ആരോപണവിധേയനായ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് നിര്‍ണായക പദവി നല്‍കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറി ദേവസ്വം ബോര്‍ഡ്

insight kerala

ശബരിമല സ്വർണക്കൊള്ള കേസിലും, ആടിയശിഷ്‌ടം നെയ് ക്രമക്കേടിലും ആരോപണ വിധേയനായ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് നിര്‍ണായക പദവി നല്‍കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സ്പെഷല്‍ ഓഫിസര്‍ ഒ.ജി ബിജുവിനെ മണ്ഡലകാലത്ത് ശബരിമലയിലെ പ്രത്യേക കോ ഓർഡിനേറ്ററാക്കി നിയമിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് വിശദീകരണം. കഴിഞ്ഞദിവസത്തെ ബോര്‍ഡ് യോഗ തീരുമാനം വിവാദമായ സാഹചര്യത്തിലാണ് മലക്കം മറിച്ചില്‍. ശബരിമല തീര്‍ഥാടനകാലത്ത് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഇത്തവണ ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ മേല്‍നോട്ടത്തിനായി മാത്രം ബിജുവിനെ പരിഗണിച്ചിരുന്നത് എന്നാണ് ദേവസ്വം കമ്മിഷണറുടെ പ്രതികരണം. ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുടെ ജോലിഭാരം കണക്കിലെടുത്ത് പരിചയസമ്പന്നനായ ആളിനെ കോ ഓര്‍ഡിനേറ്ററാക്കാന്‍ തീരുമാനിച്ചെന്നായിരുന്നു ബോര്‍ഡിന്‍റെ വാദം. ഭരണസമിതി യോഗത്തില്‍ ഭിന്നസ്വരം ഉയര്‍ന്നെങ്കിലും പ്രസിഡന്‍റ് കെ.ജയകുമാര്‍ ബിജുവിന് അനുകൂല നിലപാടെടുത്തു. ഹൈക്കോടതിയുടെ വിമര്‍ശന സാധ്യതയും കണക്കിലെടുത്താണ് തീരുമാനമെടുത്തതിന്‍റെ പിറ്റേദിവസം ബോര്‍ഡ് പിന്മാറിയതെന്നാണ് വിവരം.

Share This Article