കേന്ദ്രമന്ത്രിസഭാ പുനഃസംഘടന അടുത്തയാഴ്ച നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരില്‍ ചിലരെ ഒഴിവാക്കിയേക്കുമെന്നും, ചിലര്‍ക്ക് വകുപ്പുമാറ്റം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ധനവകുപ്പിൽ നിന്നും നിര്‍മല സീതാരാമന്‍ മാറിയേക്കും. നീറ്റ് വിവാദത്തില്‍ കുടുങ്ങിയ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ ഒഴിവാക്കിയേക്കും. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും കേന്ദ്രമന്ത്രിസഭയില്‍ നിന്നും പുറത്താകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും റിസര്‍വ് ബാങ്ക് മുൻ ഗവര്‍ണറുമായ ശക്തികാന്ത ദാസ് കേന്ദ്രമന്ത്രിസഭയില്‍ ഇടംനേടുമെന്നാണ് അഭ്യൂഹം. ശക്തികാന്ത ദാസിന് ധനവകുപ്പ് നല്‍കിയാല്‍, നിര്‍മല സീതാരാമന്‍ മാനവവിഭവശേഷി വകുപ്പിലേക്ക് മാറിയേക്കും. ശിവസേന, തൃണമൂല്‍ പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിയേക്കും. ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തു നിന്നും എംപിമാരെ അടര്‍ത്തിമാറ്റുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ശ്രീകാന്ത് ഷിന്‍ഡേയെ കേന്ദ്രമന്ത്രിയാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
