ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇപ്പോഴും തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള ക്ഷാമം പൂർണ്ണമായി പരിഹരിക്കാൻ ആയിട്ടില്ല. പലയിടത്തും ജലവിതരണം ഭാഗികമായി മാത്രമാണ് പൂർത്തിയാക്കിട്ടുള്ളത്. ഒപ്പം മണക്കാട് കളിപ്പങ്കുളത്ത് റോഡിൽ കുഴി രൂപപ്പെട്ടതോടെ ഗതാഗതകുരുക്കും രൂക്ഷമാണ്.
കഴിഞ്ഞ 12 ദിവസമായി തുടരുന്ന തിരുവനന്തപുരത്തെ കുടിവെള്ളക്ഷാമത്തിൽ വ്യാപകമായി പരാതി ഉയർന്നതോടെ ഭാഗികമായി പ്രശ്നം പരിഹരിച്ചെങ്കിലും ഇപ്പോഴും പൂർണതോതിൽ കുടിവെള്ള വിതരണം പുന സ്ഥാപിച്ചിട്ടില്ല. ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകൾ മാത്രമാണ് ബാക്കി ഉള്ളത്. കുടിവെള്ള പ്രശ്നത്തിന് താൽക്കാലിക പരിഹാരമായി കോർപറേഷൻ ഓരോ വാർഡുകൾക്കും ഓരോ ടാങ്കർ വീതം നൽകിയിട്ടുണ്ടെങ്കിലും അത് പര്യാപ്തമാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
നിലവിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
അതേസമയം മണക്കാട് കളിപ്പങ്കുളത്ത് ഗ്യാസിന് വേണ്ടി ലൈൻ എടുത്തിരുന്ന റോഡിൽ രാവിലെയോടെ വലിയ കുഴി രൂപപ്പെട്ടു.. കുഴിയിൽ അകപ്പെട്ട വാഹനത്തെ ക്രയിൻ ഉപയോഗിച്ചാണ് മാറ്റിയത്. ഉടൻ എന്തെങ്കിലും പരിഹാരമുണ്ടായില്ലെങ്കിൽ കുഴി റോഡിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കും. ആറ്റുകാൽ പൊങ്കാല കൂടി അടുത്തിരിക്കുന്ന സാഹചര്യത്തിൽ വലിയ ഗതാഗതക്കുരുക്കിനും സാധ്യതയുണ്ട്.

