മുന്‍ മുഖ്യമന്ത്രിയുടെ നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്. തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 12 ഇടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട് എന്നാണ് വിവരം.
സിഎംആർഎൽ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റിന് അന്വേഷണം തുടരാമെന്നാണ് ഹൈൈക്കോടതി സിംഗിൾ ബെഞ്ച് ഇന്നലെ ഉത്തരവിട്ടത്. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കരിമണൽ കമ്പനി എംഡി ശശിധരൻ കർത്ത, കമ്പനിയുടെ ചീഫ് ഫിനാൻസ് ഓഫീസർ കെ എസ് സുരേഷ് കുമാർ, ജീവനക്കാരായ അഞ്ജു റേച്ചൽ , ചന്ദ്രശേഖരൻ അടക്കമുള്ളവർ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. മേൽകോടതിയെ സമീപിക്കാൻ ഒരാഴ്ച സാവകാശം വേണമെന്ന കമ്പനിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയ്ക്ക് ചെയ്യാത്ത സേവനത്തിന് ലക്ഷങ്ങൾ നൽകിയെന്ന എസ്എഫ്ഐഒ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഇഡിയും അന്വേഷണം തുടങ്ങിയത്. കേസിൽ ഉദ്യോഗസ്ഥർക്ക് സമൻസ് നൽകുകയും റെയ്ഡും തുടങ്ങിയിതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യലിന്റെ പേരിൽ പീഡിപ്പിക്കുന്ന എന്നും കമ്പനിയ്ക്കെതിരെ ഇഡി അന്വേഷണത്തിനുള്ള തെളിവുകളില്ലെന്നും ചൂണ്ടികാട്ടി ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ചത്.
