കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ച് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആദ്യ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് അധികാരമേല്‍ക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയെ അവരുടെ കോട്ടയായ ഭവാനിപൂരില്‍ പരാജയപ്പെടുത്തിയാണ് സുവേന്ദു അധികാരി ബിജെപിയെ വന്‍ വിജയത്തിലേക്ക് നയിച്ചത്. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്ഷിക ദിനമായ മെയ് 9 ശനിയാഴ്ച രാവിലെ 11 മണിക്ക് കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ഗവര്‍ണര്‍ ആര്.എന്‍. രവി സത്യവാചകം ചൊല്ലിക്കൊടുക്കും.
ബംഗാളിലെ ഈ രാഷ്ട്രീയ മാറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിവിധ എന്‍ഡിഎ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ കൊല്‍ക്കത്തയില്‍ എത്തും. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ബംഗാള്‍ കൈവരിച്ച ഈ മാറ്റം ആഘോഷമാക്കാനാണ് ബിജെപി തീരുമാനം. ആകെ 264 സീറ്റുകളില്‍ 207 സീറ്റുകള്‍ നേടിയാണ് ബിജെപി ബംഗാളില്‍ അധികാരം പിടിച്ചെടുത്തത്. ഏപ്രില്‍ 23, 29 തീയതികളില്‍ രണ്ട് ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിന്റെ ഫലം മെയ് 4-നാണ് പുറത്തുവന്നത്.
തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ വോട്ട് കൃത്രിമം ആരോപിച്ച് മമത ബാനര്‍ജി രാജിവെക്കാന്‍ വിസമ്മതിച്ചിരുന്നു. ‘ഇന്ത്യ’ മുന്നണിയും ഈ വാദത്തെ പിന്തുണച്ചു. എന്നാല്‍, രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ച ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടതോടെയാണ് മമതയുടെ ഭരണം ഔദ്യോഗികമായി അവസാനിച്ചത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ സുവേന്ദു അധികാരിയുടെ അടുത്ത അനുയായി ചന്ദ്രനാഥ് രഥ് കഴിഞ്ഞ ബുധനാഴ്ച രാത്രി വെടിയേറ്റ് മരിച്ചിരുന്നു. സംഘര്‍ഷഭരിതമായ ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.

