സ്പെഷ്യൽ റിപ്പോർട്ട്
എം മാധവദാസ്
ലോകത്തിലെ മുഴുവന്‍ മുസ്ലീങ്ങളോടും ജിഹാദിന് ഇറങ്ങാന്‍ ആഹ്വാനം ചെയ്ത ഡോക്ടര്‍. അതാണ്, ഡോ. ജിഹാദ്’ എന്ന് അറിയപ്പെട്ടിരുന്ന താരിഖ് കംലെഹ്.
കൊല്ലപ്പെട്ടുവെന്ന് കരുതിയിരുന്ന ഇയാള്‍ ജീവനോടെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017-ല്‍ സിറിയയിലെ റഖയില്‍ നടന്ന യുദ്ധത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍, ഇയാള്‍ നിലവില്‍ ഇറാഖിലെ ബാഗ്ദാദിലുള്ള അതീവ സുരക്ഷാ ജയിലില്‍ തടവിലാണെന്ന് ഇറാഖ് സുപ്രീം കോടതി രേഖകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ ജനിച്ച്, അഡ്ലെയ്ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ഒരു ശിശുരോഗ വിദഗ്ധനാണ് താരിഖ്. ഓസ്ട്രേലിയയില്‍ ഒരു ‘പാര്‍ട്ടി ബോയ്’ ആയി ആഡംബര ജീവിതം നയിച്ചിരുന്ന വ്യക്തിയില്‍നിന്ന് ഐസിസ് ഭീകരനിലേക്കുള്ള അയാളുടെ യാത്ര ഞെട്ടിക്കുന്നതാണ്്.
‘ബ്രെയിന്‍ വാഷിംഗിന്റെ’ ഇരയല്ല
ഇയാള്‍ ഒരു ‘ബ്രെയിന്‍ വാഷിംഗിന്’ ഇരയായതല്ലെന്നും, മറിച്ച് വ്യക്തമായ തീരുമാനത്തോടെയാണ് സംഘടനയില്‍ ചേര്‍ന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.മറ്റ് പല വിദേശ യുവാക്കളെയും പോലെ സോഷ്യല്‍ മീഡിയ വഴിയുള്ള ഐസിസിന്റെ അതിശക്തമായ ഓണ്‍ലൈന്‍ പ്രചാരണങ്ങളിലാണ് താരിഖ് ആദ്യം വീണത്. പാശ്ചാത്യ രാജ്യങ്ങള്‍ മുസ്ലിം ജനതയോട് അനീതി കാണിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഇയാളെ സ്വാധീനിച്ചു. സിറിയയിലെയും ഇറാഖിലെയും യുദ്ധബാധിത പ്രദേശങ്ങളില്‍ മുസ്ലിം കുട്ടികളും സ്ത്രീകളും ചികില്‍സ കിട്ടാതെ മരിക്കുന്നുണ്ടെന്ന ഐസിസിന്റെ പ്രചാരണം ഒരു ശിശുരോഗ വിദഗ്ദ്ധനായ താരിഖിനെ ആകര്‍ഷിച്ചു. ഒരു ഡോക്ടര്‍ എന്ന നിലയില്‍ അവിടെയുള്ളവരെ സഹായിക്കേണ്ടത് തന്റെ ‘ജിഹാദ്’ (വിശുദ്ധ യുദ്ധം) ആണെന്ന് ഇയാള്‍ വിശ്വസിച്ചു.:

ഐസിസില്‍ ചേര്‍ന്ന ശേഷം താരിഖ് അയച്ച ഇമെയിലുകളില്‍, സിറിയയിലെ സാധാരണക്കാരുടെ മേല്‍ പാശ്ചാത്യ സഖ്യകക്ഷികള്‍ നടത്തുന്ന വ്യോമാക്രമണങ്ങളാണ് തന്നെ ഓസ്ട്രേലിയയോട് അകറ്റിയതെന്ന് ഇയാള്‍ പറഞ്ഞിരുന്നു. താന്‍ ഇനി ഒരു ഓസ്ട്രേലിയക്കാരനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇയാള്‍ വ്യക്തമാക്കി.താന്‍ ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയോ അല്ലെങ്കില്‍ മസ്തിഷ്കപ്രക്ഷാളനംചെയ്യപ്പെട്ടോ അല്ല ഐസിസില്‍ എത്തിയതെന്നും, സ്വന്തം അറിവോടും ബോധ്യത്തോടും കൂടിയാണ് ഈ തീരുമാനമെടുത്തതെന്നും താരിഖ് തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.
2015-ല്‍ ഓസ്ട്രേലിയയില്‍ നിന്ന് മലേഷ്യയും തുര്‍ക്കിയും വഴി സിറിയയിലെത്തി ഇയാള്‍ ഐഎസിസ് ഭീകരസംഘടനയില്‍ ചേര്‍ന്നു.
ഡോ ജിഹാദാവുന്നു
സംഘടനയില്‍ ഇയാള്‍ ‘അബു യൂസഫ് അല്‍-ഓസ്ട്രേലി’ എന്ന പേര് സ്വീകരിച്ചു. ഐഎസിസില്‍ ചേര്‍ന്ന ശേഷം ശസ്ത്രക്രിയാ വസ്ത്രങ്ങള്‍ ധരിച്ച്, നവജാത ശിശുക്കളെ കൈകളില്‍ ഏന്തിക്കൊണ്ടുള്ള ഐഎസിസിന്റെ ആഗോള പ്രചാരണ വീഡിയോകളില്‍ ഇയാള്‍ പ്രത്യക്ഷപ്പെട്ടു. ലോകമെമ്പാടുമുള്ള മറ്റ് മുസ്ലിം ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും തങ്ങളുടെ ജോലി ഉപേക്ഷിച്ച് ഐഎസിസില്‍ ചേരണമെന്ന് ഇയാള്‍ വീഡിയോയിലൂടെ ആഹ്വാനം ചെയ്തു. ഈ പ്രചാരണങ്ങളിലൂടെയാണ് ഇയാള്‍ക്ക് ആഗോള മാധ്യമങ്ങള്‍ ‘ഡോ. ജിഹാദ്’ എന്ന പേര് നല്‍കിയത്.

വെറുമൊരു ഡോക്ടര്‍ എന്നതിലുപരി, തോക്കുകളേന്തിയും യുദ്ധവസ്ത്രങ്ങള്‍ ധരിച്ചും പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ജിഹാദ് പ്രഖ്യാപിക്കുന്ന വീഡിയോകളും ഇയാള്‍ പങ്കുവെച്ചിരുന്നു. 2017-ലെ യുദ്ധത്തെ അതിജീവിച്ച ഇയാള്‍ ഐഎസിസിന്റെ ഫീല്‍ഡ് ഡോക്ടറായി തുടരുകയും 2019-ല്‍ യുഎസ് സൈന്യത്തിന്റെ പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിന്റെ പിടിയിലാവുകയും ചെയ്തു. പിന്നീട് ഇറാഖിലേക്ക് കൈമാറുകയായിരുന്നു. ജയിലില്‍ കഴിയുന്ന ഇയാള്‍ ഓസ്ട്രേലിയയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് യാതൊരുവിധ സഹായവും നല്‍കില്ലെന്നും തിരികെ എത്തിയാല്‍ കടുത്ത ഭീകരവിരുദ്ധ നിയമപ്രകാരം വിചാരണ ചെയ്യുമെന്നും ഓസ്ട്രേലിയന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

