അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടാക്സിവേയിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചു. കോപ എയർലൈൻസിന്റെ യാത്രാവിമാനവും യുപിഎസിന്റെ ചരക്കുവിമാനവുമാണ് അപകടത്തിൽപ്പെട്ടത്.
പനാമ സിറ്റിയിൽ നിന്ന് എത്തിയ കോപ എയർലൈൻസിന്റെ ബോയിങ് 737 വിമാനത്തിൽ 166 യാത്രക്കാരും ആറ് ജീവനക്കാരുമുണ്ടായിരുന്നു. വിമാനം വിമാനത്താവളത്തിൽ നീങ്ങുന്നതിനിടെ സമീപത്തുണ്ടായിരുന്ന യുപിഎസിന്റെ ബോയിങ് 767 ചരക്കുവിമാനത്തിന്റെ മുൻഭാഗത്ത് ഇടിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി 9.15ഓടെയായിരുന്നു അപകടം. കൂട്ടിയിടിയിൽ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. ഇവർക്ക് വിമാനത്താവളത്തിലെ മെഡിക്കൽ സംഘം ചികിത്സ നൽകി. പരിക്കുകൾ നിസാരമാണെന്നാണ് പ്രാഥമിക വിവരം.
അപകടത്തിന് പിന്നാലെ കോപ വിമാനത്തിലെ യാത്രക്കാരെല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കി. മറ്റ് യാത്രക്കാരും വിമാനത്തിലെ ആറ് ജീവനക്കാരും സുരക്ഷിതരാണെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു.
അമേരിക്കയിലുടനീളം വിമാന സർവീസുകൾ തടസ്സപ്പെട്ട് ലക്ഷക്കണക്കിന് യാത്രക്കാർ ദുരിതത്തിലായതിന് തൊട്ടുപിന്നാലെയാണ് മിയാമി വിമാനത്താവളത്തിൽ വീണ്ടും വിമാനാപകടം ഉണ്ടായിരിക്കുന്നത്.

