തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ ദുരൂഹ സാഹചര്യത്തിൽ കാണാതായത് 2891 പേർ. ഇതുവരെ കണ്ടെത്താൻ ആകാത്തവരുടെ കണക്കുകളാണ് ഇത്. 2026 മാർച്ച് വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഈ കണക്ക് നേരത്തെ പുറത്ത് വിട്ടിരുന്നില്ല. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് കണക്കുകൾ പുറത്തുവന്നത്. സംസ്ഥാന ക്രൈം റിക്കോർഡ്സ് ബ്യൂറോയാണ് കണക്ക് നൽകിയത്. 117733 പേരാണ് കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് കാണാതായത്. ഇതിൽ 114842 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെയും ഒരു തുമ്പും ലഭിക്കാത്ത കേസുകളാണ് 2891 പേർ. ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുണ്ട്. വീട് വിട്ട് പിണങ്ങി പോയവരും തിരിച്ചു വന്നവരുമാണ് പലരും. ഇപ്പോൾ പുറത്തുവന്ന കണക്കുകളിൽ ഏറ്റവും ഒടുവിലത്തെ കണക്കുകൾ ഉൾപ്പെട്ടിട്ടില്ല.
വളരെ ഗൗരവമുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പോലീസ് അന്വേഷണം നടത്തുകയും പിന്നീട് ഇടയ്ക്ക് വെച്ച് അന്വേഷണം നിർത്തുകയും ചെയ്ത പല കേസുകളും ഉണ്ട്. വിവരാവകാശ രേഖപ്രകാരം ക്രൈം റെക്കോർഡ് ബ്യൂറോയെ സമീപിച്ചിരുന്നെങ്കിലും കണക്കുകൾ നൽകാൻ ആകില്ല എന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടതിനുശേഷം ആണ് കണക്കുകൾ ലഭ്യമായത്.

