തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഉണ്ടായപ്പോൾ താഴെത്തട്ട് വരെ വിമർശനങ്ങൾ ഉയർന്നുവരണമെന്നും എന്ത് വിമർശനവും ഉന്നയിക്കാമെന്നും സംസ്ഥാന സെക്രട്ടറി നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് ലോക്കൽ കമ്മിറ്റി വരെ ചേർന്നപ്പോൾ കടുത്ത വിമർശനമാണ് സംസ്ഥാന നേതൃത്വത്തിന് നേരെയുണ്ടായത്. എന്നാൽ ആ ചർച്ചകൾ ക്രോഡീകരിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ അവലോകന റിപ്പോർട്ടിൽ പലതും ഒഴിവാക്കി. ഇത് സംസ്ഥാന സമിതി ചോദ്യം ചെയ്യുകയും അതനുസരിച്ച് തിരുത്തലുകൾ വരുത്തുകയും ചെയ്തിരുന്നു. അങ്ങനെ തിരുത്തിയ അവലോകന റിപ്പോർട്ടിൻ്റെ പ്രസക്തഭാഗങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ച പറ്റിയെന്നും ജില്ലാ നേതൃത്വത്തിന്റെ തെറ്റുകൾ തിരുത്താൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല എന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വിമർശനം. കണ്ണൂർ ഘടകത്തിലുണ്ടായ വിമത പ്രശ്നങ്ങളും അവിടെ ഉയർന്ന വിമർശനങ്ങളും വേണ്ട രീതിയിൽ ഉൾക്കൊള്ളാൻ സംസ്ഥാന നേതൃത്വത്തിന് കഴിയാതെ പോയി. പ്രശ്നം പരിഹരിക്കാൻ നേതൃത്വം ഇടപെടൽ നടത്തിയില്ല. വിമത പ്രശ്നം പാർട്ടിക്കുള്ള മതിപ്പ് നഷ്ടപ്പെട്ടു എന്നും അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ചർച്ചകളിൽ പങ്കെടുത്തപ്പോഴും പാർട്ടിയ്കുള്ളിലെ വിഭാഗീയത പ്രകടമായി എന്നും അവലോകന റിപ്പോർട്ടിൽ പരാമർശം ഉണ്ട്. ചർച്ചകളിൽ പങ്കെടുത്തവർ സോഷ്യൽ മീഡിയയിൽ വരുന്ന കാര്യങ്ങൾ അതേപടി അവതരിപ്പിക്കുകയാണ് ഉണ്ടായത്. കാര്യക്ഷമമായ ഇടപെടൽ ചർച്ചയിൽ പങ്കെടുത്തവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്ന വിമർശനവും ഉണ്ട്. ചർച്ചകളിൽ വിഭാഗീയതയാണ് മുന്നിട്ട് നിന്നതെന്നും റിപ്പോർട്ടിൻ്റെ ആമുഖത്തിൽ തന്നെ പറയുന്നു.

