വട്ടിയൂർക്കാവ് ബി.ജെ.പി കൺവെന്‍ഷനിൽ നാടകീയരംഗങ്ങൾ: കേന്ദ്രമന്ത്രി പേര് പരാമർശിക്കാത്തതിനെ തുടർന്ന് ആർ. ശ്രീലേഖ വേദിയിൽ നിന്ന് ഇറങ്ങിപോയി

insight kerala

തിരുവന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പിന്‍റെ ഭാഗമായി വട്ടിയൂർകാവ് മണ്ഡലത്തൽ നടന്ന ബി.ജെ.പി കൺവെന്‍ഷനിൽ നാടകീയ രംഗങ്ങൾ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഓൺലൈനായി പങ്കെടുത്ത പരിപാടിയിൽ മന്ത്രി തന്‍റെ പേര് പരാമർശിക്കാത്തതിനെ തുടർന്ന് മണ്ഡലത്തിലെ സ്ഥാനാർഥിയായ ആർ ശ്രീലേഖ വേദിയിൽ നിന്ന് ഇറങ്ങിപോയി. കേന്ദ്രമന്ത്രി ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചതിന് പിന്നാലെയാണ് ശ്രീലേഖ പരിപാടി ബഹിഷ്കരിച്ചത്. ഉദ്ഘാടനവേളയിലെ പ്രസംഗത്തിനിടയിൽ രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാൽ തന്‍റെ മണ്ഡലത്തിന്‍റെയോ തന്‍റെയോ പേര് പരാമർശിക്കാത്തതിന്‍റെ ശ്രീലേഖ പരിഭവത്തിൽ വേദി വിടുകയായിരുന്നു. പിന്നാലെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.സോമന്‍ ഉൾപ്പെടെയുള്ള നേതാക്കൾ അനുനയിപ്പിച്ചാണ് അവരെ തിരികെ വേദിയിൽ എത്തിച്ചത്.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാർഥിയായാണ് മുന്‍ ഡി.ജി.പി കൂടിയായ ആര്‍. ശ്രീലേഖ മത്സരിക്കുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്നേ തന്നെ മണ്ഡലത്തില്‍ താമര ചിഹ്നം വരച്ച് ശ്രീലേഖ പ്രചാരണം ആരംഭിച്ചിരുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയിലും ശ്രീലേഖ വേദിയില്‍ നിന്ന് വിട്ടുനിന്നത് വാര്‍ത്തയായിരുന്നു. അന്ന് ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് താന്‍ വരാതിരുന്നതെന്നായിരുന്നു ശ്രീലേഖയുടെ വിശദീകരണം.

Share This Article