വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർക്കാർ നിലപാട് കടുപ്പിച്ചതോടെ അപേക്ഷ പുതുക്കി നൽകി അദാനി ഗ്രൂപ്പ്. MSC കമ്പനിയുമായുള്ളത് പ്രാഥമിക ധാരണ മാത്രമെന്നും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല എന്നും ചൂണ്ടിക്കാട്ടിയാണ് അദാനി അപേക്ഷ നൽകിയിരിക്കുന്നത്. സർക്കാറിന്റെ അനുമതിക്ക് ശേഷം മാത്രമേ മുന്നോട്ടുപോകുകയുള്ളൂ എന്നും അദാനി കമ്പനി വ്യക്തമാക്കി. സെബിയ്ക്ക് നൽകിയ കത്തിൽ പ്രാഥമിക ധാരണ മാത്രമെന്നും അദാനി കമ്പനിയുടെ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
ആദ്യം നൽകിയ അപേക്ഷ രണ്ട് പേജ് മാത്രമായിരുന്നു. ഇപ്പോൾ ദീർഘമായി കാര്യങ്ങൾ ചൂണ്ടിക്കാട്ടി നാലു പേജുള്ള കത്താണ് സർക്കാരിന് നൽകിയിരിക്കുന്നത്. സർക്കാറിന്റെ അനുമതിയില്ലാതെ മുന്നോട്ടു പോകുകയില്ല എന്നും അതാണ് ഏറ്റവും പ്രധാനം എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ ഓഹരി കൈമാറ്റം നടക്കുകയാണെങ്കിൽ ഭാവിയിൽ വിഴിഞ്ഞം തുറമുഖത്തിന് ഉണ്ടാകാൻ പോകുന്ന നേട്ടങ്ങൾ വിവരിക്കുക കൂടി ചെയ്യുകയാണ് അദാനി ഗ്രൂപ്പ്.
