തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായി എന്നും സ്വർണാഭരണം കളവുപോയി എന്നുമാണ് വാർത്ത പുറത്തുവന്നത്. രാജ്യത്തെ അതീവ സമ്പന്നവും അതീവ സുരക്ഷയുള്ളതും കോടതിയുടെ മേൽനോട്ടത്തിലുമുള്ള ക്ഷേത്രത്തിൽ നിന്ന് അമൂല്യ വസ്തുക്കൾ കാണാതായെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. എസ്പിയുടെ നേതൃത്വത്തിലാണ് നിലവിൽ ക്ഷേത്രത്തിന്റെ സുരക്ഷ. അറ്റകുറ്റ പണിക്കായി കൊണ്ടു പോകുന്ന അമൂല്യ വസ്തുക്കൾ കാണാതാവുന്നു, ചിലത് തിരികെ മാറ്റി വയ്ക്കുന്നു അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.
എന്നാൽ ഈ ആരോപണങ്ങൾ പൂർണമായും തള്ളുകയാണ് ക്ഷേത്ര ഭരണസമിതി. നേരിട്ട് പരിശോധന നടത്തിയെന്നും വിലപിടിപ്പുള്ളതും അമൂല്യവുമായ വസ്തുക്കളൊന്നും ക്ഷേത്രത്തിൽ നിന്നും നഷ്ടമായിട്ടില്ലെന്നും ക്ഷേത്രഭരണസമിതി അറിയിച്ചിരുന്നു. പൊലീസ് റിപ്പോർട്ടിനെതിരെ ഭരണസമിതി സർക്കാരിന് കത്ത് നൽകി. തെറ്റായ റിപ്പോർട്ട് നൽകിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ഇപ്പോൾ ക്ഷേത്ര ഭരണസമിതി ആവശ്യപ്പെടുന്നത്.
