നെഗറ്റീവ് റിവ്യുകളെ മറികടുന്നു; 9 ദിവസത്തിനുള്ളില്‍ 1,111 കോടി നേടി ‘രാമായണത്തിന്റെ’ കുതിപ്പ്; ഇത് കേരള ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രം; ജടായുപ്പാറയിലും ആഘോഷം വരുന്നു

insight kerala

കെ വി നിരഞ്ജന്‍

റിലീസ് ചെയ്ത ആദ്യ ദിവസം സീരിയല്‍പോലെയുള്ള രംഗങ്ങള്‍, നായിക- നായകന്‍മ്മാര്‍ പോര എന്നീ നിലകളിലൊക്കെ വിമര്‍ശിക്കപ്പെട്ട ചിത്രം. ഇപ്പോഴത് ബോക്‌സോഫീസില്‍ കത്തിക്കയറുകയാണ്. റിലീസ് ചെയ്ത് ഒന്‍പത് ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ 1,111 കോടി രൂപ നേടിയിരിക്കയാണ്, നിതീഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണം’ സിനിമ. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ 32 കോടിയിലധികം സ്വന്തമാക്കിയിട്ടുണ്ട്. ട്രേഡ് ട്രാക്കറായ സാക്‌നില്‍ക്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചിത്രം ആഗോളതലത്തില്‍ 1,111 കോടി രൂപ പിന്നിട്ടു. ഇന്ത്യയില്‍ നിന്ന് മാത്രം 32.50 കോടി ഗ്രോസ് ചിത്രം നേടിയിട്ടുണ്ട്. വിദേശ കളക്ഷന്‍. ഓവര്‍സീസ് വിപണിയില്‍ നിന്ന് ഏകദേശം 378.50 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്.കേരളത്തില്‍ നിന്ന് 32.35 കോടി രൂപ നേടിയതോടെ, കേരള ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രമെന്ന റെക്കോര്‍ഡും ‘രാമായണം’ സ്വന്തമാക്കി.

ഇന്ത്യയിലെ വിവിധ ഭാഷകളിലെ നെറ്റ് കളക്ഷന്‍ പരിശോധിക്കുമ്പോള്‍ ഹിന്ദി പതിപ്പ് 473.25 കോടി രൂപയുമായി മുന്നില്‍ നില്‍ക്കുന്നു. കന്നഡയില്‍ നിന്ന് 51.95 കോടിയും, തെലുങ്കില്‍ നിന്ന് 40.65 കോടിയും, തമിഴില്‍ നിന്ന് 24.90 കോടിയും ചിത്രം സ്വന്തമാക്കി. ദൃശ്യമികവും മികച്ച അവതരണവും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ‘രാമായണ’ വരും ദിവസങ്ങളിലും ബോക്സ് ഓഫീസില്‍ പുതിയ ചരിത്രങ്ങള്‍ എഴുതിച്ചേര്‍ക്കുമെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായ ദംഗലിന്റെ സംവിധായകനാണ് രാാമയണത്തിന്റെ സംവിധായകന്‍ നിതീഷ് തിവാരി. ആമിര്‍ ഖാന്‍ പ്രധാന വേഷത്തിലെത്തിയ ഈ സ്പോര്‍ട്സ് ഡ്രാമ ചിത്രം, ഗുസ്തി താരങ്ങളായ ഗീത ഫോഗട്ടിന്റെയും ബബിത ഫോഗട്ടിന്റെയും ജീവിതം ആസ്പദമാക്കിയെടുത്തതാണ്. 2016-ല്‍ ഇറങ്ങിയ ചിത്രത്തിന്റെ 2000 കോടിയുടെ കളക്ഷന്‍ റെക്കോര്‍ഡ് ഇന്നുവരെ ആര്‍ക്കും ഭേദിക്കാനായിട്ടില്ല. ഇപ്പോള്‍ രമായണം ആ റെക്കോര്‍ഡ് തകര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇന്ത്യയുടെ അവതാര്‍

ഒന്നും രണ്ടുമല്ല, നാലായിരം കോടി മുടക്കിയാണ് രണ്ടുഭാഗങ്ങളുള്ള ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ബജറ്റാണിത്. എന്നിട്ടും അവര്‍ കേട്ടു പഴഞ്ചനായ ഒരു കഥ തന്നെയാണ് എടുത്തത്. അമര്‍ ചിത്രകഥയായും, നോവലായും, സീരിയലായും, സിനിമയായും ലോകം മുഴുവന്‍ പടര്‍ന്ന രാമായണ കഥ. അതിനായി 4000 കോടി മുടക്കുക എന്നാല്‍ ശരിക്കും ഒരു ഭ്രാന്ത് തന്നെയാണ്. പക്ഷേ ആ സര്‍ഗത്മാക വട്ട്, ഇപ്പോള്‍ ചരിത്ര വിജയമാവുകയാണ്. ‘രാമായണം പാര്‍ട്ട് 1 – റൈസ് ഓഫ് ലെജണ്ട്’ എന്ന സിനിമ കണ്ടവേരെക്കെ ഞെട്ടിത്തിരിച്ചിരുിക്കയാണ്. ലോര്‍ഡ്ഓഫ് ദ റിങ്ങ്സിനോടും, അവതാറിനോടുമൊക്കെ കിടപിടിക്കുന്ന ഒരു ചലച്ചിത്ര അത്ഭുതം! ആധുനിക കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യകള്‍ വിളക്കിച്ചേര്‍ത്ത് ഒരു ലോകോത്തര സിനിമയൊരുക്കിയിരിക്കയാണ്, സംവിധായകന്‍ നിതീഷ് തിവാരി.

പക്ഷേ ഈ സിനിമയുടെ മാസ്റ്റര്‍ മൈന്‍ഡ് എന്ന് പറയുന്നത് ഡയറക്ടല്ല. ഇന്ത്യന്‍ വ്യവസായിയും, ഹോളിവുഡ്-ബോളിവുഡ് ചിത്രങ്ങളുടെ നിര്‍മ്മാതാവും, ഓസ്‌ക്കാര്‍ ആവാര്‍ഡുകള്‍ വാരിക്കൂട്ടിയ വിഖ്യാത ബ്രിട്ടീഷ് വിഷ്വല്‍ എഫക്ട്സ് കമ്പനിയായ ഡിഎന്‍ഇജിയുടെ ഉടമയും, സര്‍വ്വോപരി വലിയ ശ്രീരാമഭക്തനുമായ നമിത് മല്‍ഹോത്രയാണ്. ചിത്രത്തിന്റെ പ്രൊഡ്യൂസറായ ഇദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു ലോക നിലവാരത്തിലുള്ള ഒരു ഇന്ത്യന്‍ സിനിമ. പൊതുവേ ലോകോത്തര ഗ്രാഫിക്സ് എന്നൊക്കെ തള്ളിവെക്കുമെങ്കിലും അവസാനം ചവറായിരിക്കും. എന്നാല്‍ ‘രാമായണം റൈസ് ഓഫ് ലെജണ്ട്’ സിനിമയിലെ, തുടക്കത്തിലെ ദേവാസുര യുദ്ധ സമയത്തിലൊക്കെ ഇഫക്ട്സ് ഒന്ന് കാണണം. ദേവേന്ദ്രന്‍ തന്റെ ഐരാവതമെന്ന വെള്ളാനയില്‍ വരുന്നതും, അസുരന്‍മ്മാര്‍ പാതാളത്തിലേക്ക് പലായനം ചെയ്യുന്നതുമൊക്കെ കാണണം. അതും 3 ഡി ഇഫക്റ്റില്‍. വെറുതെ കല്ല് നമ്മുടെ തലയിലേക്ക് വീഴുന്നതുപോലുള്ള ത്രീ ഡി ഇഫക്റ്റുകള്‍ ഇവിടെയില്ല. ശാന്തം, ഗംഭീരം.

സിനിമയുടെ 90 ശതമാനത്തിലധികം ഭാഗങ്ങളിലും അതിനൂതനമായ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വര്‍ണ്ണപ്രഭയാല്‍ തിളങ്ങുന്ന രാവണന്റെ ലങ്കാപുരിയും, പ്രൗഢഗംഭീരമായ അയോധ്യാ നഗരവും, പൂര്‍ണ്ണമായും ഗ്രാഫിക്സിലൂടെയാണ് പുനഃസൃഷ്ടിച്ചിരിക്കുന്നത്. യഥാര്‍ത്ഥ സെറ്റുകളെയും ഡിജിറ്റല്‍ ബാക്ക്ഗ്രൗണ്ടുകളെയും തിരിച്ചറിയാന്‍ കഴിയാത്തവിധം അത്രമേല്‍ സൂക്ഷ്മതയോടെയാണ് ഇത് ചെയ്തിരിക്കുന്നത്.
ചിത്രത്തിലെ തുടക്കത്തിലെ യുദ്ധ രംഗങ്ങള്‍ കാണണം. ഹോളവുഡ് ഹിറ്റുകളില്‍നിന്ന് കിട്ടിയ അതേ ഡോപ്പുമിന്‍ റഷ് ബ്രയിനിന് കിട്ടും. അതുപോലെ രാമനും ലക്ഷ്മണനും, താടകയെ വധിക്കുന്ന സമയത്തുമൊക്കെ കൊടുത്തിരിക്കുന്ന ഇഫക്ട്സ്. ചിത്രത്തിന്റെ ക്ലൈമാക്സിലാണ് അഡ്രിനാലിന്‍ ഹോര്‍മോണുകളുടെ കുത്തൊഴുക്ക്. പുഷ്പക വിമാനത്തില്‍ സീതയെ തട്ടിക്കൊണ്ടുപോവുന്ന രാവണനും, ജടായുവുമായി ഒരു യുദ്ധമുണ്ട്. അമേസിങ്ങ് എന്നാല്‍ അമേസിങ്ങ് എന്ന് പറഞ്ഞുപോവും!

4000 കോടിയുടെ സിനിമ

ഒരു സിനിമക്ക് 4000 കോടി മുടക്കാന്‍ പറ്റുന്ന ആളുകള്‍ ഇന്ത്യയിലുണ്ടാവുമോ? പ്രൊജക്റ്റിന്റെയും ആകെ തുകയാണ്. ഇതില്‍ ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്ന ഒന്നാം ഭാഗത്തിന് മാത്രം ഏകദേശം 2,000 കോടി രൂപയാണ് നിര്‍മ്മാണ ചിലവ് വന്നിരിക്കുന്നത്. ഇത്രയും വലിയ പ്രൊഡക്ഷന്‍ കോസ്്റ്റ് വന്നപ്പോള്‍ പലരും നെറ്റി ചുളിച്ചു. പടം പൊളിഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും. എന്നാല്‍ വ്യവസായിയും, നിര്‍മ്മാതാവും സാങ്കേതിക വിദഗ്ധനുമായ നമിത് മല്‍ഹോത്ര ആ വെല്ലുവിളി ഏറ്റെടുത്തു. ഹോളിവുഡ് നിലവാരത്തിലുള്ള ഒരു ഇന്ത്യന്‍ ചലച്ചിത്രം എന്നതായിരുന്നു അവരുടെ ലക്ഷ്യം.

ഹോളിവുഡിലെ ‘സ്റ്റാര്‍ വേഴ്സ്’, ‘ട്രാന്‍സ്ഫോര്‍മേഴ്സ്’ പോലുള്ള വന്‍കിട സിനിമകള്‍ക്ക് വിഎഫ്എക്സ് ഒരുക്കിയ തന്റെ കമ്പനിയായ ഡിഎന്‍ഇജിയുടെ സാങ്കതിക മികവ് ഉപയോഗിച്ച് ഇന്ത്യന്‍ സിനിമയെ ആഗോളതലത്തില്‍ എത്തിക്കാന്‍ നമിത് മല്‍ഹോത്ര ആഗ്രഹിച്ചു. ഈ സിനിമയുടെ വിത്ത് പാകപ്പെടുന്നത് 2017 മേയ് മാസത്തിലാണ്. ആദ്യഘട്ടത്തില്‍ നമിത് മല്‍ഹോത്രയ്ക്കൊപ്പം പ്രശസ്ത തെലുങ്ക് നിര്‍മ്മാതാവ് അല്ലു അരവിന്ദും, മധു മന്തേനയും ചേര്‍ന്നാണ് രാമായണം ഒരു തത്സമയ ത്രില്ലജിയാക്കാം (മൂന്ന് ഭാഗങ്ങളുള്ള സിനിമ) എന്ന് പ്രഖ്യാപിക്കുന്നത്.വര്‍ഷങ്ങളോളം നീണ്ട തിരക്കഥാ ചര്‍ച്ചകള്‍ക്കും മാറ്റങ്ങള്‍ക്കും ഒടുവില്‍ ചിത്രം മൂന്ന് ഭാഗങ്ങളില്‍ നിന്ന് രണ്ട് ഭാഗങ്ങളുള്ള ഒരു വലിയ സിനിമാ പരമ്പരയായി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

ഒരു സാധാരണ പുരാണ സിനിമ എന്നതിനപ്പുറം, കഥാപാത്രങ്ങള്‍ക്ക് വലിയ വൈകാരിക പശ്ചാത്തലവും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആത്മാവും നല്‍കാന്‍ കഴിയുന്ന ഒരു സംവിധായകനെയാണ് നിര്‍മ്മാതാക്കള്‍ തിരഞ്ഞത്. അങ്ങനെയാണ് അവര്‍ സംവിധായകന്‍ നിതീഷ് തിവാരിയിലേക്ക് എത്തുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായ ദംഗലിന്റെ സംവിധായകനാണ് ഇദ്ദേഹം. ആമിര്‍ ഖാന്‍ പ്രധാന വേഷത്തിലെത്തിയ ഈ സ്പോര്‍ട്സ് ഡ്രാമ ചിത്രം, ഗുസ്തി താരങ്ങളായ ഗീത ഫോഗട്ടിന്റെയും ബബിത ഫോഗട്ടിന്റെയും ജീവിതം ആസ്പദമാക്കിയെടുത്തതാണ്. 2016-ല്‍ ഇറങ്ങിയ ചിത്രത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡ് ഇന്നുവരെ ആര്‍ക്കും ഭേദിക്കാനായിട്ടില്ല. നമിത് മല്‍ഹോത്രയ്ക്ക് നിതീഷ് തിവാരിയുടെ ഈ മേക്കിംഗ് ശൈലിയില്‍ വലിയ വിശ്വാസമുണ്ടായിരുന്നു.

കഥയോട് പൂര്‍ണ്ണമായി നീതി പുലര്‍ത്താന്‍ നിതീഷ് തിവാരി തയ്യാറായതാണ് നിര്‍മ്മാതാക്കളെ ആകര്‍ഷിച്ചത്. വാല്‍മീകി രാമായണത്തെ അടിസ്ഥാനമാക്കി, രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള മുന്നൂറിലധികം രാമായണ പതിപ്പുകളിലെ മനോഹരമായ ഉപകഥകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അദ്ദേഹം തിരക്കഥ തയ്യാറാക്കിയത്. കൂടാതെ ഇതിന്റെ തനിമ നഷ്ടപ്പെടാതിരിക്കാന്‍ അദ്ദേഹം വസിഷ്ഠ യോഗ ശാസ്ത്രങ്ങള്‍ വരെ പഠിക്കുകയും പണ്ഡിതന്മാരുമായി ആലോചിക്കുകയും ചെയ്തു. പിന്നീട് ചിത്രത്തിലേക്ക് രാവണനായി എത്തിയ യാഷും നിതീഷ് തിവാരിയുടെ ഈ ദീര്‍ഘവീക്ഷണത്തിലും തിരക്കഥയിലും ആകൃഷ്ടനായി. വെറുമൊരു നടനായി നില്‍ക്കാതെ ഈ സിനിമയെ ആഗോളതലത്തില്‍ വലിയൊരു വിസ്മയമാക്കാന്‍ യാഷും പങ്കാളിയാവുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് ചിത്രത്തിന്റെ കോ പ്രൊഡ്യുസറായി. ഇപ്പോള്‍ രാവണായി ആടിത്തിമര്‍ത്തതോടെ യാഷിനെ സോഷ്യല്‍ മീഡിയ അഭിനന്ദനങ്ങള്‍കൊണ്ട് പൊതിയുകയാണ്. രമനായ രണ്‍ബീര്‍ കപൂറും സീതനായ സായി പല്ലവിയും മോശമായില്ല എന്നേ പറയാന്‍ കഴിയൂ. പക്ഷേ അവര്‍ രാവണനുമുന്നില്‍ ഒന്നുമായില്ല.

insight kerala

ജടായുപ്പാറയില്‍ ആഘോഷം

കേരളത്തിലെ മിക്ക തിയേറ്ററുകളിലും രാമയാണം കാണാന്‍ ഇപ്പോഴും വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അവധി ദിവസങ്ങളില്‍ മാത്രമല്ല, പ്രവൃത്തി ദിവസങ്ങളിലും ടിക്കറ്റുകള്‍ കിട്ടാന്‍ ഏറെ പ്രയാസകരമായ അവസ്ഥയാണുള്ളത്. കുടുംബപ്രേക്ഷകര്‍ കൂട്ടത്തോടെ തിയേറ്ററുകളിലേക്ക് എത്തുന്നത് ചിത്രത്തിന്റെ വിജയത്തിന് വലിയ കരുത്തായി മാറിയിട്ടുണ്ട്. ഓരോ ദിവസം കഴിയുന്തോറും കളക്ഷന്‍ വര്‍ദ്ധിച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്.

ചിത്രത്തിന്റെ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍, വിജയാഘോഷം കേരളത്തിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ജടായുപ്പാറയില്‍ സംഘടിപ്പിക്കാന്‍ ആലോചനയുള്ളതായി കേരളത്തിലെ വിതരണക്കാരായ എ.വി.എ പ്രൊഡക്ഷന്‍സ് സാരഥി ഡോ. എ.വി. അനൂപ് വ്യക്തമാക്കി. രാമായണ ഇതിഹാസവുമായി ബന്ധപ്പെട്ടു കിടക്കുന്ന ജടായുപ്പാറയില്‍ തന്നെ ആഘോഷം നടത്തുന്നത് ഏറെ ഉചിതമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ചിത്രത്തിലെ പ്രധാന താരങ്ങളായ രണ്‍ബീര്‍ കപൂര്‍, യഷ് എന്നിവരെയും പ്രമുഖ സാങ്കേതിക വിദഗ്ദ്ധരെയും കേരളത്തിലെത്തിച്ച് സര്‍ക്കാര്‍ പങ്കാളിത്തത്തോടെ വിപുലമായ രീതിയില്‍ വിജയാഘോഷം സംഘടിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

കേരളത്തിന്റെ മതേതര സ്വഭാവത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായി ‘രാമായണം’ വിജയത്തെ കാണാനാകുമെന്ന് ഡോ. എ.വി. അനൂപ് പറഞ്ഞു. ചിത്രത്തിനെതിരെ ഒരു തരത്തിലുള്ള വിമര്‍ശനങ്ങളും ഇവിടെ ഉയര്‍ന്നില്ല എന്നത് ഏറെ സന്തോഷകരമാണ്. സിനിമയെ ഇരുകൈയും നീട്ടി സ്വീകരിച്ച കേരളത്തിലെ പ്രേക്ഷകരോട് അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ചിത്രമെന്ന് റിലീസിന് മുന്‍പ് തന്നെ ഉറപ്പായതിനാല്‍ ‘രാമായണ’യുടെ കേരള വിതരണം ഏറ്റെടുക്കാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനവും ചാരിതാര്‍ത്ഥ്യവുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് സാരഥി മുകേഷ് ആര്‍. മേത്ത വഴിയാണ് ഈ അവസരം തന്നിലേക്ക് വന്നുചേര്‍ന്നതെന്നും, ആദ്യമായാണ് താന്‍ സിനിമ വിതരണം ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share This Article