ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച ഒന്നുമല്ല; ഇത് 1400 കോടിയുടെ കുംഭകോണം; സ്വര്‍ണ്ണവും വെള്ളിയും കാണാനില്ല; അയോധ്യയിലെ രാമക്ഷേത്ര തട്ടിപ്പില്‍ ഞെട്ടല്‍!

insight kerala

എം മാധവദാസ്

ന്യുഡല്‍ഹി: കേരളത്തില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള തിരഞ്ഞെടുപ്പ് വിഷയമാക്കുന്ന ബിജെപിക്ക് ഞെട്ടലായി, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ കാണിക്ക തട്ടിപ്പിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ഭക്തര്‍ കാണിക്കയായി നല്‍കിയ സ്വര്‍ണ്ണവും വെള്ളിയും അടങ്ങുന്ന, 1400 കോടിയോളം രൂപയുടെ മോഷണമാണ് ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ കുംഭമേളയുടെ സമയത്താണ് ക്ഷേത്രത്തില്‍ വന്‍ തട്ടിപ്പുകള്‍ നടന്നതെന്നാണ് നിഗമനം. അന്വേഷണം പുരോഗമിക്കവേ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും ഭാരവാഹികളും അയോധ്യ വിട്ടുപോകരുതെന്ന് എസ്.ഐ.ടി നിര്‍ദേശിച്ചു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന് കൈമാറിയിട്ടുണ്ട്.

ആദ്യം 200 കോടി രൂപയൂടെ വെട്ടിപ്പെന്നാണ് ആദ്യമുയര്‍ന്ന ആരോപണം ഇപ്പോള്‍ 1,400 കോടിയുടെവരെ ക്രമക്കേടിലേക്ക് വരെ എത്തിയേക്കുമെന്ന വിധത്തിലാണ് റിപ്പോര്‍ട്ടുകള്‍. ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണ്ണം, വെള്ളി, വജ്രം ഉള്‍പ്പെടെ ക്ഷേത്രത്തില്‍നിന്ന് കടത്തിയിട്ടുണ്ട്.
വ്യാജ ഉരുപ്പടികളടക്കമുപയോഗിച്ച് നടത്തിയ ക്രമക്കേടിന് ക്ഷേത്രത്തിലെ തിരക്കും മറയാക്കി. കഴിഞ്ഞദിവസം നടന്ന ചോദ്യംചെയ്യലിലും ക്ഷേത്ര ഭാരവാഹികള്‍ പലരുംതൃപ്തികരമായ മറുപടി നല്‍കിയിട്ടില്ല. ക്ഷേത്രം ട്രസ്റ്റ് അംഗങ്ങളും ഭാരവാഹികളും അയോധ്യ വിട്ടുപോകരുതെന്ന് ഇന്നലെ ക്ഷേത്രത്തിലെത്തിയ മൂന്നംഗ പ്രത്യേക അന്വേഷണ സംഘം നിര്‍ദേശം നല്‍കി. ക്ഷേത്ര ഭാരവാഹികളെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയേക്കും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കാണിക്ക എണ്ണി തിട്ടപ്പെടുത്തുന്ന രീതി പരിഷ്‌കരിക്കാനും മേല്‍നോട്ടത്തിനായി പ്രത്യകം ആളുകളെ നിയോഗിക്കാനും എസ്.ഐ.ടി ശുപാര്‍ശ ചെയ്തു. പെട്ടികളില്‍നിന്ന് സംഭാവന പുറത്തെടുക്കുമ്പോള്‍ വിഡിയോ റെക്കോഡ് ചെയ്യണം. കാണിക്ക തിട്ടപ്പെടുത്തുന്ന മുറിയിലേക്ക് കീശയില്ലാത്ത വസ്ത്രങ്ങളുമായി മാത്രമേ പ്രവേശനം അനുവദിക്കാവു. സംഭാവനകള്‍ ഓരോ ആഴ്ചയും ഓഡിറ്റ് ചെയ്യണം. ക്ഷേത്രത്തില്‍ സിസിടിവി ക്യാമറകള്‍ വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്. അന്വേഷണത്തിന്റെ ദൈനംദിന റിപ്പോര്‍ട്ട് എസ്.ഐ.ടി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനെ അറിയിക്കുന്നുണ്ട്. 15 ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം ഉറപ്പുനല്‍കിയിരുന്നു.

ജീവനക്കാര്‍ ലക്ഷങ്ങള്‍ അടിച്ചുമാറ്റി

അയോധ്യ രാമക്ഷേത്രത്തിലെ ഈ വന്‍ സാമ്പത്തിക ക്രമക്കേട് പുറംലോകമറിഞ്ഞത് ഒരു ‘വിസില്‍ബ്ലോവര്‍’ വഴിയും പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ രാഷ്ട്രീയ ഇടപെടലുകളിലൂടെയുമാണ്. ക്ഷേത്രത്തിലെ മുന്‍ അക്കൗണ്ട്സ് ഇന്‍-ചാര്‍ജ് ആയിരുന്ന മഹിപാല്‍ സിംഗ് ആണ് ഈ തട്ടിപ്പ് ആദ്യമായി വെളിപ്പെടുത്തിയത്. പണം എണ്ണുന്ന പ്രക്രിയയില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃത്രിമം നടക്കുന്നത് താന്‍ നേരിട്ട് കണ്ടെത്തിയതായി അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഒരു ദിവസം എണ്ണിയ തുകയേക്കാള്‍ 5 ലക്ഷം രൂപ കുറച്ച് വൗച്ചര്‍ എഴുതിയത് താന്‍ പിടികൂടിയിരുന്നു. ഈ ക്രമക്കേട് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയെയും മറ്റ് ഭാരവാഹികളെയും അറിയിച്ചെങ്കിലും, നടപടിയെടുക്കുന്നതിന് പകരം തന്നെ ജോലിയില്‍ നിന്ന് അപ്രത്യക്ഷമായി നീക്കുകയാണുണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. ഇതോടെ രാമക്ഷേത്രക്കൊള്ള വലിയ ചര്‍ച്ചയായി.

അയോധ്യ രാമക്ഷേത്രത്തിലെ ഫണ്ട് വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള ജീവനക്കാരുടെ ഞെട്ടിക്കുന്ന സ്വത്ത് വിവരങ്ങളാണ് എസ്‌ഐടി അന്വേഷണത്തില്‍ പുറത്തുവരുന്നത്. പ്രതിമാസം വെറും 15,000 മുതല്‍ 20,000 രൂപ വരെ മാത്രം ശമ്പളമുള്ള സാധാരണ ജീവനക്കാരാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ കോടികളുടെ സ്വത്തുക്കള്‍ സമ്പാദിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഭക്തര്‍ നേരിട്ട് നല്‍കുന്ന വലിയ തുകകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ രേഖപ്പെടുത്താതെ നേരിട്ട് തട്ടിയെടുക്കുകയും ഇവരുടെ രീതിയാണ്.

ലവ്കുഷ് മിശ്ര, മുമ്പ് കാര്‍ മെക്കാനിക്കായിരുന്നു. ഇയാള്‍ പിന്നീട് ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്ന വിഭാഗത്തിലെ ജീവനക്കാരനായി മാറി. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 10 മുതല്‍ 12 ലക്ഷം രൂപ വരെ പണമായി കണ്ടെടുത്തത്ത്. നോട്ടുകെട്ടുകള്‍ വീട്ടിലെ ചാണകക്കുഴിക്കുള്ളിലാണ് ഒളിപ്പിച്ചിരുന്നത്! ഇയാള്‍ അയോധ്യയില്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി സ്വന്തമാക്കുകയും അവിടെ വീട് നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ എത്രമാത്രം അടിച്ചുമാറ്റിയെന്ന് ഓര്‍ക്കണം. എന്നാല്‍ കുടുംബ സ്വത്ത് പണയം വെച്ചാണ് ഈ തുക ഉണ്ടാക്കിയതെന്നാണ് ഇയാളുടെ പിതാവ് അവകാശപ്പെടുന്നത്.

ഭക്തര്‍ സമര്‍പ്പിക്കുന്ന സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള കാണിക്കകള്‍ ശേഖരിക്കുന്ന വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന മറ്റൊരു ജീവക്കാരന്‍, അടുത്തിടെ അയോധ്യയില്‍ 1.5 കോടി രൂപ വിലമതിക്കുന്ന വലിയൊരു ഭൂമി വാങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ക്ക് ശമ്പളം വെറും 20,000 രൂപയില്‍ താഴെയായിരുന്നു. രാം ശങ്കര്‍ യാദവ് എന്ന പിന്നുവാണ് മറ്റൊരു ആരോപിതന്‍. 1991 മുതല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇയാള്‍ സെക്യൂരിറ്റി ചീഫ് കൂടിയായിരുന്നു. മാന്‍പവര്‍ സപ്ലൈ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന ഇയാള്‍ക്കെതിരെയും മറ്റ് ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് എസ്‌ഐടിയുടെ കര്‍ശന അന്വേഷണം നടക്കുന്നുണ്ട്.

പ്രതികളില്‍ ചിലരില്‍ നിന്നായി ആഡംബര കാറുകളും, വിലകൂടിയ മൂന്ന് ഐഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പണം എണ്ണുന്ന മറ്റ് 50-ഓളം ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളും അവരുടെ കുടുംബാംഗങ്ങളുടെ പേരിലുള്ള സ്വത്തുക്കളും എസ്‌ഐടി ഇപ്പോള്‍ പരിശോധിച്ചുവരികയാണ്

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്ത്

വസ്ത്രങ്ങള്‍ക്കുള്ളിലും ശരീരത്തിലും ഒളിപ്പിച്ചാണ് കാണിക്കാപ്പണം, പുറത്തുകടത്തിയത് എന്നാണ് പ്രാഥമിക സൂചനകള്‍. കനത്ത സുരക്ഷയുള്ള ക്ഷേത്ര സമുച്ചയത്തില്‍ മറ്റ് ജീവനക്കാരുടെയും ക്യാമറകളുടെയും കണ്ണ് വെട്ടിച്ച് ഇത് എങ്ങനെ സാധ്യമായി എന്ന് എസ്ഐടി പരിശോധിക്കുന്നുണ്ട്. ജീവനക്കാരില്‍ ഭൂരിഭാഗവും പരസ്പരം ഒത്തുകളിച്ചാണ് ഇത് ചെയ്തത്. അതിനാല്‍ ഒരാള്‍ ചെയ്യുന്നത് മറ്റൊരാള്‍ ഒറ്റിയില്ല. ക്യാഷ് കൗണ്ടിംഗ് ഏരിയയിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്കും ഇതില്‍ പങ്കുണ്ട്. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ജീവനക്കാരെ കൃത്യമായി ശാരീരിക പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല.

insight kerala

ഒറ്റയടിക്ക് വലിയ തുകകള്‍ കടത്തുന്നതിന് പകരം, ദിവസവും ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ (500 രൂപ നോട്ടുകള്‍) മാത്രമാണ് വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചത്. ഈ രീതിയില്‍ ദിവസേന ചെറിയ തുകകള്‍ മാറ്റിവെച്ചാണ് മാസങ്ങള്‍ കൊണ്ട് കോടിക്കണക്കിന് രൂപയുടെ വന്‍ തട്ടിപ്പായി ഇത് മാറിയത്. വസ്ത്രത്തിനുള്ളില്‍ കടത്തിയ പണം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാതെ വീടുകളിലാണ് സൂക്ഷിച്ചിരുന്നത്. പിടിയിലായ ഒരു ജീവനക്കാരന്റെ വീട്ടിലെ പശുത്തൊഴുത്തിലെ കച്ചിത്തുറുവിനടിയിലാണ് 10 ലക്ഷം രൂപ ഒളിപ്പിച്ചിരുന്നത്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍ നിന്ന് 2 കോടി രൂപയോളം പോലീസിന് കണ്ടുകെട്ടാന്‍ കഴിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ എസ്.ഐ.ടി റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ ഇതിന്റെ കൂടുതല്‍ ശാസ്ത്രീയമായ വിവരങ്ങള്‍ ലഭ്യമാകും. മുന്‍ ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്രത്തിലെ ചില ഉന്നത സ്വാധീനമുള്ള വ്യക്തികള്‍ക്ക് ഈ ക്രമക്കേടില്‍ പങ്കുണ്ടെന്ന് ആരോപിച്ചിട്ടുണ്ട്.

പണം എണ്ണുന്നയിടത്തെ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാന്‍ കഴിഞ്ഞ 7-8 മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ ബോധപൂര്‍വ്വം ഡിലീറ്റ് ചെയ്തു. പണം സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമിലും അതിന്റെ പ്രധാന കവാടത്തിലും ചില ജീവനക്കാര്‍ മനപ്പൂര്‍വ്വം പ്രവര്‍ത്തിക്കാത്ത വ്യാജ ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. പണം എണ്ണുന്ന സമയത്ത് ക്യാമറകളുടെ ആംഗിള്‍ മാറ്റിവെച്ചും തട്ടിപ്പ് മറയ്ക്കാന്‍ ശ്രമിച്ചതായി അന്വേഷണ സംഘം സംശയിക്കുന്നു. ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള ആഭരണങ്ങളുടെ ഔദ്യോഗിക വിവരങ്ങള്‍ പലതും രജിസ്റ്ററില്‍ നിന്ന് അപ്രത്യക്ഷമായി. ഈ രീതിയിലുള്ള വലിയ തട്ടിപ്പാണ് അയോധ്യയില്‍ നടന്നത്. ഇത് യോഗിആദിത്യനാഥ് സര്‍ക്കാറിന് വലിയ രീതിയില്‍ പ്രതിഛായ നഷ്ടപ്പെടാന്‍ ഇടയാക്കിയിരിക്കയാണ്. അടുത്ത വര്‍ഷം യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബിജെപി പ്രതിരോധത്തിലായിരിക്കയാണ്.

Share This Article