എം മാധവദാസ്
ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ വന്നതോടെ ഹമാസ് ഭീകരര്‍ പൊതുവെ ആശ്വാസത്തിലായിരുന്നു. ഇനി ഇസ്രയേലിന്റെ കാര്യമായ നടപടികള്‍ ഉണ്ടാവില്ല എന്നാണ് അവര്‍ കരുതിയത്. എന്നാല്‍ 2024 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കയറി ആക്രമണം നടത്തിയ ഹമാസന്റെ അവസാനത്തെ കമാന്‍ഡറെയും തീര്‍ത്തിരിക്കയാണ് ഈ യഹൂദ രാജ്യം. മൊത്തത്തില്‍ നോക്കുമ്പോള്‍ രണ്ടു ഡസനിലേറെ ഹമാസ് കമാന്‍ഡര്‍മാരെ ഈ യഹൂദരാഷ്ട്രം കാലപുരിക്ക് അയച്ചിട്ടുണ്ട്.
ഒക്ടോബര്‍ 7 ആക്രമണത്തിന്റെ സൂത്രധാരന്മാരില് അവശേഷിക്കുന്ന അവസാനത്തെയാളും ഹമാസിന്റെ സൈനിക വിഭാഗം തലവനുമായ ഇസ്സുദ്ദീന്‍ അല്‍ ഹദ്ദാദിനെയാണ് വെള്ളിയാഴ്ച ഗസ്സ സിറ്റിയില്‍വെച്ച് ഇസ്രയേല്‍ ബോംബിട്ട് കൊന്നത്. തങ്ങളെ തടവിലാക്കാന്‍ നേതൃത്വം നല്കിയ ഭീകരന് കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ മുന്‍ ഇസ്രായേല്‍ ബന്ദികള്‍ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്.
ഇത് വെടിനിര്‍ത്തല്‍ ലംഘനമല്ല
ഇരുവിഭാഗങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ദുര്‍ബലമായ വെടിനിര്‍ത്തലിനിടെയാണ് ഗസ്സ സിറ്റിയിലെ റിമാല്‍ മേഖലയിലുള്ള ഒരു പാര്‍പ്പിട സമുച്ചയത്തിന് നേരെ ആക്രമണമുണ്ടായത്. ഹമാസ് ഗസ്സ പ്രവിശ്യയുടെ കമാന്‍ഡറും ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയുടെ പ്രധാന ആസൂത്രകരില്‍ ഒരാളുമായ ഹദ്ദാദിനെ വധിക്കാന്‍ തങ്ങളാണ് ഉത്തരവിട്ടതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സും സംയുക്ത പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ആയിരക്കണക്കിന് ഇസ്രായേലി പൗരന്മാരെയും സൈനികരെയും കൊലപ്പെടുത്താനും തട്ടിക്കൊണ്ടുപോകാനും പീഡിപ്പിക്കാനും ഉത്തരവാദി ഹദ്ദാദ് ആണെന്ന് ഇസ്രായേല്‍ പ്രസ്താവനയില്‍ പറഞ്ഞു. തടവുകാരെ ക്രൂരമായ സാഹചര്യങ്ങളില്‍ പാര്‍പ്പിച്ചതും സൈന്യത്തിന് നേരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടതും ഇയാളാണ്. ഗസ്സയെ സൈനികരഹിതമാക്കാനും ഹമാസിന്റെ ആയുധങ്ങള്‍ താഴെവെപ്പിക്കാനുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഹദ്ദാദ് വിസമ്മതിച്ചിരുന്നതായും ഇസ്രായേല്‍ ഭരണകൂടം വ്യക്തമാക്കി.
2025 മേയില്‍ ഇസ്രായേല്‍ വധിച്ച കമാന്‍ഡര്‍ മുഹമ്മദ് സിന്‍വാറിന് പകരമായാണ് ഹദ്ദാദ് ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ തലപ്പത്തെത്തുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ യു.എസ് മധ്യസ്ഥതയില്‍ ഒപ്പുവെച്ച താല്‍ക്കാലിക സമാധാന കരാറിന് ശേഷം ഇസ്രായേല്‍ ലക്ഷ്യമിടുന്ന ഏറ്റവും മുതിര്‍ന്ന ഹമാസ് നേതാവാണ് ഇയാള്‍. ട്രംപിന്റെ യുദ്ധാനന്തര പദ്ധതികളെച്ചൊല്ലി ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ സ്തംഭനാവസ്ഥയില്‍ തുടരുന്നതിനിടയിലാണ് ഈ നിര്‍ണായക നീക്കം. ഇത് വെടിനിര്‍ത്തല്‍ ലംഘനമല്ലെന്നും തങ്ങള്‍ക്കെതിരെ നിരന്തര കുറ്റകൃത്യം നേരത്തെ ചെയ്തവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നത് രാഷ്ട്രത്തിന്റെ പൊളിസിയാണെന്നുമാണ് ഇസ്രയേല്‍ പറയുന്നത്.
ബന്ദികള്‍ക്ക് സന്തോഷം
ഒക്ടോബര്‍ ഏഴിന് നഹാല്‍ ഓസ് സൈനിക താവളത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വനിതാ സൈനികരെ ഹദ്ദാദിന്റെ മേല്‍നോട്ടത്തിലാണ് തടവില്‍ പാര്‍പ്പിച്ചിരുന്നത്. ഹദ്ദാദിന്റെ മരണം സംബന്ധിച്ച വാര്‍ത്തകളില്‍ ലിറി അല്‍ബാഗ് സാമൂഹിക മാധ്യമങ്ങളിലൂടെ സന്തോഷം പ്രകടിപ്പിച്ചു. ‘എല്ലാ നായ്ക്കള്‍ക്കും ഒരു ദിവസമുണ്ട്, നീ വെറുമൊരു ഭീരുവായിരുന്നു,’ എന്നായിരുന്നു ലിറിയുടെ അറബിയിലുള്ള കുറിപ്പ്. ഹദ്ദാദിന്റെ അധീനതയിലുള്ള തുരങ്കങ്ങളിലാണ് തങ്ങള്‍ കഴിഞ്ഞിരുന്നതെന്നും, ഹീബ്രു ഭാഷ സംസാരിക്കാന്‍ അറിയാവുന്ന ചുരുക്കം ചിലരില്‍ ഒരാളായതുകൊണ്ട് അയാള്‍ക്ക് തടവുകാരുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്നുവെന്നും ലിറി ചാനല്‍ 12-നോട് ഓര്‍ത്തെടുത്തു.

മറ്റ് ഭീകരര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മറ്റൊരു മുന്‍ തടവുകാരിയായ എമിലി ഡാമരിയും വാര്‍ത്തകളോട് സമാനമായ രീതിയിലാണ് പ്രതികരിച്ചത്. തന്റെ സുഹൃത്തുക്കളുടെ കൊലപാതകത്തിനും സ്വന്തം തട്ടിക്കൊണ്ടുപോകലിനും കാരണക്കാരനായ വ്യക്തിയുടെ അന്ത്യം വലിയൊരു ആശ്വാസമാണെന്ന് അവര്‍ പറഞ്ഞു. ഈ ഭീകരനെ വധിച്ച സുരക്ഷാസേനയോട് നന്ദി രേഖപ്പെടുത്തുന്നതായും, ദൈവസഹായത്താല്‍ ബാക്കിയുള്ള ഭീകരരെയും ഇസ്രായേല്‍ ഇല്ലാതാക്കുമെന്നും എമിലി പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍, ഈ ആക്രമണം നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവി അപകടത്തിലാക്കുമെന്ന ആശങ്കയും ശക്തമാണ്. ഒന്നര ആഴ്ച മുന്‍പ് തന്നെ ഹദ്ദാദിനെ വധിക്കാനുള്ള രാഷ്ട്രീയ അനുമതി ലഭിച്ചിരുന്നതായും കൃത്യമായ നിരീക്ഷണത്തിനൊടുവിലാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേല്‍ സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

