ഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കൾ ഡൽഹിയിൽ മൂന്നാം ദിവസവും പ്രതിഷേധം തുടരുന്നു. ഇന്ന് മഹാത്മാഗാന്ധിയുടെ സ്‌മാരകമായ രാജ്ഘട്ടിലേക്കാണ് പ്രതിപക്ഷ നേതാക്കൾ പ്രതിഷേധവുമായി എത്തിയത്. രാജ്ഘട്ടിൽ പ്രാർത്ഥന നടത്തിയശേഷം നേതാക്കൾ മടങ്ങുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളിലും വോട്ടർ പട്ടിക പുതുക്കുന്നതിലെ പ്രത്യേക തീവ്ര പരിശോധനയിലും ക്രമക്കേടുകൾ നടന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് ഇന്ത്യ സഖ്യത്തിലെ നേതാക്കൾക്കായി ഡൽഹിയിലെ കോണോട്ട് പ്ലേസിൽ ഉച്ചഭക്ഷണ യോഗം സംഘടിപ്പിച്ചിരുന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, കെസി വേണുഗോപാൽ തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കൊപ്പം വിവിധ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. സമാജ്‌വാദി പാർട്ടി, ശിവസേന ഉദ്ധവ് വിഭാഗം, എൻസിപി ശരദ് പവാർ വിഭാഗം എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
യോഗത്തിന് ശേഷം പ്രതിപക്ഷ നേതാക്കൾ ബസുകളിലായി രാജ്ഘട്ടിലേക്ക് പുറപ്പെട്ടു. ഇത് കണക്കിലെടുത്ത് പ്രദേശത്ത് വലിയ തോതിൽ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. രാജ്ഘട്ടിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു. പ്രതിഷേധം തടയാൻ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്‌തു
ഗ്യാനേഷ് കുമാറിന്റെ രാജിയാണ് പ്രതിഷേധത്തിന്റെ പ്രധാന ആവശ്യം. വോട്ടർ പട്ടികയിൽ നടത്തിയ പ്രത്യേക തീവ്ര പരിശോധനയിലൂടെ വലിയ തോതിൽ പേരുകൾ നീക്കം ചെയ്‌തതായും ഇതിലൂടെ വോട്ടവകാശത്തെ ബാധിക്കുന്ന സാഹചര്യമുണ്ടായതായും പ്രതിപക്ഷം ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.
പ്രതിഷേധത്തിന് മുമ്പ് സംസാരിച്ച രാഹുൽ ഗാന്ധി, സമാധാനപരമായി പ്രതിഷേധിക്കാൻ ശ്രമിച്ച പ്രതിപക്ഷ എംപിമാരെ പോലീസ് തടഞ്ഞതായി ആരോപിച്ചു. രണ്ട് ദിവസമായി പ്രതിഷേധം നടത്താൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്കും പിന്നീട് ജന്തർ മന്തറിലേക്കും നടത്തിയ പ്രതിഷേധ മാർച്ചുകൾ പോലീസ് തടഞ്ഞിരുന്നു.

