ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ചും പിഎസ്സിയും തമ്മിലുള്ള അധികാര വടംവലി കോടതി കയറുന്നു. മൊഴിയെടുക്കാനും ചോദ്യം ചെയ്യലിനുമായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് അന്വേഷണ സംഘം മേധാവി ഐജി അജിതാ ബീഗം നൽകിയ നോട്ടീസിനെതിരെനിയമ നടപടി സ്വീകരിക്കാനാണ് തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചത്. ഈ സാഹചര്യത്തിൽ പിഎസ്സി അംഗങ്ങളായ ഡോ. എസ് ശ്രീകുമാർ,.എസ്.എ. സെയിഫ് ,ഡോ.സി കെ ഷാജിബ് ,ഡോ.സ്റ്റാനി തോമസ് എന്നിവർ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. അംഗങ്ങൾ ഹാജരാകില്ലെന്ന നിലപാടെടുത്തതോടെ ക്രൈംബ്രാഞ്ചും നിയമോപദേശം തേടിയിരിക്കുകയാണ്. പി.എസ്.സി അംഗങ്ങൾ ഹാജരാകുന്നതിന് മുൻ കോടതി വിധികൾ എന്തെങ്കിലും തടസ്സമായി നിൽക്കുന്നുണ്ടോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്. നിയമോപദേശം ലഭിച്ച ശേഷം മാത്രമേ പി.എസ്.സി ചെയർമാൻ അടക്കമുള്ള മറ്റ് 12 അംഗങ്ങൾക്ക് നോട്ടീസ് നൽകുന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ. നിയമവശങ്ങൾ പരിശോധിച്ച ശേഷം ചോദ്യം ചെയ്യലിന്റെ നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം.
