തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് എൽഡിഎഫ് ആലോചിച്ചു തീരുമാനിക്കും. എൽഡിഎഫ് രാഷ്ട്രീയ തീരുമാനമെടുക്കുമെന്ന് പാർലമെൻററി പാർട്ടി അംഗവും നഗരസഭയിലെ പ്രതിപക്ഷ നേതാവുമായ എസ് പി ദീപക് വ്യക്തമാക്കി. രാഷ്ട്രീയ പരിശോധനയ്ക്ക് എൽഡിഎഫ് തയ്യാറാകുമെന്ന് ദീപക്ക് അറിയിച്ചു.
കോർപ്പറേഷനിൽ ബി.ജെ.പി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് യു.ഡിഎഫ്. നീക്കം. ഭരണസ്തംഭനംചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുന്നത്. ഇതിൽ എൽ.ഡി.എഫ് നിലപാട് നിർണായകമാകും. ഈ മാസം 29ന് ചേരുന്ന കൗൺസിൽ യോഗത്തിൽ അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തത്. 101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ ഒരു സ്വതന്ത്രൻ്റെ പിന്തുണയോടെ 51 അംഗങ്ങൾ ആണ് ബി.ജെപിക്കുള്ളത്. എൽ.ഡി.എഫിന് 29 ഉം യു.ഡി.എഫിന് 20 അംഗങ്ങളുമാണ് ഉള്ളത്.ഒരു സ്വതന്ത്രൻ കോൺഗ്രസ് വിമതനായി ജയിച്ചതാണ്. അവിശ്വാസം കൊണ്ടു വരുമ്പോൾ എൽ.ഡിഎഫ് നിലപാട് നിർണായകമാവും.
