ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് പോയ ഇൻഡിഗോ വിമാനത്തിനുള്ളിൽ സ്വന്തം കൈവശമുണ്ടായിരുന്ന മദ്യം കഴിച്ച രണ്ട് യാത്രക്കാർക്കെതിരെ ഗോവ പൊലീസ് കേസെടുത്തു. ഡൽഹി സ്വദേശികളായ തർസെം സിങ് (38), ജസ്പാൽ സിങ് (44) എന്നിവരാണ് വിമാനത്തിനുള്ളിൽ മദ്യം കഴിച്ചത്. മദ്യപാനം നിർത്തണമെന്ന് ക്യാബിൻ ക്രൂ പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും ഇരുവരും അനുസരിച്ചില്ലെന്നാണ് പരാതി.
വിമാനം ഗോവയിലെ ദബോലിം വിമാനത്താവളത്തിൽ എത്തിയതിനു പിന്നാലെ ഇൻഡിഗോ അധികൃതർ പൊലീസിൽ പരാതി നൽകി. തുടർന്ന് BNS 355-ാം വകുപ്പ് പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തു. ന
ഇന്ത്യയിലെ ആഭ്യന്തര വിമാനങ്ങളിൽ യാത്രക്കാർ മദ്യം കഴിക്കുന്നത് 1937ലെ എയർക്രാഫ്റ്റ് റൂൾസിലെ 24-ാം വകുപ്പ് പ്രകാരം നിരോധിച്ചിട്ടുണ്ട്. വിമാനയാത്രയ്ക്കിടെ യാത്രക്കാർക്ക് മദ്യം നൽകുന്നതിനും ആഭ്യന്തര വിമാനക്കമ്പനികൾക്ക് അനുമതിയില്ല.
എന്നാൽ രാജ്യാന്തര വിമാനങ്ങളിൽ ഈ പ്രത്യേക നിരോധനം ബാധകമല്ല. വിമാനക്കമ്പനികളുടെ നയങ്ങൾക്കും മറ്റ് നിയന്ത്രണങ്ങൾക്കും വിധേയമായി യാത്രക്കാർക്ക് മദ്യം നൽകാം. എന്നാൽ പുറത്തുനിന്ന് കൊണ്ടുവരുന്ന മദ്യം വിമാനത്തിനുള്ളിൽ കഴിക്കാൻ പാടില്ല.
മദ്യലഹരിയിലുള്ളവരെ വിമാനത്തിൽ പ്രവേശിപ്പിക്കുന്നതിനും വിമാനത്തിനുള്ളിൽ തുടരുന്നതിനും നിയന്ത്രണമുണ്ട്. ക്യാബിൻ ക്രൂ നൽകുന്ന നിർദേശങ്ങൾ യാത്രക്കാർ നിർബന്ധമായും പാലിക്കണം.

