള്‍ ഡി കമ്പനി കേരളത്തില്‍ വീണ്ടും വാര്‍ത്തയായിരിക്കുന്നത് മേജര്‍ രവി എന്ന ചലച്ചിത്രസംവിധായകനും മൂന് ആര്‍മി ഓഫീസറുമായ ഒരാളുടെ വെളിപ്പെടുത്തലിലൂടെയാണ്. അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെ വധിക്കാന്‍ താന്‍ ഒരു രഹസ്യ ഓപ്പറേഷന് ആസൂത്രണം ചെയ്തിരുന്നുവെന്നും എന്നാല്‍ കോവിഡ് മഹാമാരി കാരണം അത് നടക്കാതെ പോയെന്നുമാണ് മേജര്‍ രവി വെളിപ്പെടുത്തിയത്. ഇതിനായി വിരമിച്ച 10 കമാന്‍ഡോകളെ ഉള്‍പ്പെടുത്തി ഒരു സംഘം രൂപീകരിക്കുകയും ഏകദേശം രണ്ട് വര്‍ഷത്തോളം ഇതിന്റെ ലോജിസ്റ്റിക്സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്ത കഥയാണ് ഒരു ചാനല്‍ അഭിമുഖത്തില്‍ മേജര്‍ രവി പറഞ്ഞത്. ഈ പദ്ധതിയെക്കുറിച്ച് സംസാരിക്കാന്‍ അന്നത്തെ ബി.ജെ.പി അധ്യക്ഷനായിരുന്ന അമിത് ഷായെ നേരില്‍ കണ്ടിരുന്നു. പിന്നീട് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രിയായപ്പോള്‍ ഒരു മലയാളി ബി.ജെ.പി നേതാവിനൊപ്പം തന്നെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയും പദ്ധതിയുമായി മുന്നോട്ട് പോകാനും ആവശ്യമായ സഹായങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാനും നിര്‍ദ്ദേശിച്ചു. ഔദ്യോഗിക രേഖകള്‍ ഒന്നും ഇല്ലാതെ ഗവണ്മെന്റിന്റെ വാക്കാലുള്ള അനുമതിയോടെയാണ് ഈ രഹസ്യ ഓപ്പറേഷന് മുന്നോട്ട് കൊണ്ടുപോയത്. അപകടങ്ങള്‍ സംഭവിച്ചാല്‍ സര്‍ക്കാരിന് ബാധ്യത വരാതിരിക്കാന്‍ കമാന്‍ഡോകളുടെ കുടുംബങ്ങളില്‍ നിന്നുള്ള സമ്മതപത്രങ്ങളും തയ്യാറാക്കിയിരുന്നു. ഓപ്പറേഷന്റെ അവസാനഘട്ട ഒരുക്കങ്ങളിലേക്ക് കടക്കുമ്പോഴാണ് കോവിഡ് മഹാമാരിയും രാജ്യവ്യാപക ലോക്ക്ഡൗണും വരുന്നത്. യാത്രാവിലക്കുകളും കര്‍ശന നിയന്ത്രണങ്ങളും കാരണം ലോജിസ്റ്റിക്സ് പൂര്‍ണ്ണമായും തടസ്സപ്പെടുകയും ഒടുവില്‍ ഈ ദൗത്യം ഉപേക്ഷിക്കാന്‍ താന്‍ നിര്ബന്ധിതനാവുകയുമായിരുന്നുവെന്നുമാണ് മേജര്‍ രവി പറയുന്നത്.

ഈ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മേജര്‍ രവിക്കെതിരെ വലിയ രീതിയിലുള്ള പരിഹാസങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിച്ച അദ്ദേഹം, ഇന്ത്യ ഇപ്പോള്‍ മാറി ചിന്തിക്കുന്ന ഒരു രാജ്യമാണെന്നും ശത്രുക്കള്‍ പലയിടത്തും ‘അജ്ഞാതരാല്‍’ കൊല്ലപ്പെടുന്നത് രാജ്യം കൈവരിച്ച ശേഷിക്ക് തെളിവാണെന്നും വ്യക്തമാക്കി. വിമര്‍ശിക്കുന്നവര്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ വസ്തുകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. ഇന്ത്യ പലതവണ ദാവൂദിനെതേടി അണ്ടര്‍കവര്‍ ഓപ്പറേഷനുകള്‍ നടത്തിയിട്ടുണ്ട്. പലപ്പോഴും തലനാരിഴക്കാന് ദാവൂദ് രക്ഷപ്പെട്ടത്.
പരാജയപ്പെട്ട ദുബായ് ഓപ്പറേഷന്
ദാവൂദ് ഇബ്രാഹിമിനെ പിടികൂടാനോ വധിക്കാനോ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പലതവണ തവണ അതീവ രഹസ്യമായ ഓപ്പറേഷനുകള്‍ ആസൂത്രണം ചെയ്തിരുന്നു എന്നത് ഒരു വസ്തുതയാണ്. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്.കെ. സിംഗ് ഉള്‍പ്പെടെയുള്ളവര്‍ പിന്നീട് ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ ഐ.എസ്.ഐ ദാവൂദിന് നല്കുന്ന കനത്ത സുരക്ഷയും ഇന്ത്യന്‍ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും കാരണമാണ് പല ദൗത്യങ്ങളും അവസാന നിമിഷം പരാജയപ്പെട്ടുപോയത്.
ഇതില്‍ 2005-ലെ ദുബായ് ഓപ്പറേഷനാണ് ഏറ്റവും പ്രശസ്തമായത്. ദാവൂദിനെ ഇല്ലാതാക്കാന്‍ ഏറ്റവും അടുത്തുവരെയെത്തിയ ഒരു ദൗത്യമായിരുന്നു ഇത്.
2005-ല്‍ ദാവൂദ് ഇബ്രാഹിമിന്റെ മകള്‍ മഹ്രൂഖും മുന്‍ പാക്കിസ്ഥാന് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദിന്റെ മകന് ജുനൈദും തമ്മിലുള്ള വിവാഹ നിശ്ചയവും റിസപ്ഷനും ദുബായിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വെച്ച് നടക്കാന്‍ തീരുമാനിച്ചു. പാക്കിസ്ഥാന് പുറത്ത് ദാവൂദ് എത്തുന്ന ഈ അപൂര്‍വ്വ അവസരം മുതലാക്കാന്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോ തീരുമാനിച്ചു. അന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ തലപ്പത്തുണ്ടായിരുന്ന അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് ഈ ഓപ്പറേഷന് ആസൂത്രണം ചെയ്തത്. ദാവൂദിന്റെ കടുത്ത ശത്രുവായ ഛോട്ടാ രാജന്റെ ഗാങ്ങിലെ പ്രമുഖ ഷാര്‍പ്പ് ഷൂട്ടര്‍മാരായ വിക്കി മല്‍ഹോത്ര, ഫരീദ് തനാഷ എന്നിവരെ ദൗത്യത്തിനായി ഐ.ബി രഹസ്യമായി പരിശീലിപ്പിച്ചു.

ഈ സംഘം ഓപ്പറേഷന്റെ അവസാന വട്ട ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ മുംബൈ പോലീസ് അവിടെയെത്തി ഷാര്‍പ്പ് ഷൂട്ടര്‍മാരെ അറസ്റ്റ് ചെയ്തു. ഐ.ബിയുടെ അതീവ രഹസ്യ ഓപ്പറേഷനെക്കുറിച്ച് മുംബൈ പോലീസിന് അറിവുണ്ടായിരുന്നില്ല. മുംബൈ പോലീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ദാവൂദിന്റെ ഡി-കമ്പനിയുമായി ബന്ധമുണ്ടായിരുന്നെന്നും വിവരം ചോര്‍ന്നതാണെന്നും അക്കാലത്ത് വലിയ ആരോപണമുയര്‍ന്നു. എന്തായാലും ആ അറസ്റ്റോടെ ആ വലിയ ദൗത്യം പാളിപ്പോയി.
2013-14 ലെ കറാച്ചി ഓപ്പറേഷന്
കറാച്ചിയിലെ ദാവൂദിന്റെ സുരക്ഷിത താവളത്തില്‍ വെച്ച് തന്നെ അവനെ ഇല്ലാതാക്കാന്‍ യു.പി.എ സര്‍ക്കാരിന്റെ അവസാന കാലത്ത് ഒരു പദ്ധതി തയ്യാറാക്കപ്പെട്ടിരുന്നു. പ്രമുഖ ക്രൈം റൈറ്റര്‍മാരും ഇന്റലിജന്‍സ് വൃത്തങ്ങളും വെളിപ്പെടുത്തുന്നതനുസരിച്ച്, ഒന്‍പതോളം കമാന്‍ഡോകള്‍ അടങ്ങുന്ന ഒരു പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ചു. കറാച്ചിയിലെ ക്ലിഫ്റ്റണ്‍ ഏരിയയിലുള്ള പള്ളിയില്‍ നിന്നും ദാവൂദ് പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങുന്ന സമയം വെടിവെച്ചുവീഴ്ത്താനായിരുന്നു പദ്ധതി.ഓപ്പറേഷന് നടപ്പാക്കേണ്ടിയിരുന്ന പ്രാദേശിക ഏജന്റുകള്‍ക്ക് കൃത്യസമയത്ത് ആയുധങ്ങള്‍ എത്തിക്കാന്‍ കഴിയാതെ പോയതാണ് ഈ ദൗത്യം അവസാന നിമിഷം ഉപേക്ഷിക്കാന്‍ കാരണമായതെന്ന് പറയപ്പെടുന്നു. കൂടാതെ, പാകിസ്്ഥാനിലെ ഒരു നയതന്ത്ര മേഖലയില്‍ വെച്ച് ഇത്തരമൊരു ഓപ്പറേഷന് നടത്തുന്നത് ഉണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ-സൈനിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയവും ഇതിന് പിന്നിലുണ്ടായിരുന്നു.
നേരിട്ട് വധിക്കുന്നതിന് പകരം ദാവൂദിന്റെ സാമ്രാജ്യത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന തന്ത്രപരമായ ഓപ്പറേഷനുകള്‍ ഇന്ത്യ ഇപ്പോഴും തുടരുന്നുണ്ട്.
എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവ വഴി ദാവൂദിന്റെ ഇന്ത്യയിലുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ദാവൂദിനെ ഐക്യരാഷ്ട്രസഭയെക്കൊണ്ട് ആഗോള ഭീകരനായി പ്രഖ്യാപിപ്പിച്ചു. ദുബായ്, യുകെ എന്നിവിടങ്ങളിലെ അവന്റെ ബിസിനസ്സ് ശൃംഖലകളും നിക്ഷേപങ്ങളും മരവിപ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഛോട്ടാ രാജനെപ്പോലുള്ള എതിര് ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് ദാവൂദിന്റെ പ്രധാന വിശ്വസ്തരായ ശരദ് ഷെട്ടിയെ ദുബായില്‍ വെച്ച് കൊല്ലിച്ചു. നേപ്പാളിലെ ഡി-കമ്പനി ഏജന്റായ ജമീം ഷാ എന്നിവരെ വധിച്ചതിന് പിന്നിലും ഇന്ത്യന്‍ ഏജന്‍സികളുടെ തന്ത്രപരമായ പിന്തുണയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം നിരന്തരമായ രഹസ്യ ഓപ്പറേഷനുകള്‍ കാരണം ഇപ്പോള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലിയാണ് ദാവൂദ്. ഒപ്പം രോഗങ്ങളും. ഇതോടെ അയാള്‍ക്ക് ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന അവസ്ഥ വന്നു. അതോടെയാണ് പഴയരീതിയിലുള്ള ഓപ്പറേഷന് ദാവൂദ് റിസ്ക്ക് എടുത്ത് ചെയ്യേണ്ട എന്ന തീരുമാനത്തിലേക്ക് ഇന്ത്യന്‍ ഏജന്‍സികള്‍ എത്തുന്നത്.

ഹൃദയാഘാതം എല്ലാം തളര്‍ത്തി
ഇപ്പോള്‍ ഡി കമ്പനി പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഡൈമണ്ട് ബിസിനസ് അടക്കമുള്ളവ പുര്‍ണ്ണമായും ദാവൂദിന് നഷ്ടമായി. സ്വന്തക്കാര് മുഴുവന്‍ കൊല്ലപ്പെടുകയോ അറസ്റ്റിലാവുകയോ ചെയ്തു. ഒപ്പം ചോട്ടാരാജന്െര് ഭീഷണിയും. ഇന്നും ഇന്ത്യന്‍ ഓഫീസാര്മാരെക്കാര് ദാവൂദ് ഭയക്കുന്നത് ചോട്ടാ രാജന്റെ ടീമിനെയാണ്.
2017-ല്‍ ഉണ്ടായ ഹൃദയാഘാതമാണ് ദാവൂദിനെ പൂര്‍ണ്ണമായും തകര്‍ത്തത്. അന്നുതൊട്ട് തീര്‍ത്തും രോഗിയാണ് ഈ 70കാരന്. കാലിലുണ്ടായ വ്രണത്തെത്തുടര്ന്ന്ും നേരത്തെ ദാവൂദ് ചികിത്സയിലായിരുന്നു. ദാവൂദിന് ഗുരുതരമായ ഗാന്ഗ്രീന് രോഗമാണെന്നും നടക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും സൂചനയുണ്ട്.
ദാവൂദ് ഇബ്രാഹിമിനെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ പല തവണ പാക്കിസ്ഥാനെ സമീപിച്ചിരുന്നു. എന്നാല്‍ അയാള്‍ രാജ്യത്തില്ലെന്നാണ് പാക് നിലപാട്. സ്ഥിരമായി താവളങ്ങള്‍ മാറ്റുന്ന ദാവൂദ് ഇബ്രാഹിം ഇപ്പോള്‍ പാക്കിസ്ഥാനിലാണുള്ളതെന്നും ്െഎഎസ്ഐ ദാവൂദിന് ആവശ്യമായ സുരക്ഷ ഒരുക്കുന്നതെന്നും കാണിച്ച് ഇന്ത്യ ഐക്യരാഷ്ട്ര സംഘനയ്ക്ക് തെളിവ് നല്‍കിയിരുന്നു. എന്നാല്‍ ദാവൂദ് ഇബ്രാഹിം ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന വിവരങ്ങള്‍ പുറത്ത് വിടാന്‍ പാക്കിസ്ഥാന് ഇതുവരെ തയ്യാറായിട്ടില്ല. മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ വീടിനെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ ഒരു ദേശീയ ചാനല്‍ ഇതിന് മുന്‍പ് പുറത്ത് വിട്ടിരുന്നു. ഒളികാമറ ഓപ്പറേഷനിലൂടെ നടത്തിയ അന്വേഷണത്തിലാണ് ദാവൂദിന്റെ പാക്കിസ്ഥാനിലുള്ള വീടിന്റെ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
ദാവൂദിന്റെ വിലാസം, ഡി 3, ബ്ലോക്ക് 14, ക്ലിഫ്റ്റണ്‍, കറാച്ചി എന്നാണെന്ന് ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കറാച്ചിയിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലയാണ് ക്ലിഫ്റ്റണ്‍. സിന്ധിലെ മുന്‍ മുഖ്യമന്ത്രിയായ മുസ്തഫാ ജതോയി, മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന് ബിലാവല്‍ ഭൂട്ടോ എന്നിവര്‍ക്ക് ഇവിടെ ബംഗ്ലാവുകളുണ്ട്. വിവിധ പേരുകളിലാണ് ദാവൂദ് ഇക്കാലമത്രയും അറിയപ്പെട്ടിരുന്നത്. ദാവൂദ് ഇബ്രാഹിം എന്നതിന് പുറമെ, ഷെയ്ഖ് ഇബ്രാഹിം, അസീസ് ദിലീപ്, ദൗദ് ഹസന് ഷെയ്ഖ് ഇബ്രാഹിം കസ്കര്‍, ദാവൂദ് ഇബ്രാഹിം മേമന്, ദാവൂദ് സബ്രി, കസ്കര്‍ ദാവൂദ് ഹസന്, ഷെയ്ഖ് മുഹമ്മദ് ഇസ്മയില്‍ അബ്ദുള്‍ റഹ്മാന്, ദാവൂദ് ഹസന് ഷെയ്ഖ് എന്നിവ അധോലോക നായകന്റെ വ്യാജപ്പേരുകളില്‍ ചിലതാണ്.
ഏറ്റവും ഒടുവിലായി കഴിഞ്ഞ മൂന്നുവര്‍ഷമായി ദാവൂദ് മൈബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നേരത്തെ കറാച്ചിക്കു സമീപമുള്ള ഒരു ദ്വീപില്‍ മുഴുവന്‍ സമയവും പാക്കിസ്ഥാന് തീരസേനയുടെ കാവലിലുള്ള ദാവൂദിന്റെ രഹസ്യ സങ്കേതം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ ഉള്‍പ്പെടെ സുരക്ഷാച്ചുമതല നിര്‍വഹിക്കുന്ന അര്‍ധസൈനിക വിഭാഗമായ പാക്കിസ്ഥാന് റേഞ്ചേഴ്സിന്റെ മേല്‍നോട്ടത്തില്‍ ദാവൂദിനു സുരക്ഷ ഒരുക്കി കൊണ്ട് ദാവൂദ് പാക്ക് മണ്ണില്‍ ഇല്ലെന്ന നിലപാട് രാജ്യാന്തര വേദികളില്‍ ഉയര്‍ത്തുകയായിരുന്നു പാക്കിസ്ഥാന് ഇതു വരെ. അത്യാവശ്യ ഘട്ടത്തില്‍ മണിക്കൂറുകള്‍ക്കകം ദാവൂദിനു കടല്‍ മാര്‍ഗം ദുബായില്‍ എത്താന്‍ തയാറാക്കിയ രക്ഷാമാര്‍ഗവും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. പാക്ക് ചാരസംഘടനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കു മാത്രമേ ദാവൂദുമായി ബന്ധപ്പെടാന്‍ അനുവാദമുണ്ടായിരുന്നുള്ളു എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഉപഗ്രഹഫോണില്‍ പ്രത്യേക ഫ്രീക്വന്‍സിയിലാണ് ഇവര്‍ ദാവൂദുമായി ആശയവിനിമയം നടത്തുന്നതെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. 2003 ലും 2005 ലും പാക്കിസ്ഥാനിലെ പ്രാദേശിക ഭീകരഗ്രൂപ്പുകള്‍ ദാവൂദിനെ വധിക്കാന്‍ നടത്തിയ ശ്രമം പാക്കിസ്ഥാന് റേഞ്ചേഴ്സ് വിഫലമാക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
മകന് ആത്മീയ ജീവിതത്തില്‍
ഇതിനിടെ ദാവൂദിന്റെ ജീവിതത്തെ തകര്‍ന്ന മറ്റൊരു സംഭവം കൂടിയുണ്ടായി. അതായിരുന്നു അനന്തര അവകാശിയായി താന്‍ കണ്ട മകന്റെ ആത്മീയ ജീവിതം. കള്‍. മക്കളില്‍ മൂന്നാമത്തെയാളും ഒരേയൊരു ആണ്‍തരിയുമായ മോയിന്‍ നവാസ് ഡി. കസ്കര്‍ (36) പിതാവിന്റെ പാത കൈവെടിഞ്ഞ് സമ്പൂര്‍ണ പൗരോഹിത്യ മാര്‍ഗത്തിലാണ് ജീവിക്കുന്നതെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആദ്യകാലത്ത് ദാവൂദിന്റെ ബിസിനസില്‍ നവാസ് സഹായിച്ചിരുന്നുവെങ്കിലും പിന്നീട് ആത്മീയതയുടെ പാതയിലേക്ക് തിരിയുകയായിരുന്നു. എതിര്‍പ്പായിരുന്നുവെന്ന് താനെയിലെ അന്വേഷണ സംഘത്തലവന് പ്രദീപ് ശര്‍മ പറഞ്ഞു. മൂന്ന് കവര്‍ച്ചക്കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദാവൂദിന്റെ ഇളയ സഹോദരന് ഇഖ്ബാല്‍ ഇബ്രാഹിം കസ്കറിനെ ചോദ്യം ചെയ്തപ്പോഴാണ് ദാവൂദ് കുടുംബത്തിലെ ആഭ്യന്തരപ്രശ്നങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്.
തന്റെ വ്യവസായസാമ്രാജ്യം നോക്കിനടത്തേണ്ട മൊയിന്‍ നവാസ് മറ്റൊരു വഴിക്ക് പോകുന്നതാണ് ദാവൂദിനെ തളര്‍ത്തുന്നത്. ബിസിനസിന്റെയോ സമ്പത്തിന്റെയോ പ്രലോഭനങ്ങളില്‍ ഒരു താത്പര്യവുമില്ലാതെ മതപ്രബോധകന് (മൗലാന)ആയി മാറിയിരിക്കുകയാണ് കടുത്ത മതവിശ്വാസിയായ മൊയിന്‍ നവാസ്. ദാവൂദ് കുടുംബത്തില്‍ നിന്ന് അകന്നുകഴിയുന്ന മൊയിന്‍ നവാസ് കുടുംബവ്യവസായങ്ങളില്‍ നിന്നും ഏറെക്കാലമായി മാറിനില്‍ക്കുകയായിരുന്നു. ഖുര്‍ആനിലെ 6,236 സൂക്തങ്ങളും മനഃപാഠമാക്കിയ നവാസ് കറാച്ചിയിലെ ആഡംബര വസതി ത്യജിച്ചു. കറാച്ചിയിലെ ഒരു പള്ളിയോട് ചേര്‍ന്ന ചെറിയ വീട്ടിലാണ് കഴിയുന്നത്. എങ്കിലും ഭാര്യയും മൂന്ന് മക്കളും നവാസിനെ ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ല. ഇവരും പള്ളിയോട് ചേര്‍ന്നുള്ള വീട്ടിലാണ് താമസം.
ബിസിനസ് മാനേജ്മെന്റില്‍ ബിരുദം നേടിയ നവാസ് 2011-ല്‍ കറാച്ചിയിലെ സമ്പന്നനായ വ്യവസായിയുടെ മകള്‍ സാനിയ ഷെയ്ഖിനെ വിവാഹം ചെയ്തു. ഇവര്‍ക്ക് മൂന്നുമക്കളുമുണ്ട്. താന്‍ പടുത്തുയര്‍ത്തിയ അധോലോക സാമ്രാജ്യം ഭാവിയില്‍ ആര് നോക്കി നടത്തുമെന്നതിനെക്കുറിച്ച് ദാവൂദിന് കടുത്ത ആശങ്കയുണ്ടെന്നാണ് ദാവൂദിന്റെ സഹോദരന് ഇഖ്ബാല്‍ കസ്കര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ദാവൂദിന്റെ വിശ്വസ്തനായ മറ്റൊരു സഹോദരന് അനീസ് ഇബ്രാഹിം കസ്കര്‍ അനാരോഗ്യത്തിലാണെന്നതും ദാവൂദിനെ വലയ്ക്കുന്നു. അധോലോക സാമ്രാജ്യത്തിന്റെ ഭാവി ഭദ്രമാക്കാന്‍ വിശ്വസ്തരായ അടുത്ത ബന്ധുക്കളും ഇപ്പോള്‍ ദാവൂദിനില്ല. കമ്പനിയാവട്ടെ തകര്‍ന്നും കഴിഞ്ഞു. ഇനി പഴയതുപോലെയാവാന്‍ ഒരിക്കലും ദാവൂദിന് കഴിയില്ല എന്നും ഉറപ്പാണ്.

