‘മഹേശന്റെ മരണം പ്രത്യേകസംഘം അന്വേഷിക്കണം; വെള്ളാപ്പള്ളി നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നു’

insight kerala
V. M. Sudheeran INC

ബജറ്റിലെ മദ്യനയത്തിനും കരിമണല്‍ ഖനനം സ്വകാര്യ മേഖലക്ക് തീറെഴുതിയതിലും പ്രകടിപ്പിച്ച എതിർപ്പിന് പിന്നാലെ കെ കെ മഹേശന്റെ ആത്മഹത്യ കേസിലും സതീശൻ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ . എസ് എൻ ഡി പി യോഗം മുൻ മൈക്രോഫിനാൻസ് കോർഡിനേറ്റർ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലെ പോരായ്മ തുറന്നുകാട്ടി സുധീരൻ മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ചു. ജൂൺ ആറിന് വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് സുധീരൻ കത്തിൽ പറയുന്നു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് അവശ്യം. കത്തിന്റെ പകർപ്പ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സുധീരൻ കൈമാറിയിട്ടുണ്ട്. വെള്ളാപ്പള്ളി നടേശൻ നിയമസംവിധാനത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭരണസംവിധാനം ഉണർന്നു പ്രവർത്തിക്കാൻ വൈകരുതെന്നും സുധീരൻ കത്തിലൂടെ ആവശ്യപ്പെട്ടു.

കത്തിൻ്റെ പൂർണ്ണ രൂപം

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന വെള്ളാപ്പള്ളി നടേശന്റെയും കൂട്ടരുടേയും മാനസിക പീഡനത്തിന്റെയും ഭീഷണിയുടേയും ഫലമായി ജീവന്‍ വെടിയേണ്ടിവന്ന എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കൂടിയായിരുന്ന കെ.കെ.മഹേശന്റെ ഭാര്യ ഉഷാദേവിയുടെ സങ്കടഹര്‍ജി അടിയന്തിര നടപടികള്‍ക്കായി ഇതോടൊപ്പം അയയ്ക്കുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

മഹേശനെ ആത്മഹത്യയിലേയ്ക്ക് എത്തിച്ചതിന്റെ കാരണക്കാരായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുവേണ്ടി സംസ്ഥാന ഭരണാധികാരികള്‍ക്കു മുന്നില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും ഇതുവരെ ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഏറ്റവുമൊടുവില്‍ 06.06.2026-ല്‍ ബഹു.മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായതായി കാണുന്നില്ല. വെള്ളാപ്പള്ളി പ്രീണനവുമായി മുന്നോട്ടുപോയ പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിഷ്‌ക്രിയമായ സമീപനം ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇപ്പോഴും മഹേശന്റെ കുടുംബം.

ഇനിയെങ്കിലും ആ കുടുംബത്തിന് നീതി ലഭിക്കുന്നതിനുവേണ്ടി സത്യസന്ധരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരുടെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് അഭ്യർഥിക്കുന്നു.

ഹതഭാഗ്യനായ മഹേശനെതിരെ മനുഷ്യത്വരഹിതമായ അധിക്ഷേപങ്ങള്‍ ഇപ്പോഴും വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുകയാണ്. നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വെള്ളാപ്പള്ളി സ്വീകരിച്ചുവരുന്നത്. ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് വെള്ളാപ്പള്ളിയുടെ പോക്ക്. നിയമവാഴ്ച ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട ഭരണസംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇനിയും വൈകരുതെന്നാണ് എന്റെ അപേക്ഷ. ഉഷാദേവിയുടെ സങ്കടഹര്‍ജിയില്‍ എത്രയും വേഗത്തില്‍ത്തന്നെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് താല്‍പര്യപ്പെടുന്നു.

Share This Article