തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് നിയമന വിവാദത്തില്‍ പിഎസ്‌സിക്ക് തിരിച്ചടി. പരീക്ഷാ രേഖകള്‍ മുഴുവന്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. ഉത്തരക്കടലാസും അഭിമുഖത്തിലെ മാര്‍ക്കിന്റെ വിവരങ്ങളും അപേക്ഷ നല്‍കിയവര്‍ക്ക് കൈമാറണമെന്നാണ് നിര്‍ദ്ദേശം.
പി.എസ്.സി. വഴി നിയമനം നടത്തുന്ന ഏറ്റവും ഉയർന്ന തസ്തികകളിൽ ഒന്നാണ് ആസൂത്രണബോർഡിലെ ചീഫ്. തുടക്കത്തിൽത്തന്നെ ഒന്നേകാൽ ലക്ഷത്തിലേറെയാണ് പ്രതിമാസ ശമ്പളം. അതിനാൽ ഈ തസ്തികയ്ക്ക് തൊഴിൽമാർക്കറ്റിൽ വലിയ ഡിമാൻഡാണ്. വിവിധ വിഭാഗങ്ങളിലായി ഏഴ് ഒഴിവുകളാണ് ചീഫിനായി ആസൂത്രണ ബോർഡിലുള്ളത്. 200 മാർക്കിനുള്ള വിവരണാത്മക പരീക്ഷയും 40 മാർക്കിനുള്ള അഭിമുഖവുമാണ് ഇതിന്റെ തിരഞ്ഞെടുപ്പിന് പി.എസ്.സി. നടത്തുന്നത്.
കഴിഞ്ഞ വർഷവും ഈ തസ്തികയിൽ പി.എസ്.സി. നിയമനം നടത്തി. അതാണിപ്പോഴത്തെ വിവാദത്തിന്റെ കേന്ദ്രം. അതിന്റെ പരീക്ഷ 2023 ജൂലായിലായിരുന്നു. ഉദ്യോഗാർഥികൾക്ക് ലഭിച്ച മാർക്ക് രേഖപ്പെടുത്താതെയാണ് റാങ്ക് പട്ടിക പി.എസ്.സി. പ്രസിദ്ധ്‌ീകരിച്ചത്. അതിന് പി.എസ്.സിക്കൊരു ന്യായമുണ്ട്. ഒരു പരീക്ഷയുടെ മാർക്കാണ് കൂടുതൽ തസ്തികകളുടെ റാങ്ക് നിശ്ചയിക്കാൻ ഉപയോഗിക്കുന്നതെങ്കിൽ അതിന്റെ മാർക്ക് പിന്നീട് അറിയിച്ചാൽ മതി. ഈ വ്യവസ്ഥയുടെ മറവിൽ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്കുകൾ അനിശ്ചിത കാലത്തേക്ക് മൂടിവെക്കാൻ പി.എസ്.സിക്ക് കഴിയും. അതിനാൽ ക്രമക്കേടുകൾ അത്ര പെട്ടെന്ന് കണ്ടുപിടിക്കാനുമാകില്ല. ഇപ്പോഴും അതാണ് സംഭവിച്ചത്.
പരീക്ഷ കഴിഞ്ഞ് മൂന്നു വർഷവും നിയമനം കഴിഞ്ഞ് ഒരു വർഷവുമാകുമ്പോഴാണ് ചീഫ് പരീക്ഷയിലെ മാർക്കു തട്ടിപ്പ് പുറത്താകുന്നത്. ആകെ പത്തു പേരാണ് റാങ്ക് പട്ടികയിലുണ്ടായിരുന്നതെങ്കിലും കട്ട്-ഓഫ്-മാർക്ക് വളരെ കുറവാ(27.88) യിരുന്നു. മൂല്യനിർണയത്തിൽ പിശകുണ്ടെന്ന് അപ്പോഴേ ഉദ്യോഗാർഥികൾക്ക് സംശയമായി. അങ്ങനെയാണ് ഉത്തരക്കടലാസിന്റെ പകർപ്പിന് അവർ അപേക്ഷിച്ചത്. റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം അപേക്ഷിച്ചിട്ടും അത് അനുവദിക്കാൻ പി.എസ്.സി. ഒരു വർഷമെടുത്തു.

