പാലക്കാട് : വോട്ടിനു വേണ്ടി പണം നൽകിയെന്ന ആരോപണത്തിൽ മറുപടിയുമായി എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. എല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ മാത്രമെന്നാണ് ശോഭാ സുരേന്ദ്രൻ വിശദീകരിക്കുന്നത്. ഇന്നലെ തന്നെ പരാതി കലക്ടറേറ്റിൽ എത്തിയിരുന്നു. അതിനുശേഷം ഇന്നലെ മുതൽ ഒരു കാറിൽ തന്നെ ഒരു സംഘം പിന്തുടരുകയായിരുന്നു. ഒരു ക്യാൻസർ രോഗിയെ കാണാനായി ഓട്ടോറിക്ഷ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ഒരു കാർ പിന്തുടർന്ന് വന്നത്. കാറിലിരുന്ന് ചെറുപ്പക്കാരൻ ആരാണ് എന്ന് അറിയാൻ മുന്നോട്ട് പോയി അപ്പോൾ മകൻറെ പ്രായമുള്ള ഒരാൾ തനിക്ക് നേരെ അധിക്ഷേപ ആംഗ്യം കാട്ടി. അതിനെതിരെ പ്രതികരിക്കുകയാണ് ഉണ്ടായത്.
അതിനുമുമ്പ് തന്നെ ഒരു മാധ്യമം തനിക്ക് നേരെ വാർത്ത നൽകിക്കൊണ്ടേയിരിക്കുന്നു. എന്നാൽ പുറത്തുവന്ന ദൃശ്യത്തിൽ കണ്ട സ്ത്രീ തന്റെ കൂടെ വന്നയാളല്ല. ആ സ്ത്രീയുമായി തനിക്ക് ബന്ധമില്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
വെള്ള ചുരിദാറിട്ട ഒരു സ്ത്രീയാണ് വയോധികയ്ക്ക് പണം നൽകിയതായി ദൃശ്യത്തിൽ കാണുന്നത്. എന്നാൽ ആ സ്ത്രീ തന്റെ കൂടെ വന്നതല്ല എന്ന് ആവർത്തിക്കുകയാണ് ശോഭാ സുരേന്ദ്രൻ.
മാധ്യമങ്ങൾ ഉൾപ്പെടെ തന്നെ വേട്ടയാടാൻ ശ്രമിക്കുകയാണെന്നും ശോഭാസുരേന്ദ്രൻ ആരോപിച്ചു.

