ക്രിസ്തുവിന്റെ അവതാരമെന്ന് സ്വയം വിശ്വാസം; ട്രംപിനെതിരെ വധഭീഷണി മുഴക്കിയത് പരസ്യമായി; ബുള്ളറ്റുകള്‍ക്ക് തന്നെ ഒന്നും ചെയ്യാനാവില്ലെന്നും വിശ്വാസം; വൈറ്റ് ഹൗസ് വെടിവെപ്പിന് പിന്നില്‍ മാനസിക രോഗി

insight kerala

എം മാധവദാസ്

കഴിഞ്ഞ ശനിയാഴ്ച ലോകത്തെ നടുക്കിയ വൈറ്റ് ഹൗസ് വെടിവെപ്പിനുപിന്നില്‍ മതഭ്രാന്തനായ ഒരു മാനസികരോഗിയെന്ന് വിലയിരുത്തല്‍. മേരിലാന്‍ഡ് സ്വദേശി നസീര്‍ ബെസ്റ്റ് ആണ് സീക്രെട്ട് സര്‍വീസിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്വയം ദൈവമാണ് എന്ന് വിശ്വസിച്ചുനടക്കുന്ന അരക്കിറുക്കനാണ് ഇയാളെന്നാണ്, ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്. താന്‍ സാക്ഷാല്‍ യേശുക്രിസ്തുവാണ് എന്നാണത്രേ ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. അന്ന് ഇത് ആരും കാര്യമായി എടുത്തില്ല. ബുള്ളറ്റുകള്‍ അടക്കമുള്ള ഒരു ആയുധത്തിനും, തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഇൗ 21കാരന്‍ വിശ്വസിച്ചിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യമായി വധഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമുണ്ടായ വെടിവെപ്പിന് പിന്നാലെ ഇയാളുടെ ഞെട്ടിക്കുന്ന മാനസികരോഗ പശ്ചാത്തലമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.വൈറ്റ് ഹൗസ് കോംപ്ലക്സിന് തൊട്ടുപുറത്തുള്ള അതീവ സുരക്ഷാ പ്രാധാന്യമുള്ള ചെക്ക് പോസ്റ്റിലേക്ക് യാതൊരു ഭയവുമില്ലാതെയാണ് നസീര്‍ ബെസ്റ്റ് നടന്നു നീങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തിയതും കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും റിവോള്‍വര്‍ വലിച്ചൂരി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. വൈറ്റ് ഹൗസിന്റെ ഹൃദയഭാഗത്ത് 15 മുതല്‍ 30 വരെ റൗണ്ട് വെടിയൊച്ചകള്‍ ഉയര്‍ന്നതോടെ മിനിറ്റുകള്‍ക്കുള്ളില്‍ പ്രദേശം യുദ്ധക്കളത്തിന് സമാനമായി മാറി.

പൊടുന്നനെയുണ്ടായ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദ്യം ഞെട്ടിയെങ്കിലും അതിവേഗം പ്രതിരോധം തീര്‍ത്തു. ഒട്ടും സമയം കളയാതെ സീക്രട്ട് സര്‍വീസ് പോലീസ് അക്രമിക്ക് നേരെ പ്രത്യാക്രമണം നടത്തി. സുരക്ഷാ സേനയുടെ വെടിയേറ്റു വീണ നസീറിനെ ഉടന്‍ തന്നെ ജി.ഡബ്ല്യു മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ തന്നെ മരണം സംഭവിക്കുകയായിരുന്നു. വൈറ്റ് ഹൗസ് നോര്‍ത്ത് ലോണില്‍ തത്സമയ വാര്‍ത്താ റിപ്പോര്‍ട്ടിങ് നടത്തിക്കൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകര്‍ വെടിയൊച്ച കേട്ട് പ്രസ് ബ്രീഫിംഗ് റൂമിലേക്ക് ജീവനുംകൊണ്ടാണ് ഓടിക്കയറിയത്.

മാധ്യമപ്രവര്‍ത്തകരെ സുരക്ഷിതമായി കെട്ടിടത്തിനുള്ളിലേക്ക് മാറ്റിയ ഉദ്യോഗസ്ഥര്‍ വൈറ്റ് ഹൗസ് പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ ചെയ്തു. ആക്രമണം നടക്കുമ്പോള്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളില്‍ സുരക്ഷിതനായിരുന്നു. അക്രമിക്ക് ജനറല്‍ പെരിമീറ്റര്‍ ഭേദിച്ച് ഉള്ളിലേക്ക് കടക്കാന്‍ സാധിച്ചിരുന്നില്ല. പരസ്പരം ഉണ്ടായ വെടിവെപ്പില്‍ വഴിപോക്കനായ ഒരു സാധാരണക്കാരന് ഗുരുതരമായി വെടിയേറ്റിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഒരു സീക്രട്ട് സര്‍വീസ് ഏജന്റിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും തന്നെ വെടിയേറ്റിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

കൊല്ലപ്പെട്ട നസീര്‍ ബെസ്റ്റ് യു.എസ് ഫെഡറല്‍ അധികൃതര്‍ക്കും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഒരു പുത്തന്‍ മുഖമായിരുന്നില്ല എന്നതാണ് സുരക്ഷാ ഏജന്‍സികളെ ഇപ്പോള്‍ കുഴക്കുന്നത്. വാഷിംഗ്ടണ്‍ മെട്രോപൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനും സീക്രട്ട് സര്‍വീസിനും ഇയാളുടെ മുന്‍കാല മാനസിക നിലയെക്കുറിച്ചും ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ചും കൃത്യമായ ബോധ്യമുണ്ടായിരുന്നു. എന്നിട്ടും ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതില്‍ സുരക്ഷാ വിഭാഗത്തിന് വീഴ്ച പറ്റിയോ എന്ന ചോദ്യം ഉയരുന്നുണ്ട്.

Share This Article