special report
എം മാധവദാസ്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയില്‍ മാധ്യമപ്രവര്ത്തകന് ജിമ്മി ജെയിംസിനെതിരെയും മീഡിയവണ്‍ ചാനലിനെതിരെയും ഡല്‍ഹി പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) വകുപ്പ് 192 (കലാപത്തിന് പ്രേരിപ്പിക്കല്‍), വകുപ്പ് 356(2) (അപകീര്‍ത്തിപ്പെടുത്തല്‍) എന്നിവ പ്രകാരമാണ് ഡല്‍ഹി സ്പെഷ്യല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹി സ്വദേശിയായ ദേധ, മലയാളിയായ പ്രസന്നന് പിള്ള എന്നിവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മീഡിയവണ്‍ ചാനലില്‍ നടന്ന ഒരു ചര്‍ച്ചാ പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ചാണകത്തലയന്‍’ എന്ന് വിളിച്ച് അപമാനിച്ചു എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ പൊതുവേദിയില്‍ ഇത്തരത്തില്‍ അവഹേളിക്കുന്നത് മാധ്യമപ്രവര്ത്തനത്തിന്റെയോ അഭിപ്രായസ്വാതന്ത്ര്യത്തിന്റെയോ പരിധിയില്‍ വരുന്നതല്ലെന്നും, ഇത് സമൂഹത്തില്‍ മനഃപൂര്‍വം പ്രകോപനവും കലാപവും സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാതെ മീഡിയാവണ്‍
ഈ വിവാദത്തില്‍ മീഡിയവണ്‍ ചാനലോ ജിമ്മി ജെയിംസോ തങ്ങളുടെ ഔദ്യോഗികമായ നിലപാടോ വിശദീകരണമോ ഇതുവരെ പൊതുപ്ലാറ്റ്ഫോമുകളില്‍ പരസ്യപ്പെടുത്തിയിട്ടില്ല. മാധ്യമരംഗത്ത് ഏതാണ്ട് മൂന്ന് പതിറ്റാണ്ടിന്റെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് ജിമ്മി ജെയിംസ്. അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് 1998-ല്‍ ഡല്‍ഹിയിലെ ‘ടിവി ഐ’ എന്ന മാധ്യമത്തിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. 2001 മുതല്‍ 2021 വരെയുള്ള രണ്ട് പതിറ്റാണ്ടുകാലം ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായിരുന്നു. അവിടെ അദ്ദേഹം നയിച്ചിരുന്ന ‘പോയിന്റ് ബ്ലാങ്ക്’എന്ന അഭിമുഖ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോര്‍ഡിനേറ്റിംഗ് എഡിറ്ററായാണ് അദ്ദേഹം അവിടെനിന്ന് രാജിവെച്ചത്.ഏഷ്യാനെറ്റിന് ശേഷം ഡല്‍ഹി ആസ്ഥാനമായുള്ള ‘സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റി’യില്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചു.
പിന്നീട് ‘ദി ഫോര്‍ത്ത്’ ന്യൂസ് പോര്‍ട്ടലില്‍ എക്സിക്യൂട്ടീവ് എഡിറ്ററായും, ‘ന്യൂസ് 18 കേരള’യില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു.മീഡിയവണ്ണില്‍ എത്തുന്നതിന് തൊട്ടുമുമ്പ് ‘റിപ്പോര്‍ട്ടര്‍ ടിവി’യുടെ ഡിജിറ്റല്‍ ഹെഡ് ആയി അദ്ദേഹം പ്രവര്‍ത്തിക്കുകയായിരുന്നു.
‘മീറ്റ് ദി എഡിറ്റേഴ്സ്’ എന്ന പരിപാടിയിലൂടെ അവിടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. മികച്ച റിപ്പോര്‍ട്ടര്‍, മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്, മികച്ച അഭിമുഖ കര്‍ത്താവ് എന്നീ വിഭാഗങ്ങളില്‍ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ജിമ്മി ജെയിംസിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കയാണ്. ജിമ്മിയുടെ വാക്കുകള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തതാണ് എന്നാണ് ഒരു വിഭാഗം പറയുന്നത്. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയില്‍ വരുന്ന വിശകലനങ്ങളെ മനഃപൂര്‍വം വ്യക്തിപരമായ അധിക്ഷേപമായി ചിത്രീകരിച്ച് കേസ് ഫയല്‍ ചെയ്യുന്നത് മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള ശ്രമമാണെന്ന് ഇവര്‍ വാദിക്കുന്നു. ലൈവ് ടിവി ചര്‍ച്ചകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും നിരീക്ഷകരും ഉന്നയിക്കുന്ന വാദങ്ങളോട് പ്രതികരിക്കുമ്പോഴോ, അല്ലെങ്കില്‍ മുന്‍പ് രാഷ്ട്രീയ രംഗത്ത് ഉയര്‍ന്നുവന്ന ചില പ്രയോഗങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴോ ആയിരിക്കാം ഇത്തരം വാക്കുകള്‍ കടന്നുവരുന്നത്.ഒരു വാക്കോ പ്രയോഗമോ മാത്രം അടര്‍ത്തിയെടുത്ത്, അതിന്റെ യഥാര്‍ത്ഥ സന്ദര്‍ഭത്തെ വളച്ചൊടിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പ്രചാരണമാണ് മീഡിയാവണ്ണിനെതിരെ നടക്കുന്നതെന്ന്
അവര്‍ പറയുന്നു.
നേരത്തെയും വിവാദങ്ങള്‍
കേന്ദ്ര സര്‍ക്കാറും മീഡിയാവണ്ണുമായി നേരത്തെയും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2022 ജനുവരിയില്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം മീഡിയവണ്‍ ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്കാന് വിസമ്മതിക്കുകയും സംപ്രേഷണം തടയുകയും ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഈ നടപടിയുണ്ടായത്. കീഴ്ക്കോടതിയിലും ഹൈക്കോടതിയിലുംപോയി പ്രതികൂല വിധിയുണ്ടായിട്ടും സ്പ്രീംകോടതിയില്പോയാണ് മീഡിയാവണ്‍ അനുകൂല വിധി നേടിയെടുത്തത്.
ചാനലിന്റെ സംപ്രേഷണം രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതുസമാധാനത്തിനും ഭീഷണിയാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ചാനലിന്റെ പ്രൊമോട്ടര്‍മാരായ ‘മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്’, നിരോധിതമല്ലാത്ത സാമൂഹിക-മത സംഘടനയായ ‘ജമാഅത്തെ ഇസ്ലാമി ഹിന്ദ്’ എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാണിച്ചു. യു.എ.പി.എ, പൗരത്വ ഭേദഗതി നിയമം, എന്‍.ആര്.സി എന്നിവയുമായി ബന്ധപ്പെട്ട് ചാനല്‍ നല്കിയ വാര്‍ത്തകള്‍ സര്‍ക്കാരിനെയും സുരക്ഷാ ഏജന്‍സികളെയും മോശമായി ചിത്രീകരിക്കുന്നതാണെന്നും ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു.
്ഈ വിലക്കിനെതിരെ മീഡിയവണ്‍ കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ചും പിന്നാലെ ഡിവിഷന് ബെഞ്ചും സര്‍ക്കാരിന്റെ നിരോധനം ശരിവെച്ചു. കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ കാരണങ്ങള്‍ അടങ്ങിയ രേഖകള്‍ കോടതിക്ക് കൈമാറിയത് ‘സീല്‍ ചെയ്ത കവറില്‍’ ആയിരുന്നു. ഈ രേഖകള്‍ ചാനല്‍ അധികൃതര്‍ക്ക് കാണിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് മീഡിയവണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക് പൂര്‍ണ്ണമായും റദ്ദാക്കുകയും ചാനലിന് ലൈസന്‍സ് പുതുക്കി നല്കാന് ഉത്തരവിടുകയും ചെയ്തു.
സര്‍ക്കാര്‍ വിമര്‍ശനം രാജ്യദ്രോഹമല്ല എന്ന് കോടതി പറഞ്ഞു. സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നത് ഭരണഘടനാ വിരുദ്ധമോ രാജ്യസുരക്ഷയ്ക്ക് ഭീഷണിയോ അല്ല. മാധ്യമ സ്വാതന്ത്ര്യം എന്നത് ഭരണകൂടത്തെ അനുകൂലിക്കല്‍ മാത്രമല്ല.ചാനലിന് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ യാതൊരു തെളിവുമില്ല. തെളിവുകളില്ലാതെ വായുവില്‍ നിന്ന് ‘ദേശീയ സുരക്ഷ’ എന്ന വാദം ഉയര്‍ത്താന്‍ സര്‍ക്കാരിന് കഴിയില്ല.സീല്‍ ചെയ്ത കവര്‍ സംസ്കാരം തെറ്റാണെന്നും,. എന്ത് കുറ്റത്തിന്റെ പേരിലാണ് തങ്ങളെ വിലക്കിയത് എന്ന് അറിയാനുള്ള അവകാശം പ്രതിഭാഗത്തിനുണ്ട്.ഈ ശക്തമായ നിരീക്ഷണങ്ങളോടെയാണ് സുപ്രീം കോടതി മീഡിയവണ്ണിന്റെ വിലക്ക് നീക്കി ലൈസന്‍സ് തിരികെ നല്കാന് ഉത്തരവിട്ടത്. അതുപോലെയുള്ള ഒരു നിയമയുദ്ധമായി ഈ ‘ചാണകത്തലയന്‍’ പരാമര്‍ശവും മാറൂമെന്നാണ് കരുതുന്നത്.

