പത്തനംതിട്ട :രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടു. 2018ലെ പ്രളയത്തിന് സമാനമായ സാഹചര്യം ആണ് ഇപ്പോൾ ജില്ലയിലുള്ളത്. ഇപ്പോഴത്തെ മഴയിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായ ജില്ലകളിൽ ഒന്നാണ് പത്തനംതിട്ട. നിരവധി വീടുകളും സ്ഥാപനങ്ങളും കടകളും ഒലിച്ചുപോയി. പൂർണ്ണമായും തകർന്നതും ഭാഗികമായി തകർന്നതും നിരവധി കെട്ടിടങ്ങൾ. ഇപ്പോഴും റാന്നിയും ആറന്മുളയും വെള്ളക്കെട്ടിലും മാലിന്യത്തിലും തന്നെയാണ്.
സർക്കാർ സംവിധാനങ്ങൾ പൂർണ്ണമായും പാളി എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സിപിഎം ജില്ലാ നേതൃത്വം കടുത്ത പ്രതിഷേധവുമായി രംഗത്തുണ്ട്. റാന്നിയും പരിസരവും വൃത്തിയാക്കാൻ ഡിവൈഎഫ്ഐ രംഗത്തിറങ്ങിയിരുന്നു. സർക്കാറിന്റെ ഏകോപനം പൂർണ്ണ പരാജയം എന്ന് ആരോപിച്ച് ജില്ലാ സെക്രട്ടറി രാജു എബ്രഹാം രംഗത്ത് വന്നിരുന്നു.
അതേസമയം കൂടുതൽ സർക്കാർ സഹായം അഭ്യർത്ഥിച്ച് ഭരണപക്ഷത്തു നിന്ന് തന്നെ ആറന്മുള എംഎൽഎ അബിൻ വർക്കിയും രംഗത്തുണ്ട്. അപ്രതീക്ഷിതമായ ദുരന്തത്തിലാണ് ആറന്മുളയിലുണ്ടായത്. റാന്നിയിൽ കയറിയ വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണ്. റാന്നിയിൽ കുറയുന്നതിനനുസരിച്ച് ആറന്മുളയിൽ വെള്ളം കൂടും. ആറന്മുള നിയോജകത്തിലെ വിവിധ പഞ്ചായത്തുകളിൽ വലിയ ദുരന്തമാണ് ഉണ്ടായത്. റവന്യൂ വകുപ്പ് കുറച്ചുകൂടി കാര്യക്ഷമമായി ഇടപെടണമെന്നും ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം വേണമെന്നുമാണ് അബിൻ വർക്കി ആവശ്യപ്പെടുന്നത്.
അതേസമയം കടുത്ത പ്രതിഷേധവുമായി നാട്ടുകാരും വ്യാപാരികളും രംഗത്തുണ്ട്. മാലിന്യ കൂമ്പാരമായി മാറിയ റാന്നിയും ആറന്മുളയും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പൂർവസ്ഥിതിയിലേക്ക് ആക്കാൻ ദിവസങ്ങൾ വേണ്ടിവരും. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ല എന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.

