എം മാധവദാസ്
ഒരുകാലത്ത് പ്രതാപത്തില്‍ അക്രമങ്ങളും അഴിമതികളും നടത്തി രാജാക്കന്‍മ്മാരായി വാഴുക. പിന്നീട് നിഷ്‌ക്കാസനം ചെയ്യപ്പെടുക. ബംഗാളില്‍ മാത്രം കണ്ടുവരുന്ന പ്രവണതയാണിത്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു, ബംഗാള്‍. അവിടെ ഇപ്പോള്‍ കെട്ടിവെച്ച കാശ് ഒന്നോ രണ്ടോ ഇടത്ത് മാത്രം തിരിച്ചുകിട്ടുന്ന രീതിയില്‍ കോണ്‍ഗ്രസ് നിഷ്‌ക്കാസനം ചെയ്യപ്പെട്ടു. പിന്നീട് 33 വര്‍ഷക്കാലം സിപിഎമ്മിന്റെ കുത്തക ഭരണമായിരുന്നു. അവിടെ സിപിഎമ്മിന് വെറും ഒരു എംഎല്‍എമാത്രമാണുള്ളത്. അതേ അവസ്ഥയാണോ 15 വര്‍ഷം ബംഗാള്‍ ഭരിച്ച മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെയും കാത്തിരിക്കുന്നത് എന്നതാണ് ചോദ്യം.
ഇപ്പോള്‍ ബിജെപി അധികാരം പിടിച്ചതോടെ, മമതബാനര്‍ജിയുടെ പാര്‍ട്ടിയില്‍നിന്ന് വലിയ രീതിയിലുള്ള കൊഴിഞ്ഞുപോക്കാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനം കണ്ടിടത്തുവെച്ച് തൃണമൂല്‍ നേതാക്കളെ തല്ലിച്ചതക്കയാണ്. കഴിഞ്ഞ ദിവസം മമതയുടെ മരുമകനും, ‘ബംഗ്ലാദേശിലെ സഞ്ജയ് ഗാന്ധി’ എന്ന് അറിയപ്പെട്ടിരുന്ന, ഡയമണ്ട് ഹാര്‍ബര്‍ എംപിയാ അഭിഷേക് ബാനര്‍ജിയെ ജനം ഓടിച്ചിട്ട് തല്ലിച്ചതച്ചിരുന്നു. ഹെല്‍മറ്റ് വെച്ചിട്ടുകൂടി വലിയതോതിലുള്ള പരിക്ക് അഭിഷേകിനുണ്ടായി. അയാള്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. അതിന് പിന്നാലെ, മുതിര്‍ന്ന നേതാവ് കല്യാണ്‍ ബാനര്‍ജിയെയും ജനം ആക്രമിച്ചിരുന്നു.
ഇക്കഴിഞ്ഞ ആഴ്ച ഫാള്‍ട്ട എന്ന നിയസഭാമണ്ഡലത്തില്‍ ഉപ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ തൃണമൂലിന് നാലാം സ്ഥാനമാണ് കിട്ടിയത്. അവിടെ ബൂത്തിലിരിക്കാന്‍ പോലും ആളെ കിട്ടിയില്ല. അതുകൊണ്ടാണ് തൃണമൂല്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചതെന്ന് ബിജെപി ആരോപിച്ചിരുന്നു. ഫാള്‍ട്ടയില്‍ രണ്ടാമത് എത്തിയത്, സിപിഎമ്മാണ്. മൂന്നാമത് കോണ്‍ഗ്രസും. ബിജെപി ഭരണം വന്നതോടെ 150 ഓളം ഓഫീസുകളാണ് സിപിഎം തുറന്നത്. ഇതോടെ തൃണമൂല്‍ നിഷ്‌ക്കാസനം ചെയ്യപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
തൃണമൂല്‍ പിളര്‍പ്പിലേക്ക്
അതിനിടയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. കനത്ത തോല്‍വിക്ക് പിന്നാലെ മമത ബാനര്‍ജി ക്യാമ്പ് കടുത്ത ആശങ്കയില്‍ മമത വിളിച്ച എംഎല്‍എമാരുടെ യോഗത്തില്‍ ഭൂരിപക്ഷവും പങ്കെടുക്കാത്തതില്‍ നേതൃത്വത്തിന് കടുത്ത ആശങ്കയുണ്ട്. യോഗത്തില്‍ പങ്കെടുത്തത് 80ല്‍ 20പേര്‍ മാത്രമാണ്. തൃണമൂലിന്റെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതിന്റെ ലക്ഷണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

പ്രാദേശിക നേതാക്കളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്കിന് പിന്നാലെ നേതാക്കള്‍ പരസ്യമായി തമ്മിലടി തുടങ്ങിയതോടെ മമത ബാനര്‍ജിയും അഭിഷേക് ബാനര്‍ജിയും കടുത്ത പ്രതിസന്ധിയിലായി. ഇന്നലെയാണ് ബരാസത് എംപിയും ടിഎംസി വനിതാ വിഭാഗം ദേശീയ അധ്യക്ഷയുമായിരുന്ന കാകോലി ഘോഷ് ദസ്തിദാര്‍ ശ്രീറാംപൂര്‍ എംപിയും മുതിര്‍ന്ന നേതാവുമായ കല്യാണ്‍ ബാനര്‍ജിക്കെതിരെ ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്ക് പരാതി നല്‍കിയത്. പാര്‍ലമെന്റിനകത്ത് നിരന്തരം കല്യാണ്‍ ബാനര്‍ജി വനിതാ നേതാക്കളെ അപമാനിച്ചെന്നാണ് പരാതിയിലുള്ളത്. ലോക്‌സഭാ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും കാകോലിയെ മാറ്റി കല്യാണ്‍ ബാനര്‍ജിയെ നിയമിച്ചതിന് പിന്നാലെയാണ് പരാതി നല്‍കിയത്. ആരുടെയോ പ്രേരണയാലാണ് പരാതിയെന്ന് കല്യാണ്‍ ബാനര്‍ജി തിരിച്ചടിച്ചു. കല്യാണ്‍ ബാനര്‍ജിക്കെതിരെ പോലീസിലും പരാതി നല്‍കുമെന്ന് കാകോലി പറഞ്ഞു.
കാകോലിക്ക് പിന്നാലെ ദേശീയ വക്താവ് സ്ഥാനത്തുനിന്നും രാജിവച്ച മുന്‍ എംപി ശന്തനു സെന്നും അഴിമതിയില്‍ മുങ്ങികുളിച്ച ടിഎംസിയെ ബംഗാളിലെ ജനം തള്ളികളഞ്ഞെന്ന് തുറന്നടിച്ചു. മറ്റൊരു വക്താവ് ബിശ്വജിത് ദേബ് പാര്‍ട്ടി ചിന്നഭിന്നമാകാന്‍ അധികം സമയം വേണ്ടെന്നും, ഇത്രയും അഴിമതി നടന്നിട്ടും മമതയും അഭിഷേകും അറിഞ്ഞില്ലെന്ന് കരുതാനാകില്ലെന്നും പറഞ്ഞു. അതേസമയം ടിഎംസിയിലെ പൊട്ടിത്തെറി നിരീക്ഷിക്കുന്ന ബിജെപി ചാടാന്‍ തയാറായ നേതാക്കളെ ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. വിവിധ ജില്ലകളിലായി പര്യടനം തുടരുന്ന മുഖ്യമന്ത്രി സുവേന്ദു അധികാരി നേതാക്കളുമായി നേരിട്ട് കൂടികാഴ്ചകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. നിലവിലെ എംഎല്‍എമാരില്‍ പകുതിയോളം പേര്‍ ബിജെപിയില്‍ പോവുമെന്നും ആശങ്കയുണ്ട്.

