പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അതിരൂക്ഷ ഭാഷയിൽ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ. വർഗീയവാദികൾക്ക് കുടപിടിക്കുന്ന സതീശൻ രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഈഴവനായ തന്നെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് സതീശന് ഇഷ്ടമായില്ല. മുസ്ലിംലീഗിന്റെ സ്വരമാണ് സതീശനുള്ളത്. വി ഡി സതീശന് വട്ടാണ്. ഊളമ്പാറക്ക് വിടണം. തുടങ്ങി കടുത്ത വിമർശനങ്ങളാണ് വെള്ളാപ്പള്ളി സതീശനെതിരെ നടത്തിയത്. എസ് എൻ ഡി പി യോഗം കണയന്നൂർ യൂണിയൻ വനിതാ സംഘത്തിന്റെ മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്തുകൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ചത്. കഴിഞ്ഞദിവസം കാന്തപുരം അബൂബക്കർ മുസലിയാരുടെ കേരള യാത്രയുടെ സമാപനത്തിൽ വെള്ളാപ്പള്ളിക്കെതിരെ പരോക്ഷ വിമർശനം പ്രതിപക്ഷ നേതാവ് നടത്തിയിരുന്നു. വർഗീയ വാദം പറയുന്നവരെ കാറിൽ കയറ്റുന്നു എന്ന വി ഡി സതീശന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് വെള്ളാപ്പള്ളി ഇന്ന് കടന്നാക്രമിച്ചത്.
സതീശൻ മുഖ്യമന്ത്രിയാകുമോയെന്ന് കാത്തിരുന്ന് കാണാമെന്നും എസ് എൻ ഡി പി ജനറൽ സെക്രട്ടറി പറഞ്ഞു. യു ഡി എഫ് അധികാരത്തിൽ എത്തിയാൽ ഭരിക്കാൻ പോകുന്നത് മുസ്ലീം ലീഗായിരിക്കും. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളത്തിൽ വർഗീയ കലാപം ഉണ്ടായിട്ടില്ല. എന്റെ മലപ്പുറം പ്രസംഗം വിവാദമാക്കുന്നത് വർഗീയ കലാപം ഉണ്ടാക്കാനാണ്. നായാടി മുതൽ നമ്പൂതിരി വരെ എന്ന മുദ്രാവാക്യം മാറി, ഇനി നായാടി മുതൽ നസ്രാണി വരെ എന്നതാണ് മുദ്രാവാക്യം. നായാടി മുതൽ നസ്രാണി വരെയുള്ളവർ ഒരുമിച്ച് നിൽക്കേണ്ട കാലമാണിതെന്നും മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. പൊതുഅജണ്ടയിൽ മുസ്ലീം സമുദായവും വന്നാൽ ഉൾപ്പെടുത്താം. ക്രിസ്ത്യൻ സമുദായത്തിന് ഭയമുണ്ടെന്ന് എല്ലാവർക്കും അറിയമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

