മെഡിക്കല്‍ കോളേജിലെ എക്‌സ്-റേ മുറിയില്‍ ബോംബ് നിര്‍മ്മാണത്തിന്റെ ബ്ലൂ പ്രിന്റ്? അയോധ്യയിലെ രാജര്‍ഷി ദശരഥ് ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി കസ്റ്റഡയില്‍; ഇന്ത്യ വീണ്ടും വൈറ്റ് കോളര്‍ ടെററിസ ഭീതിയില്‍?

insight kerala

കെ വി നിരഞ്ജൻ

ന്യൂഡല്‍ഹി: 2025 നവംബറില്‍ ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടന കേസിന്റെ ഓര്‍മ്മകള്‍ രാജ്യം മറന്നിട്ടില്ല. ഡോക്ടര്‍മാരുടെ നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന, വൈറ്റ് കോളര്‍ ഭീകരവാദത്തിന്റെ പ്രശ്‌നങ്ങള്‍ വെളിപ്പെട്ടത് അന്നായിരുന്നു. ഫരീദാബാദിലെ അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി ജീവനക്കാരായ മൂന്ന് പ്രധാന പ്രതികളായിരുന്നു അന്നത്തെ സ്‌ഫോടനത്തിന് പിന്നില്‍. സമാനമായ ഒരു സംഭവത്തിനാണ് രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. അയോധ്യയിലെ രാജര്‍ഷി ദശരഥ് ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കല്‍ കോളേജില്‍ ബോംബ് നിര്‍മ്മിക്കുന്നതിനുള്ള വിവരങ്ങള്‍ അടങ്ങിയതെന്ന് സംശയിക്കുന്ന രേഖ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തിരിക്കയാണ്. മെഡിക്കല്‍ കോളേജിലെ എക്‌സ്-റേ മുറിയില്‍ നിന്നാണ് വകുപ്പ് മേധാവി ഈ രേഖ കണ്ടെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.രേഖ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രി എക്‌സ്-റേ മുറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒന്നാം വര്‍ഷ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ത്ഥിയായ മുഹമ്മദ് സര്‍ഫ്രാസാണ് രേഖ തയ്യാറാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ സ്വദേശിയായ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.’ഹോളണ്ട് ഹാള്‍’ എന്ന വാക്ക്, കെമിക്കല്‍ ഫോര്‍മുലകള്‍, ഡയഗ്രാമുകള്‍, സ്‌ഫോടകവസ്തുക്കളുടെ നിര്‍മ്മാണരീതി എന്നിവ ഈ പേപ്പറില്‍ ഉണ്ടായിരുന്നു. രാത്രി ഡ്യൂട്ടിക്കിടെ മൊബൈലില്‍ കണ്ട ഒരു സിനിമയില്‍ നിന്നാണ് താന്‍ ഈ വിവരങ്ങള്‍ കുറിപ്പിലേക്ക് പകര്‍ത്തിയത് എന്നാണ് കസ്റ്റഡിയിലുള്ള വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇന്റലിജന്‍സ് ബ്യൂറോ , സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് തുടങ്ങിയ വിവിധ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കൈയെഴുത്തുപ്രതിയായ ഈ രേഖയില്‍ സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഘടകങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഗേജ് വയര്‍, അമോണിയം കാര്‍ബണേറ്റ്, റെഡ് ഫോസ്ഫറസ്, റെഡ് സള്‍ഫൈഡ്, നൈട്രിക് ആസിഡ് തുടങ്ങിയ വസ്തുക്കളുടെ വിവരങ്ങളാണ് ഇതിലുള്ളത്. രേഖ കണ്ടെത്തിയ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചതായി മെഡിക്കല്‍ കോളേജ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. അരവിന്ദ് സിംഗ് പറഞ്ഞു. ‘അന്വേഷണം പുരോഗമിക്കുകയാണ്, ഇതിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും’- അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, കണ്ടെടുത്ത രേഖയ്ക്ക് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യ ലക്ഷ്യങ്ങളുമായി ബന്ധമുണ്ടോ എന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സാധ്യമായ എല്ലാ വശങ്ങളും അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം, സംഭവത്തെ തുടര്‍ന്ന് കോളേജ് ഭരണകൂടം ജാഗ്രത ശക്തമാക്കുകയും കാമ്പസിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പുനഃപരിശോധിക്കാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഫരീദാബാദിലെ അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ നടത്തിയിരുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകര ശൃംഖല തകര്‍ത്തതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം പുറത്തുവരുന്നത്. 2025 നവംബര്‍ 10-ന് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ച് 15 പേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയായിരുന്നു ആ ഭീകര ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

Share This Article