ഇ ശ്രീധരൻ്റെ അതിവേഗ റെയിൽ നടപ്പാക്കില്ല; റിപ്പോർട്ട് അപൂർണ്ണമെന്ന് മുഖ്യമന്ത്രി

insight kerala

സംസ്ഥാനത്ത് അതിവേഗ റെയിൽ പദ്ധതിക്കായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് അപൂർണമാണെന്നും ഈ രൂപത്തിൽ പദ്ധതി ഏറ്റെടുക്കാനാകില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിഎംആർസി തയ്യാറാക്കിയ റിപ്പോർട്ടിൽ പാരിസ്ഥിതിക സാമൂഹിക ആഘാത പഠനങ്ങൾ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മികച്ച സാമ്പത്തിക മാതൃകയിലല്ല റിപ്പോർട്ടുള്ളത്. പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ ലഭ്യത സംബന്ധിച്ചും വ്യക്തമായ പരാമർശമില്ല.

ഗതാഗത സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒഎസ്ഡിയും സാമ്പത്തിക, റെയിൽവെ, പാരിസ്ഥിതിക വിദഗ്ധരും അടങ്ങുന്ന സമിതി റിപ്പോർട്ട് പരിശോധിച്ച് സർക്കാരിന് കൈമാറിയിട്ടുണ്ട്. കെ-റെയിൽ പദ്ധതിക്ക് സംഭവിച്ചതുപോലെ പഠനങ്ങൾ പൂർത്തിയാക്കാതെ ഭൂമിയേറ്റെടുക്കലിലേക്ക് കടക്കുന്ന അബദ്ധം ആവർത്തിക്കരുതെന്ന് സമിതി മുന്നറിയിപ്പ് നൽകുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

നിലവിൽ യാത്രക്കാർക്ക് മാത്രമുള്ള പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. റോഡിലെ വാഹന സാന്ദ്രത കുറയ്ക്കുന്നതിനായി അതിവേഗ പാതയിൽ ചരക്ക് നീക്കം കൂടി ഉൾപ്പെടുത്തിയില്ലെങ്കിൽ പദ്ധതി ലാഭകരമാകില്ല. അതിനാൽ ചരക്കുഗതാഗത സാധ്യതകൾ, ബദൽ മാർഗങ്ങൾ, ഭൂമിയുടെ ലഭ്യത, നിലവിലുള്ളതും ഭാവിയിൽ വരാനിരിക്കുന്നതുമായ മെട്രോ, തുറമുഖം, ഉൾനാടൻ ജലഗതാഗതം എന്നിവയുമായുള്ള സംയോജനം എന്നീ കാര്യങ്ങളിൽ സർക്കാർ സ്വതന്ത്രമായി പഠനം നടത്തും.

കൃത്യമായ സാമ്പത്തിക മാതൃകയോ പാരിസ്ഥിതിക പഠനങ്ങളോ ഇല്ലാതെ ഭൂമിയേറ്റെടുക്കൽ വിജ്ഞാപനമോ നിർമാണ പ്രവർത്തനങ്ങളോ ആരംഭിക്കില്ല. പദ്ധതിയുടെ യഥാർഥ ആവശ്യകതയും സാമ്പത്തിക പ്രാധാന്യവും ബോധ്യപ്പെട്ടാൽ മാത്രമേ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിലേക്ക് കടക്കൂ. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം മാത്രമേ സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share This Article