ഗതാഗത വകുപ്പിന് കേന്ദ്രത്തിന്റെ തിരിച്ചടി. 15 വർഷം പഴക്കമുള്ള സർക്കാർ വാഹനങ്ങൾക്ക് ഇളവ് നൽകിയ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് കേന്ദ്രം റദ്ദാക്കി. 15 വർഷം കഴിഞ്ഞാൽ സർക്കാർ വാഹനങ്ങൾക്ക് ഇളവില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. സർക്കാർ വാഹനങ്ങൾക്ക് മാത്രം ഇളവ് നൽകികൊണ്ടുള്ള ഭേദഗതി പിൻവലിക്കാൻ കേന്ദ്രം ഉത്തരവിട്ടു. വാഹനം മോഡിഫിക്കേഷൻ സംബന്ധിച്ച മുഖ്യമന്ത്രിയുടെ വാഗ്ദാനം നടപ്പാക്കാൻ സാധ്യതയില്ല.
15 വർഷം കഴിഞ്ഞാൽ സർക്കാർ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല. അത് പൊളിക്കാൻ പാടില്ല എന്നാണ് കേന്ദ്രത്തിന്റെ നിയമം. മോട്ടോർ വാഹന വകുപ്പിൻ്റെ നിയമത്തിൽ ഉൾപ്പെടുന്നതാണ് ഇത്. എന്നാൽ ഈ ഉത്തരവ് മറികടന്നാണ് കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കെ ബി ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരുന്നപ്പോൾ 15 വർഷം കാലപ്പഴക്കം സർക്കാർ വാഹനങ്ങൾക്ക് ഇളവ് നൽകി ഭേദഗതി വരുത്തിയത്. ഈ വിചിത്രമായ ഉത്തരവിനെ എതിർത്തുകൊണ്ട് അന്ന് ഉദ്യോഗസ്ഥർ രംഗത്ത് വന്നെങ്കിലും മന്ത്രി അത് തിരുത്താൻ തയ്യാറായിരുന്നില്ല. 20 വർഷം വരെ സർക്കാർ വാഹനങ്ങൾ ഉപയോഗിക്കാം എന്നാണ് മന്ത്രി ഭേദഗതി വരുത്തിയത്.
മാത്രവുമല്ല 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങളുടെ മുഴുവൻ വിവരങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്രത്തോട് മന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇത് നിരസിച്ച കേന്ദ്രം ഉത്തരവ് തള്ളി കഴിഞ്ഞ മാർച്ചിൽ തന്നെ മോട്ടോർ വാഹന വകുപ്പിന് അറിയിപ്പു നൽകിയിരുന്നു. മൂന്നുമാസത്തോളം ഈ ഉത്തരവ് മോട്ടോർ വാഹന വകുപ്പ് പൂഴ്ത്തി വയ്ക്കുകയായിരുന്നു.
നിലവിൽ ആരോഗ്യവകുപ്പിലും റവന്യൂ വകുപ്പിലും ഉൾപ്പെടെ നിരവധി വാഹനങ്ങൾ 15 വർഷത്തിൽ ഏറെ പഴക്കമുള്ളതാണ്. കെഎസ്ആർടിസിയിൽ 1300 ഓളം വാഹനങ്ങൾ ആണ് 15 വർഷത്തിലധികം പഴക്കമുള്ളത്. ഈ വാഹനങ്ങളൊക്കെയും മാറ്റി പുതിയത് വാങ്ങുമ്പോൾ ഭീമമായ തുകയാണ് സർക്കാറിന് വേണ്ടി വരിക. മാത്രവുമല്ല സർക്കാർ വാഹനങ്ങൾ മോഡിഫിക്കേഷൻ വരുത്തുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനവും നടപ്പാക്കാൻ സാധ്യതയില്ല.

