മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ സ്വകാര്യ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ വ്യാപക വിമർശനം . മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബഫാഖി തങ്ങളുടെ വസതിയിൽ നടന്ന ഉച്ചഭക്ഷണത്തിൽ മുഖ്യമന്ത്രി പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിമർശനം ശക്തമായത്.
മുഖ്യമന്ത്രിയുടെ സന്ദർശന ദൃശ്യങ്ങൾ ഫൈസൽ ബഫാഖി തങ്ങൾ തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയവും മഴക്കെടുതിയും രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ഇത്തരമൊരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്തത് സമയോചിതമല്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന വിമർശനം.
റോമാ നഗരം കത്തിയമരുമ്പോൾ നീറോ വീണ മീട്ടുന്നതിന് തുല്യമെന്ന് വി ശിവൻകുട്ടി വിമർശിച്ചു. കോവിഡും പ്രളയവും അതിജീവിച്ചപ്പോൾ അതിന് നേതൃത്വം നൽകിയ ക്യാപ്റ്റൻ പിണറായി വിജയനെ കണ്ടു പഠിക്കണം വി ഡി സതീശൻ എന്നാണ് ശിവൻകുട്ടി പറഞ്ഞത്. പി. സരിനും വിമർശനവുമായി രംഗത്തെത്തി. “കാലവർഷക്കെടുതികൾക്കിടയിൽ മുഖ്യമന്ത്രി പൊന്നാനി എംഎൽഎയ്ക്കൊപ്പമുള്ള രക്ഷാപ്രവർത്തന ഏകോപനത്തിന്റെ അപൂർവ ദൃശ്യങ്ങൾ” എന്ന പരിഹാസക്കുറിപ്പോടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപിയും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. ദുരന്തബാധിതരായ ആയിരക്കണക്കിന് ആളുകൾ ദുരിതത്തിലായിരിക്കെ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ഔദ്യോഗിക ഉത്തരവാദിത്തങ്ങൾക്കുപകരം സ്വകാര്യ സൽക്കാരത്തിൽ പങ്കെടുക്കുന്നത് ജനങ്ങൾക്ക് നൽകുന്ന തെറ്റായ സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്തസാഹചര്യത്തിൽ ജനങ്ങൾക്ക് ആത്മവിശ്വാസം പകരുകയും രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിക്കുകയും ചെയ്യേണ്ട സമയമാണിതെന്നും, അതിനുപകരം സ്വകാര്യ പരിപാടികൾക്ക് പ്രാധാന്യം നൽകിയത് അനവസരത്തിലുള്ള നടപടിയാണെന്നും എ.എ. റഹീം കുറ്റപ്പെടുത്തി.

