ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസ് ;വിദഗ്ദ്ധമിതി അന്വേഷണം, രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട്: കെ.മുരളീധരൻ

insight kerala

തിരുവനന്തപുരം : ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നടന്ന പർച്ചേസുകളെ കുറിച്ച് വിദഗ്ദ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്താൻ ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശം. മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പെടുന്ന അന്വേഷണ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തി രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി. ഉത്തരവാദികളെ കൃത്യമായി കണ്ടെത്തി തുടർനടപടികൾക്കായുള്ള ശുപാർശകളും അടങ്ങിയ വിശദമായ റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്.

സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകൾ, സർക്കാർ ആശുപത്രികൾ, ആരോഗ്യ വകുപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കണം. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആരോഗ്യ വകുപ്പ് വാങ്ങിയ എല്ലാ മെഡിക്കൽ ഉപകരണങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വാങ്ങൽ, സ്ഥാപിക്കൽ, കമ്മീഷനിംഗ്, ഉപയോഗം, പരിപാലനം, നിലവിലെ അവസ്ഥ എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.

പ്ലാൻ ഫണ്ട്, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന(പി.എം.എസ്.എസ്.വൈ), മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവ പ്രകാരം വാങ്ങിയതും കൊവിഡ് കാലത്ത് കേന്ദ്ര സർക്കാർ വിതരണം ചെയ്ത ഉപകരണങ്ങളെ കുറിച്ചും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കഴിഞ്ഞ പത്ത് വർഷത്തിനിടെ ആരോഗ്യ വകുപ്പിൽ വിലകൂടിയ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൊവിഡ്ക്കാലത്ത് കേന്ദ്ര സർക്കാർ വിതരണം ചെയ്ത ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഓട്ടോക്ലേവ് മെഷീനുകൾ, സോളാർ പവർ പ്ലാന്റുകൾ, ജനറേറ്ററുകൾ എന്നിവയും പ്ലാൻ ഫണ്ടിന് പുറമേ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഭാഗമായും വാങ്ങിയ വിലകൂടിയ മെഡിക്കൽ ഉപകരണങ്ങളിൽ പലതും സ്ഥാപിക്കാതെയും കമ്മീഷൻ ചെയ്യാതെയും കിടക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ കൃത്യമായി പരിപാലിക്കാത്തിനാൽ ഉപകരണങ്ങൾ പ്രവർത്തനരഹിതമായതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം സംഭവങ്ങൾ സർക്കാരിന് സാമ്പത്തിക നഷ്ടത്തിനും പൊതുമുതൽ പാഴാകുന്നതിനും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ നിഷേധിക്കപ്പെടുന്നതിനും കാരണമാകും. അടുത്തിടെ വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ നടത്തിയ സന്ദർശനത്തിനിടെ മൊബൈൽ മോർച്ചറി ഉൾപ്പെടെയുള്ള ഉയർന്ന മൂല്യമുള്ള നിരവധി മെഡിക്കൽ ഉപകരണങ്ങൾ ദീർഘകാലമായി ഉപയോഗിക്കാതെ കിടക്കുന്നതായി നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സമാനമായ സാഹചര്യങ്ങൾ സംസ്ഥാനത്തെ മറ്റ് സർക്കാർ മെഡിക്കൽ കോളേജുകളിലും സർക്കാർ ആശുപത്രികളിലും ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

Share This Article