ഒടുവിൽ കുറ്റം ഏറ്റുപറഞ്ഞ് PSC ; ‘മൂല്യനിർണ്ണയത്തിൽ പിഴവ് പറ്റി’

insight kerala

കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡിലെ ചീഫ് (ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷയുടെ മൂല്യനിർണ്ണയത്തിൽ ഗുരുതരമായ സാങ്കേതിക പിഴവ് സംഭവിച്ചതായി പി.എസ്.സിയുടെ കുറ്റസമ്മതം. പരീക്ഷയുടെ മൂല്യനിർണ്ണയ ഘട്ടത്തിൽ നടന്ന ഈ വീഴ്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പിഎസ്‌സി കമ്മീഷൻ ആഭ്യന്തര വിജിലൻസ് വിഭാഗത്തിന് നിർദേശം നൽകി.

ഓൺസ്‌ക്രീൻ മാർക്കിങ് (OSM) രീതിയിൽ നടത്തിയ മൂല്യനിർണ്ണയത്തിലാണ് പിഴവ് സംഭവിച്ചത്. പരീക്ഷയുടെ ഒന്നാം പേപ്പറിലെ ഇക്കണോമിക്‌സ് വിഷയത്തിൽ പത്ത് ചോദ്യങ്ങൾക്കായിരുന്നു മൂല്യനിർണ്ണയം നടത്തേണ്ടിയിരുന്നത്. എന്നാൽ, ആകെ മൂല്യനിർണ്ണയം നടത്തേണ്ടിയിരുന്ന 228 ഉത്തരക്കടലാസുകളിൽ 177 എണ്ണത്തിലും ക്രമനമ്പർ 10 മുതൽ 18 വരെയുള്ള ഒമ്പത് ചോദ്യങ്ങൾ മൂല്യനിർണ്ണയത്തിനായി വിദഗ്ധർക്ക് അസൈൻ ചെയ്തിട്ടില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി.

മൂല്യനിർണ്ണയത്തിൽ പിഴവ് സംഭവിച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആഭ്യന്തര വിജിലൻസ് ഓഫീസർ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. വിജിലൻസ് ഓഫിസർ സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് കമ്മീഷൻ യോഗം വിശദമായി പരിഗണിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, വിജിലൻസ് ആന്റ് ഇന്റേണൽ സെക്യൂരിറ്റി ഓഫീസറോട് (V. & I.S.O) സമഗ്രവും വിശദവുമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ നിർദ്ദേശം. ഈ റിപ്പോർട്ട് ലഭിച്ച ശേഷം പരീക്ഷാ നടപടികളിലെ തുടർകാര്യങ്ങളിൽ കമ്മീഷൻ അന്തിമ തീരുമാനമെടുക്കും

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article