ആരാണ് കരിമണല്‍ കര്‍ത്താ?എന്താണ് മാസപ്പടി കേസ്? ആ ഡയറിയില്‍ എന്താണുള്ളത? പിണറായി വിജയന്റെയും മരുമകന്റെയും വീട്ടില്‍ ഇ ഡി റെയ്ഡിനിടയാക്കിയ സംഭവവികാസങ്ങളിലെ ‘വില്ലനെ’ അറിയാം!

insight kerala

special report

എം മാധവദാസ്

കരിമണല്‍ കര്‍ത്ത! ഒരു ഇടവേളക്കുശേഷം കേരള രാഷ്ട്രീയത്തില്‍ വീണ്ടും ആ വിവാദ വ്യവസായിയുടെ പേര് സജീവ ചര്‍ച്ചാ വിഷയമാവുകയാണ്. മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും, മകള്‍ വീണയുടെ ഭര്‍ത്താവ് കൂടിയായ മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെയുമൊക്കെ വസതികളില്‍ മാസപ്പടി കേസിനായി ഇ ഡി റെയ്ഡ് നടത്തുമ്പോള്‍, വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്, കരിമണല്‍ കര്‍ത്തയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്ക്ക്, കര്‍ത്തയുടെ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന കമ്പനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ മൂന്ന് വര്‍ഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപ എന്ന് വാര്‍ത്തയാണ് നേരത്തെ വിവാദക്കൊടുങ്കാറ്റ് ഉയര്‍ത്തിയത്. വീണയുടെ സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷ്യന്‍സ്, ഐടി, മാര്‍ക്കറ്റിങ് കണ്‍സല്‍റ്റന്‍സി, സോഫ്റ്റ്വെയര്‍സേവനങ്ങള്‍ നല്‍കാമെന്ന് സിഎംആര്‍എലുമായി കരാറുണ്ടാക്കിയിരുന്നു. എന്നാല്‍ സേവനങ്ങളൊന്നും നല്‍കിയില്ല. എന്നിട്ടും കരാര്‍പ്രകാരം മാസം തോറും പണം നല്‍കിയെന്ന് സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്താ ആദായനികുതി വകുപ്പിനു മൊഴി നല്‍കിയിട്ടുണ്ട്. 2017-20 കാലയളവില്‍ മൊത്തം 1.72 കോടി രൂപയാണ് വീണയ്ക്കും എക്‌സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നും പറയുന്നത്. അതിന്റെ പേരിലുള്ള പരാതിയാണ് ഇപ്പോള്‍ ഇ ഡി റെയ്ഡില്‍ എത്തിയിരിക്കുന്നത്.

‘അമ്പൊന്ന് കൊള്ളാത്തവരില്ല കുരുക്കളില്‍’ എന്ന് പറഞ്ഞതുപോലെ കര്‍ത്തയുടെ മാസപ്പടി ഡയറിയില്‍ പേരില്ലാത്ത രാഷ്ട്രീയ നേതാക്കളില്ല. കര്‍ത്തയുടെ ഡയറിയിലെ, കെകെ, പിവി, എജി, ഒസി, ഐകെ, ആര്‍ സി എന്നീ ഇന്‍ഷ്യലുകള്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ഇതില്‍ കെകെ എന്നാല്‍ കുഞ്ഞാലിക്കുട്ടിയാണത്രേ. എജി എ ഗോവിന്ദനും ഒസി ഉമ്മന്‍ ചാണ്ടിയെന്നും പറയുന്നു.പി വി എന്നാല്‍ പിണറായി വിജയന്‍, ഐ കെ എന്നാല്‍ മുസ്ലിം ലീഗ് നേതാവായ മുന്‍ വ്യവസായ മന്ത്രി ഇബ്രാഹിംകുഞ്ഞ് , ആര്‍ എസ് എന്നാല്‍ രമേശ് ചെന്നിത്തലയെന്നുമാണ് ആരോപണം. അസാധാരണമാണ് കരിമണല്‍ കര്‍ത്തയുടെ ജീവിത കഥ.

മരുഭൂമിയില്‍നിന്ന് കരിമണലിലേക്ക്

സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയെക്കുറിച്ച് രണ്ട് അഭിപ്രായങ്ങളാണ് പൊതുവെ ഉള്ളത്. പ്രതിഭാശാലിയായ ഒരു സംരംഭകനായി അദ്ദേഹത്തെ ഒരു വിഭാഗം കാണുമ്പോള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സ്വന്തം വളര്‍ച്ചക്കുവേണ്ടി രാഷ്ട്രീയത്തെതും, അധികാരത്തെയും, മാധ്യമങ്ങളെയും സമര്‍ത്ഥമായി ഉപയോഗിച്ച കുറക്കനായാണ്, വ്യവസായിയാണ് അദ്ദേഹത്തെ കാണുന്നത്. മൂവാറ്റുപുഴ പുല്ലുവഴി സ്വദേശിയായ ശശിധരന്‍ കര്‍ത്ത ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളിലാണ് കോടിക്കണക്കിന് രൂപ, ആസ്തിയുള്ള വ്യവസായിയായി മാറിയത്. ഗള്‍ഫിലായിരുന്നു ആദ്യം ജോലി. അവിടെ നിന്ന് ഉണ്ടാക്കിയ പണംകൊണ്ടാണ്, 1996ല്‍ കരിമണല്‍ സംസ്‌ക്കരിച്ച് സിന്തറ്റിക്ക് റൂട്ടേയില്‍ നിര്‍മ്മിക്കുന്ന, സ്ഥാപനമായ കൊച്ചില്‍ മിനറല്‍സ് ആന്‍ഡ് റുട്ടെയില്‍ ലിമിറ്റഡ് ( സിഎംആര്‍എല്‍) തുടങ്ങിയത്. മരുഭൂമിയില്‍നിന്ന് കരിമണലിലേക്ക് പറിച്ച് നട്ട ജീവിതമാണ് കര്‍ത്തയുടേത് എന്നാണ്, അദ്ദേഹത്തെക്കുറിച്ച് ഒരു ബിസിനസ് മാഗസിനില്‍ വന്ന ലേഖനം പറയുന്നത്.

കര്‍ത്ത നിരന്തരായി ഏറ്റുമുട്ടിയത് കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുമായാണ്. അദ്ദേഹത്തിന്റെ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളില്‍ അപകടരമായ രാസവസ്തുക്കളുണ്ട് എന്നതിലൂടെയാണ് കര്‍ത്ത ആദ്യം വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. ചില പരിസ്ഥിതി പ്രവര്‍ത്തകരാണ് ഈ ആരോപണം ഉന്നയിച്ചത്. മാതൃഭൂമിയും എഷ്യാനെറ്റുമൊക്കെ ഇത് വലിയ വാര്‍ത്തയാക്കി. പക്ഷേ കര്‍ത്ത,സംസഥാനത്തും, കേന്ദ്രത്തിലുമുള്ള സ്വാധീനം ഉപയോഗിച്ച് ഇത് അപകടകരമായ രാസ്‌വസ്തുക്കളുടെ പട്ടികയില്‍നിന്നും എടുത്തുമാറ്റിയെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം. പത്തുപന്ത്രണ്ട് ഓഫീസുകള്‍ കയറിയിറങ്ങി, മാസങ്ങള്‍കൊണ്ട് നേടിയെടുക്കേണ്ട, നിയമപരമായ അനുമതികള്‍, ദിവസങ്ങള്‍ക്കുള്ളില്‍, അയാള്‍ നേടിയെടുത്തതില്‍ ദ ഹിന്ദു പത്രംപോലും ദുരൂഹത ആരോപിച്ചു.

കുടുംബാംഗങ്ങളും, സഹോദരനുമൊക്കെ, പങ്കാളിയായിട്ടായിരുന്നു ആദ്യ വ്യവസായം തുടങ്ങിയത്. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ വ്യവസായം വലിയ രീതിയില്‍ വികസിച്ചു. പിന്നീട് ബിസിനസ് പങ്കാളികളായ സഹോദരങ്ങളുമായി തെറ്റിപ്പിരിഞ്ഞ്, കര്‍ത്ത സാമ്രാജ്യം മുന്നോട്ട് കൊണ്ടുപോയത് മകനൊപ്പമാണ്. ആലപ്പാട്, ചവറ മേഖലയിലെ തീരങ്ങളിലാണ്, ഇല്‍മനൈറ്റ് കിട്ടുന്നത് എന്നതിനാലാണ് അദ്ദേഹം ആലപ്പാട് ഭൂമി വാങ്ങിക്കൂട്ടിയത്. ബിനാമി പേരുകളിലും, അല്ലാതെയും, ഏക്കറുകണക്കിന് ഭൂമിയാണ് ഇവിടെ വാങ്ങിക്കൂട്ടിയത് എന്നാണ് ആലപ്പാട് കരിമണല്‍ വിരുദ്ധ സമിതി ആരോപിക്കുന്നത്.

സുപ്രീംകോടതിയില്‍ പോയി നേടിയ വിജയം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിനും (കെ.എം.എം.എല്‍.) കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡിനും (ഐ.ആര്‍.ഇ) മാത്രമേ, നേരത്തെ കേരള തീരത്തെ കരിമണല്‍ഖനനം നടത്താനുള്ള അനുമതിയുണ്ടായിരുന്നുള്ളൂ. എന്നെങ്കിലും, സ്വകാര്യ കമ്പനികളെ ഖനനത്തിന് അനുവദിക്കൂമെന്ന് മൂന്‍കൂട്ടി കണ്ടുകൊണ്ടാണ്, കര്‍ത്ത ആലപ്പാട്ട് ഭൂമി വാങ്ങികൂട്ടിയത് എന്നാണ് സമര സമിതി ആരോപിക്കുന്നത്. സ്വകാര്യ മേഖലയിലുള്ള കമ്പനികള്‍ക്ക്, ഖനനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്ലിനുവേണ്ടി കര്‍ത്ത സുപ്രീംകോടതിയെ സമീപിക്കുകയും, കോടതിയിയല്‍നിന്ന് അനുകൂല വിധി നേടുകയും ചെയ്തിരുന്നു. എന്നാല്‍ ഏതൊക്കെ മേഖലകളില്‍ സ്വകാര്യ കമ്പനികളെ ഖനനം നടത്താന്‍ അനുവദിക്കണമെന്നത് സംസ്ഥാന സര്‍ക്കാറിന് തീരുമാനമെടുക്കാമെന്നുമായിരുന്നു സുപ്രീം കോടതിയുടെ വിധി.

2006ല്‍ ആലപ്പുഴയിലെ ആറാട്ടുപുഴയില്‍ സ്വകാര്യ കമ്പനികള്‍ക്ക് ഖനനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതില്‍ പ്രതിഷേധങ്ങളുയര്‍ന്നു. തുടര്‍ന്ന് അനുമതി പിന്‍വലിച്ചു. സി.എം.ആര്‍.എല്‍. ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ഖനനാനുമതി പിന്‍വലിച്ച തീരുമാനം റദ്ദാക്കി. അതിനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി കമ്പനിക്ക് അനുകൂലമായിരുന്നു. എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഈ ഉത്തരവ് നടപ്പിലായില്ല.

insight kerala

സി.എംആര്‍എല്‍ കോടതി നടപടികള്‍ തുടര്‍ന്നു. കരിമണല്‍ ഖനനത്തില്‍ സ്വകാര്യകമ്പനികള്‍ക്ക് അനുമതി നിഷേധിക്കുന്ന സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നായിരുന്നു സുപ്രീംകോടതിയുടെ കണ്ടെത്തല്‍. ആണവോര്‍ജ ഉത്പാദനത്തില്‍ കരിമണല്‍ അത്യാവശ്യമെന്നു ചുണ്ടിക്കാട്ടിയാണ് ധാതുസമ്പത്തുള്ള മേഖലകള്‍ രേഖപ്പെടുത്തി മാറ്റിവെച്ചവ ഖനനത്തിനായി വിട്ടുനല്‍കണമെന്ന് കോടതി നിരീക്ഷിച്ചത്. കേരള തിരത്തെ ധാതുമണലിലിലുള്ള ഇല്‍മനൈറ്റിന്റെ അതിഭീമമായ ശേഖരം ഉപയോഗിക്കപ്പെടാതെ കിടക്കുമ്പോള്‍ നിലനില്‍പ്പിനു വേണ്ടി തങ്ങള്‍ക്ക് വീണ്ടുംവീണ്ടും അത് ഇറക്കുമതി ചെയ്യേണ്ടിവരുന്നുവെന്നാണ് സിഎംആര്‍എല്‍ന്റെ പ്രധാന വാദം. വിദേശത്തുനിന്നു ഇറക്കുമതി ചെയ്യുന്നതിനെക്കാളും കൂടിയ നിരക്കിലാണ് ഐആര്‍ഇ ഇവിടത്തെ കമ്പനികള്‍ക്ക് ഇല്‍മനൈറ്റ് വില്‍ക്കുന്നത്. ഏഴ് ധാതുമണല്‍ മേഖലയില്‍ ഇറക്കുമതി പ്രോത്സാഹിപ്പിച്ച് വിദേശരാജ്യങ്ങളെ സഹായിക്കുന്ന ദുരൂഹമായ നിലപാടാണ് ഐആര്‍ഇയു സ്വീകരിക്കുന്നതെന്നും സിഎംആര്‍എല്‍ ആരോപിച്ചിരുന്നു.

പെരിയാറിനെ മലിനീകരിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനിയുടെ ഉടമ എന്ന നിലയില്‍, പ്രദേശവാസികളും, പരിസ്ഥിതി പ്രവര്‍ത്തകരും, ശശിധരന്‍ കര്‍ത്തക്കെതിരെ പലതവണ സമരരംഗത്ത് ഇറങ്ങിയിരുന്നു. ഇയാള്‍ക്കെതിരെ സമരം ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി അകത്തിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

പത്മശ്രീക്കുവരെ ശുപാര്‍ശ

കരിമണല്‍ ഖനനത്തിന്റെ ഭാഗമായുണ്ടായ പരിസ്ഥിതി നാശം വാര്‍ത്തയാപ്പോള്‍, അതില്‍ കൊടും വില്ലന്റെ റോള്‍ ആയിരുന്നു മാധ്യമങ്ങള്‍ കര്‍ത്തക്ക് നല്‍കിയത്. പക്ഷേ ഇടത് വലത് ബിജെപി വ്യത്യാസമില്ലാതെ, എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, വാരിക്കേരാരി സാമ്പത്തിക സഹായം കൊടുക്കുന്ന ആളാണ് ശശിധരന്‍ കര്‍ത്തയെന്നതാണ്് എതിരാളികളുടെ ആരോപണം. അതുകൊണ്ടാണ് അയാളുടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ എല്ലാം ക്രമവത്ക്കരിക്കപ്പെടുന്നത് എന്ന് അഡ്വക്കേറ്റ് ജയശങ്കര്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. 2009-2010 കാലഘട്ടത്തില്‍ അന്നത്തെ സര്‍ക്കാര്‍, പത്മശ്രീ പുരസ്‌ക്കാരത്തിനായി, കര്‍ത്തയുടെ പേര് ശിപാര്‍ശ ചെയ്തിരുന്നു. സിഐടിയു നേതാവും, വ്യവസായ മന്ത്രിയുമായിരുന്ന എളമരം കരീമാണ് 2010ല്‍ പത്മശ്രീക്കായി കര്‍ത്തയുടെ പേര് ശിപാര്‍ശ ചെയ്തത്.

എപ്പോഴും പരിസ്ഥിതി അനുകൂല നിലപാട് എടുക്കാറുള്ള വിഎസ് അച്യുതാനന്ദനുമായി കര്‍ത്തക്കുള്ള അടുത്ത സൗഹൃദവും, ഒരുകാലത്ത് മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തകള്‍ ആയി. മാധ്യമ മുതലാളികളുമായും അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ഇതോടെ പല വാര്‍ത്തകളും പുറത്തുവരാതായി എന്നണ് സമര സമിതിക്കാര്‍ പറയുന്നത്. ഇതിനിടയില്‍ 2014ല്‍ മാതൃമലയാളം എന്ന പേരില്‍ കര്‍ത്ത ഒരു പത്രവും തുടങ്ങിയിരുന്നു. പ്രളയ ദൂരിതാശ്വാസത്തിന് കോടികള്‍ നല്‍കിയും കര്‍ത്ത കൈയടി നേടി. അധികാരത്തിന്റെ ഏത് ഇടനാഴികളും കര്‍ത്തക്ക് മുന്നില്‍ വളരെ പെട്ടന്ന് തുറക്കുമെന്നാണ് പറയുക.

കോടികള്‍ കടത്തുന്നതാര്?

അതിഗുരുതരമായ ആരോപണങ്ങളാണ് കര്‍ത്തക്കെതിരെ കരിമണല്‍ സമരസമിതി ഉന്നയിക്ുകന്നത്. കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ നിന്ന് പ്രതിവര്‍ഷം ഒന്നരലക്ഷം ടണ്‍ കരിമണലെങ്കിലും തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ കമ്പനിയിലേക്കു കടത്തിക്കൊണ്ടു പോകുന്നുവെന്ന് ആരോപണം ഉയര്‍ന്ന, കരിമണല്‍ രാജാവ് എന്നറിയപ്പെടുന്ന തമിഴ്‌നാട്ടിലെ വൈകുണ്ഠരാജനുമായി കര്‍ത്ത കൂട്ടാളിയാണെന്നും അവര്‍ ആക്ഷേപിക്കുന്നു.

കേരളത്തിലെ കരിമണല്‍ അനധികൃതമായി എടുത്ത് വെകുണ്ഠരാജന്റെ വി.വി മിനറലസിലേക്കാണ് പോകുന്നതെന്നാണ് ആരോപണം. വി.വി. മിനറല്‍സ് ഖനനം ചെയ്ത ധാതുമണല്‍ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം തുറമുഖം വഴി യൂറോപ്പ്, പശ്ചിമേഷ്യ, ഓസ്‌ട്രേലിയ, അമേരിക്ക, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതിചെയ്തെന്ന് റവന്യു സെക്രട്ടറി ജഗന്‍ദ്വീപ് സിങ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വൈകുണ്ഠ രാജന്റെയും കുടുംബങ്ങളുടെയും പേരിലുള്ള വിവിധ ഖനന ലൈസന്‍സുകള്‍ എല്ലാം തന്നെ സജീവവുമാണ്. പക്ഷെ, ഒരു സര്‍ക്കാരും വൈകുണ്ഠരാജനെതിരെ കാര്യമായ നടപടി എടുത്തിട്ടില്ല. കേരളത്തില്‍നിന്നു കടത്തിക്കൊണ്ടുപോകുന്ന കരിമണലില്‍നിന്ന് വേര്‍തിരിച്ച ധാതുക്കള്‍ വൈകുണ്ഠരാജന്റെ വി.വി.മിനറല്‍സ് കേരളത്തിലെ പൊതുമേഖലാ കമ്പനികള്‍ക്ക് തന്നെയാണ് വിറ്റു കോടികള്‍ കൈക്കലാകുന്നത്.
ശശിധരന്‍ കര്‍ത്ത

ചോദിക്കുന്ന തുകയാണ് വൈകുണ്ഠരാജന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കാറ്. അതുകൊണ്ട് തന്നെ വൈകുണ്ഠരാജന്റെ കാര്യത്തില്‍ ഒരു ചോദ്യം കേരളത്തില്‍ നിന്നോ തമിഴ്നാട്ടില്‍ നിന്നോ ഉയരാറില്ല, അനധികൃത ഈ കരിമണല്‍ ഖനനത്തിലൂടെ സര്‍ക്കാരിന് 10,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ മുന്‍പ് വൈകുണ്ഠരാജന്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഈ വൈകുണ്ഠരാജന് കേരളത്തിലും വേരുകള്‍ ശക്തമാണ് എന്നാണ് കരിമണല്‍ ഖനന വിരദ്ധ സമരസമിതി പറയുന്നത്. ആറാട്ടുപുഴയില്‍ 12.73 ഏക്കര്‍ ഭൂമി വൈകുണ്ഠരാജന്‍ വാങ്ങിയിരുന്നു. വൈകുണ്ഠരാജനെ കൂടാതെ കേരളത്തില്‍ ഈ രംഗത്ത് സജീവമായുള്ളത് ന്ന ശശിധരന്‍ കര്‍ത്തയാണ്. ബിനാനിപുരത്ത് പ്രവര്‍ത്തിക്കുന്ന സി.എം.ആര്‍.എല്ലിന്റെ ഉടമ ശശിധരന്‍ കര്‍ത്തയ്ക്ക് തൃക്കുന്നപ്പുഴ വില്ലേജില്‍ 50 ഏക്കര്‍ ഭൂമിയുണ്ട്. ഇവിടെനിന്നും കരിമണല്‍ കടത്തുന്നതായി അന്നത്തെ എഡിജിപിയായ വിന്‍സെന്റ് പോള്‍ 2014 ല്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കരിമണല്‍ ഖനനം ലക്ഷ്യമിട്ടാണ് ആലപ്പുഴയുടെ തീരങ്ങളില്‍ സ്വകാര്യ ലോബി വന്‍തോതില്‍ ഭൂമി വാങ്ങികൂട്ടിയത്.

വിവിധ സര്‍വേ നമ്പരുകളിലുള്ള ഭൂമിയാണ് കര്‍ത്ത വാങ്ങിക്കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് 10000 കോടിയുടെ കരിമണല്‍ കള്ളക്കടത്ത് തമിഴ്നാട്ടിലേക്ക് നടന്നതായാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന വിവരം. നിരന്തര ഖനനം കാരണം ആലപ്പാട് മാപ്പില്‍ നിന്നും അപ്രത്യക്ഷമാകുമ്പോഴും ഇവര്‍ക്കെതിരെയൊന്നും നടപടിയുണ്ടാവുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.

എന്തിനാണ് മാസപ്പടി?

ചോക്കുമലക്ക് മുകളില്‍ കയറി ഇരിക്കുന്ന ഒരാള്‍ ഒരുകഷ്ണം ചോക്ക് അന്വേഷിച്ച് നടന്ന കഥ കേട്ടിട്ടില്ലേ. അതുപോലെ നമ്മുടെ കരിമണല്‍ എന്നത് ശതകോടികള്‍ വിലമതിക്കുന്ന, കേരളത്തിന്റെ സാമ്പത്തിക ഭാഗധേയത്തെ തന്നെ നിര്‍ണയിക്കുന്ന, വലിയൊരു നിധികുംഭത്തിനു മുകളിലാണ് നാമിരിക്കുന്നത്. ഘടകധാതുക്കളുടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തേറ്റവും മികച്ചതെന്നു കണ്ടെത്തിയ കരിമണലാണ് കേരളത്തിലെ തീരപ്രദേശങ്ങളിലുള്ളത്.

ആറ്റമിക് മിനറല്‍സ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍ പ്രകാരം തെക്കന്‍കേരളത്തിലെ കരിമണല്‍ നിക്ഷേപത്തില്‍ പ്രധാനം ഇല്‍മനൈറ്റാണ്. അത് കഴിഞ്ഞാല്‍ സിലിമിനൈറ്റ്, സിര്‍ക്കോണ്‍, റൂട്ടൈല്‍, ലുക്കോക്സിന്‍, മോണോസൈറ്റ്, ഗാര്‍നൈറ്റ് തുടങ്ങിയവ. വടക്കന്‍ കേരളത്തില്‍ മറ്റു ചില ധാതുക്കളും കാണുന്നു. ഇല്‍മനൈറ്റ്, റൂട്ടൈല്‍ എന്നിവ സംസ്‌കരിച്ചെടുക്കുന്ന ടൈറ്റാനിയവും അതിന്റെ സംയുക്തങ്ങളും വളരെയേറെ ആവശ്യങ്ങള്‍ക്കായി ഉപയോ ഗിക്കുന്നുണ്ട്. പെയിന്റ്, പേപ്പര്‍, പ്ലാസ്റ്റിക്, തുണി, അച്ചടിമഷി, റബ്ബര്‍, കളിമണ്‍ എന്നീ വ്യവസായങ്ങളില്‍ ടൈറ്റാനിയം ഡയോക്സൈഡ് ഉപയോഗിക്കുന്നു. ഉപഗ്രഹപേടകങ്ങള്‍, അന്തര്‍വാഹിനി, വിമാനം, മിസൈല്‍, പേസ്മേക്കര്‍, ബുള്ളറ്റ്പ്രൂഫ് വസ്ത്രങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും ഇതുപയോഗിക്കുന്നു.

വെല്‍ഡിങ് ഇലക്ട്രോഡ് ഉണ്ടാക്കാന്‍ റൂട്ടൈല്‍ ഉപയോഗിക്കുന്നു. സാനിറ്ററി വസ്തുക്കള്‍, ടൈല്‍, കളിമണ്‍പാത്രങ്ങള്‍ എന്നിവയുണ്ടാക്കാന്‍ സിര്‍ക്കോണ്‍ ഉപയോഗിക്കുന്നുണ്ട്. ലോഹങ്ങള്‍ മുറിക്കാനും മിനുസപ്പെടുത്താനുമുള്ള ഉപകരണങ്ങള്‍, ഡീസല്‍ എന്‍ജിന്‍, ഇന്‍സുലേഷന്‍ സാധനങ്ങള്‍, സീലുകള്‍, പമ്പിന്റെ സ്പെയര്‍പാര്‍ട്ടുകള്‍ എന്നിവയുണ്ടാക്കാനും ഇത് വേണം. റെയര്‍ എര്‍ത്ത് ക്ലോറൈഡ്, റെയര്‍ എര്‍ത്ത് ഓക്സൈഡുകള്‍, സീറിയം ഓക്ക്സൈഡ്, ടൈ സോഡിയം ഫോസ്ഫറേറ്റ്, തോറിയം ഓക്ക്സൈഡ് എന്നിവ വേര്‍തിരിക്കാനാണ് മോണോസൈറ്റ് ഉപയോഗിക്കുന്നത്. ടൈല്‍, പോളിഷിങ് ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് ഗാര്‍നൈറ്റും ഉപയോഗിക്കുന്നു. അലുമിനീയം ഉത്പാദനത്തിന് പറ്റിയ അയിരാണ് സിലിമിനൈറ്റ്.

അതായത് ഈ കരിമണല്‍ എന്നത് ശതകോടികള്‍ ഉണ്ടാക്കാന്‍ പറ്റിയ സാധനമാണ്. ഭാവി കേരളത്തിന്റെ ഗെയിം ചേഞ്ചറാണ്. അപ്പോള്‍ പിന്നെ ആ ഖനനമേഖലയില്‍ വിഹരിക്കുന്നവര്‍, പണ്ട് അബ്ക്കാരികള്‍ രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയതുപോലെ ഭരിക്കുന്നവര്‍ക്ക്, മാസപ്പടി നല്‍കിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

Share This Article