തിരുവനന്തപുരം : ദുരന്ത മുഖത്തേക്കുള്ള ചാർട്ടേഡ് വിമാനയാത്ര വിവാദത്തിൽ ന്യായീകരണവുമായി മുഖ്യമന്ത്രി. അതിൽ എന്താണ് തെറ്റ് എന്നാണ് ആവർത്തിച്ച് മുഖ്യമന്ത്രി ചോദിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ പേര് ഒരു ഘട്ടത്തിൽ പോലും വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറായില്ല .
“ഞാൻ ഇതുവരെ നടത്തിയ വിമാനയാത്രയ്ക്ക് ഒരു രൂപ പോലും സർക്കാരിന്റെ പൈസ ചെലവാക്കിയിട്ടില്ല .പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിരവധി തവണ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ട്. അദ്ദേഹം പേര് വെളിപ്പെടുത്തിയിട്ടുണ്ടോ?”
“തനിക്ക് മലയാളിയായ ഒരു സ്വകാര്യ വ്യക്തി അറേഞ്ച് ചെയ്ത് തന്നതാണ് വിമാനം. അതിലാണ് താൻ പോയത്. അതിൽ താൻ ഒരു തെറ്റും കാണുന്നില്ല. മുമ്പും മുഖ്യമന്ത്രിമാർ ഇങ്ങനെ യാത്ര ചെയ്തിട്ടുണ്ട്. ഉമ്മൻചാണ്ടിയും യാത്ര ചെയ്തിട്ടുണ്ട്.
അത്യാവശ്യത്തിന് കേരളത്തിലെ മുഖ്യമന്ത്രിക്ക് ദുരന്ത സമയത്ത് പോകാൻ ഒരു വിമാനം അറേഞ്ച് ചെയ്ത് തന്നതിന് നാളെ വന്ന് ഏതെങ്കിലും സഹായം അവർ അഭ്യർത്ഥിക്കില്ല.
ആ പേര് ആരാണെന്ന് പറയേണ്ട ആവശ്യമില്ല
“അവർ ഒരു അത്യാവശ്യം സമയത്ത് സഹായം ചെയ്തു തന്നതാണ്. ഇതിനുമുമ്പുള്ള മുഖ്യമന്ത്രിമാരും ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും എല്ലാ മുഖ്യമന്ത്രിമാരും ചെയ്യുന്നതാണ് ഇതൊക്കെ. അതിൽ ഒരു തെറ്റുമില്ല. ”
“ദുരന്ത നിവാരണത്തിനായി ജനങ്ങൾ നൽകുന്ന പണം പാവങ്ങളെ സഹായിക്കാനാണ്. ആ പണം മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്ക് എങ്ങനെയാണ് ഉപയോഗിക്കുന്നത്”. മുഖ്യമന്ത്രി വ്യക്തമാക്കി
അതിൻറെ സുതാര്യതയും വ്യക്തതയും മാധ്യമങ്ങൾ ആവർത്തിച്ചു ചോദിച്ചപ്പോൾ മുഖ്യമന്ത്രി വിശദീകരിക്കാൻ തയ്യാറായില്ല. ഒരേ ചോദ്യം മാധ്യമങ്ങൾ ആവർത്തിച്ചു ചോദിച്ച താൻ മറുപടി പറയില്ല എന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.

