സ്പെഷ്യല്‍ റിപ്പോര്‍ട്ട്- സിനിമ
കെ വി നിരഞ്ജന്
വെറും 52-ാമത്തെ വയസ്സില്‍, ചലച്ചിത്രലോകത്ത് കത്തിനില്‍ക്കെ അഭിനയം അവസാനിപ്പിച്ചുകൊണ്ട് ജോസഫ് വിജയ് തമിഴക മുഖ്യമന്ത്രിയായപ്പോള്‍, അത് ടോളിവുഡ്ഡിന് വലിയ നഷ്ടമായിരുന്നു. അടിക്കടി ഹിറ്റുകള്‍ സൃഷ്ടിക്കുന്ന വിജയുടെ അഭാവം ആരുനികത്തുമെന്നാണ് സിനിമാ ഓണ്‍ലൈനുകള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ ഇപ്പോള്‍ അതിനുള്ള ഉത്തരമായി. വിജയുടെ ഗ്യാപ്പിലേക്ക് ഉയര്‍ന്നുവരുന്നത് നടന് സൂര്യയാണ്. സീരിയല്‍ നിലവാരത്തിലുള്ള ചിത്രം എന്ന് വിമര്‍ശിക്കപ്പെട്ടിട്ടും സൂര്യയുടെ പുതിയ ചിത്രമായ, വിശ്വനാഥ് ആന്‍ഡ് സണ്‍സിന് വരുന്ന കളക്ഷന്‍ ഞെട്ടിക്കുന്നതാണ്.
ചിത്രം, സാമ്പത്തികമായി വന്‍ വിജയം നേടി ബോക്സ് ഓഫീസില്‍ മുന്നേറുകയാണ്. വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 130 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ്. റിലീസിന് മുന്‍പ് തന്നെ ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങളിലൂടെയും മറ്റും ചിത്രം 200 കോടിയിലധികം രൂപയുടെ ബിസിനസ്സ് സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത് ആദ്യ ആഴ്ച പിന്നിടുമ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 141 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് വെറും 4 ദിവസത്തിനുള്ളില്‍ തന്നെ ചിത്രം 150 കോടിയിലധികം രൂപ നേടിയതായി നിര്‍മ്മാതാക്കളായ സിതാര എന്റര്ടൈന്മെന്റ്സ് ഔദ്യോഗികമായി അറിയിച്ചിരുന്നു.വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ഈ ഫാമിലി എന്റര്‍ടൈനര്‍ ചിത്രത്തില്‍ മലയാളി താരം മമിത ബൈജുവാണ് നായികയായി അഭിനയിച്ചിരിക്കുന്നത്.

ആവറേജ് ചിത്രമായിട്ടും പണമൊഴുകുന്നു
സാമ്പത്തികമായി ചിത്രം വലിയ വിജയമാണെങ്കിലും,സിനിമാ നിരൂപകരില്‍ നിന്നും ഒരു വിഭാഗം പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ്. ഒരു സീരിയല്‍ നിലവാരത്തിലുള്ള മെലോഡ്രാമയാണ് ചിത്രമെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. സഞ്ജയ് വിശ്വനാഥ് എന്ന (സൂര്യ) 42 വയസ്സുള്ള ഒരു വലിയ ബിസിനസുകാരനും ഒളിമ്പിക് മെഡല്‍ ജേതാവുമായ ഷൂട്ടറിന്റെ കഥയാണിത്. അമ്മയുടെ (രാധിക ശരത്കുമാര്) ആഗ്രഹപ്രകാരം ഒരു അവകാശിയെ നേടാനായി അദ്ദേഹം വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ സ്വന്തമാക്കുന്നു. എന്നാല്‍ കുഞ്ഞിന് ഗുരുതരമായ ഒരു ആരോഗ്യപ്രശ്നം ഉണ്ടാകുമ്പോള്‍, കുഞ്ഞിനെ രക്ഷിക്കാനായി യഥാര്‍ത്ഥ അമ്മയായ മാഡി (മമിത ബൈജു) എന്ന 22 വയസ്സുകാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സഞ്ജയിന്റെ ജീവിതത്തിലേക്ക് വരുന്നു. തുടര്‍ന്ന് അവര്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രായവ്യത്യാസമുള്ള പ്രണയവും കുടുംബ പശ്ചാത്തലവുമാണ് ചിത്രത്തിന്റെ പ്രമേയം.

സൂര്യ തന്റെ പ്രായത്തിനൊത്ത, പക്വതയാര്‍ന്ന വേഷം വളരെ മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്. മാസ്സ് ഹീറോ ഇമേജ് മാറ്റിനിര്‍ത്തി വൈകാരിക രംഗങ്ങളില്‍ അദ്ദേഹം തിളങ്ങി. മമിത ബൈജു തന്റെ ഊര്‍ജ്ജസ്വലമായ അഭിനയം കൊണ്ട് ചിത്രത്തിന് പുതുമ നല്കി. രാധിക ശരത്കുമാറിന്റെ അമ്മ വേഷവും മികച്ചതായിരുന്നു. ചിത്രത്തിന്റെ ആദ്യ പകുതി വളരെ വേഗത്തില്‍ പോകുന്നതും, കോമഡിക്കും പ്രണയത്തിനും പ്രാധാന്യം നല്കിയുള്ളതുമാണ്.പക്ഷേ സീരിയല്‍ നിലവാരത്തിലുള്ള രണ്ടാം പകുതി. അതോടെ ചിത്രം അനാവശ്യമായ വൈകാരിക രംഗങ്ങളിലേക്കും മെലോഡ്രാമയിലേക്കും വഴിമാറുന്നു. ഇത് പലര്‍ക്കും ടെലിവിഷന്‍ സീരിയലുകളുടെ അനുഭവം നല്കി. കഥാഗതി വളരെ പ്രവചനാതീതമാണ്. മുമ്പ് പല സിനിമകളിലും കണ്ടു മടുത്ത കുടുംബ മഹിമയും കര്‍ഷകരുടെ പ്രാധാന്യവും ഒക്കെ പറയുന്ന ക്ലീഷേ രംഗങ്ങള്‍ വെങ്കി അറ്റ്ലൂരി ഇതിലും ആവര്‍ത്തിച്ചിട്ടുണ്ട്. 2 മണിക്കൂര്‍ 41 മിനിറ്റുള്ള ചിത്രത്തിന്റെ രണ്ടാം പകുതിയിലെ പല രംഗങ്ങളും വലിപ്പിച്ചു നീട്ടിയതായി തോന്നിപ്പിക്കും. എന്നിട്ടും ചിത്രം വിജയിക്കുന്നുണ്ടെങ്കില്‍ അതുപിന്നില് ഒറ്റഘടകമേയുള്ളൂ. സൂര്യ എന്ന നടന്. അയാളെ കാണാന്‍ ജനം ഒഴുകിയെത്തുകയാണ്.

