ബാലന്‍- റിവ്യൂ
എം റിജു
‘ആവേശ’ത്തിന്റെ സംവിധായകന്റെ തിരക്കഥയില്‍ മഞ്ഞുമ്മല്‍ബോയ്‌സിന്റെ ഡയറക്ടര്‍ ഒരു പടം എടുക്കുന്നു! ആ ഒരു ഒറ്റ അനൗണ്‍സ്‌മെന്റ് കൊണ്ടുമാത്രം തീയേറ്റര്‍ നിറച്ച പടമാണ് ‘ബാലന്‍ ദ ബോയ്’. 90കളിലൊക്കെ ഭരതന്റെ പടം, ലോഹിതാദാസിന്റെ പടം, സത്യന്‍അന്തിക്കാടിന്റെയും സിബിമലയിലിന്റെയും പടം എന്നൊക്കെപ്പറഞ്ഞ് ചലച്ചിത്രകാരന്‍മ്മാരുടെപേരില്‍ സിനിമ അറിയപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ഏറെക്കാലത്തിനുശേഷം, താരങ്ങളുടെ പേരില്ലാതെ ചിദംബരം എന്ന ഒരു സംവിധായകനുവേണ്ടി ജനം തീയേറ്ററ്റിലെത്തുകയാണ്! ജാന്‍ എ മന്‍, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ വെറും രണ്ട് ചിത്രങ്ങള്‍കൊണ്ട്, മലയാള സിനിമയുടെ അലുകും പിടിയും മാറ്റിയ ചിദംബരം, തന്റെ മൂന്നാമത്തെ ചിത്രത്തിലും മേക്കിങ്ങ് ഗംഭീരമാക്കിയിട്ടുണ്ട്.
അടിസ്ഥാനപരമായി പറഞ്ഞാല്‍ ഒരു അമ്മയുടെയും കുഞ്ഞിന്റെയും കഥയാണ് ബാലന്‍. ജയിലില്‍വെച്ച് ആ അമ്മക്കുണ്ടാവുന്ന കുഞ്ഞിനെയും കൂട്ടി അവര്‍ വ്യത്യസ്ത ഇടങ്ങില്‍, വ്യത്യസ്ത ഐഡന്റിറ്റികളില്‍ ജീവിക്കുന്നു. അമ്മ പറയുന്ന കഥ അതുപോലെ പഠിച്ച് പേരുവരെ മാറ്റിപ്പറയുകയാണ് ആ ബാലന്‍. പല പേരുകളില്‍ പല സ്ഥലങ്ങളില്‍, മാറിമാറിക്കഴിഞ്ഞ് അവര്‍ ഒടുവില്‍ വയനാട്ടില്‍ എത്തുകയാണ്. അവിടെ സാധാരണമായ ചില കാര്യങ്ങളാണ്, അവരെ കാത്തിരിക്കുന്നത്.
മേക്കിങ്ങ് കിടിലന്‍
ഗംഭീരമായ മേക്കിങ്ങാണ് ചിത്രത്തിന്റെ. ഐ.എഫ്്.എഫ്.കെയില്‍നിന്നുള്ള ഒരു വിദേശ ചിത്രമാണോ നാം കാണുന്നത് എന്ന് പലഘട്ടത്തിലും ഓര്‍ത്തുപോവും. ഭാഷക്ക് അപ്പുറമെത്തുന്ന ഇന്റര്‍നാഷണല്‍ വിഷ്വല്‍ ലാംഗ്വേജാണ് സിനിമക്ക്. ഷൈജു ഖാലിദ് ക്യാമറ ചലിപ്പിക്കുമ്പോള്‍, അത്തരം അത്ഭുതങ്ങള്‍ സംഭവിച്ചുകൊണ്ടുതന്നെയിരിക്കും. അതുപോലെ ചിത്രത്തിന്റെ കാസിറ്റിങ്ങും അഭിനേതാക്കളുടെ പ്രകടനവും. ഒരു രക്ഷയുമില്ല. ബാലനായി ആദിശേഷനും അമ്മയായി ഫര്‍സാന പാലത്തിങ്കലും നടിക്കയല്ല, ജീവിക്കയാണ്.
ബാലന്റെ കൗമാരഘട്ടം അവതരിപ്പിക്കുന്ന മുഹമ്മദ് സിനാനും ഗംഭീരം. ഇവിടെയാണ് കാസ്്റ്റിങ്് ഡയറക്ടറും, ചിദംബരത്തിന്റെ സഹോദരനുമായ നടന്‍ ഗണപതിയുടെ ബ്രില്ല്യന്‍സ് കാണുന്നത്. സാധാരണ, മുഖസാദൃശ്യമൊക്കെ വിദൂരമായ, ഏജ്ഗ്യാപ്പ് ഫീല്‍ചെയ്യാത്ത കഥാപാത്രങ്ങളാണ് നാം കാണുക. ഇവിടെ അങ്ങനെയല്ല. കുട്ടിയായ ബാലനും കൗമാരക്കാരനും തമ്മില്‍ ശരിക്കും ഈര്‍ച്ചവാള്‍ ചേര്‍ച്ച.

നടി ഫര്‍സാന പാലത്തിങ്കലും ഭാവിയുള്ള നടിയാണ്. ഗംഭീരമായി അവര്‍ ആ വേഷം ചെയ്തു. പവിത്രന്‍ എന്ന പൊലീസുകാരനെ അവതരിപ്പിച്ച, ലാല്‍ ജൂനിയറിന്റെതും കരിയര്‍ ബെസ്റ്റാണ്. ടെവീനോ തോമസിനെപ്പോലെ ഒരു സിക്‌സ്പാക്ക് താരം വയറൊക്കെ ചാടിയ ഒരു ലോക്കല്‍ ക്രിമിനലിലേക്ക് പരകായപ്രവേശനം നടത്തുകയാണിവിടെ. ഇതാണ് മേക്കോവര്‍. നല്ല സിനിമയോടുള്ള ആ നടന്റെ പാഷന്‍ തന്നെയാണ്, ഇത്തരം വേഷങ്ങളിലെത്തിക്കുന്നത്. സംവിധായകന്‍ ഗിരീഷ് എഡി ഒരു എസ്‌ഐയായും ചിത്രത്തിലെത്തുന്നുണ്ട്. ബീന ആന്റണി അടക്കമുള്ള ചെറുതും വലതുമായ വേഷങ്ങള്‍ ചെയ്ത ആരും ഈ ചിത്രത്തില്‍ മോശമായിട്ടില്ല. പക്ഷേ തകര്‍ത്തുകളഞ്ഞത് പടത്തിന്റെ ആദ്യപകുതിയില്‍ മാത്രം വരുന്ന ഒരു അമ്മാമ്മയാണ്. തോക്കും വെടിയുമായി അവര്‍ ഉണ്ടാക്കുള്ള ഓളം ഒന്നുകാണണം!
എഡിറ്റിങ്ങൂം ബാക്ക്ഗ്രൗണ്ട് സ്‌കോറുമാണ് ബാലന്റെ മാസ്റ്റര്‍ പീസ്. സുഷീന്‍ ശ്യാം പതിവുപോലെ അങ്ങോട്ട് പൊളിക്കയാണ്. വയനാടിന്റെ പ്രകൃതിഭംഗിയുള്ള വിഷ്വല്‍സിനിടയിലൂടെ സുഷിന്റെ മാജിക്കല്‍ ബിജിഎം കുടിയാവുമ്പോള്‍, ചിത്രം നല്‍കുന്ന അഡ്രനാലിന്‍ ഹൈപ്പ്, അതിന്റെ പീക്കില്‍ എത്തുകയാണ്.
വീഴ്ചകളും ഒട്ടേറെ
പക്ഷേ ഈ പടത്തിന് ഒരുപാട് നെഗറ്റീവുകളുമുണ്ട്. പ്രധാന ഫാള്‍ട്ട് കിടക്കുന്നത് തിരക്കഥയിലാണ്. നമ്മുടെ അമ്പാനെയും രംഗണ്ണനെയും അനശ്വരനാക്കിയ ‘ആവേശ’ത്തിന്റെ സംവിധായകന്‍ ജിത്തൂമാധവന്റെ തിരക്കഥ, യുക്തിവെച്ച് തട്ടിച്ചുനോക്കുമ്പോള്‍ പൊട്ടും. ( ഇനി അങ്ങോട്ട് എഴുതുന്ന ചില ഭാഗങ്ങള്‍ സ്‌പോയിലര്‍ ആവാന്‍ സാധ്യതയുണ്ട്. പക്ഷേ പറയാതിരിക്കാനാവില്ല) ചിത്രത്തിന്റെ ട്രെയിലറില്‍ തൊട്ട് നാം കാണുന്നതാണ്, ആ അമ്മയുടെയും മകന്റെയും അലച്ചില്‍. ചിത്രം അവസാനിക്കുമ്പോള്‍ അവര്‍ എന്തിനാണ് ഇങ്ങനെ ഫേക്ക് ഐഡന്റിറ്റികളില്‍ വ്യത്യസ്ത ഭൂമികകളില്‍ താമസിക്കുന്നത് എന്ന മനസ്സിലാവുന്നില്ല. ചിത്രത്തിന്റെ തുടക്കത്തിലെ ഗംഭീര ഡെവലപ്പ്‌മെന്റ് കണ്ടാല്‍, ജയിലില്‍നിന്ന് ഇറങ്ങിയിട്ടും ആരൊക്കെ അവരെ ഫോളോചെയ്യുന്നുവെന്നും, എന്തോ വലിയ രഹസ്യങ്ങള്‍ ഉള്ളതുകൊണ്ടാണ് അവര്‍ ഇങ്ങനെ അജ്ഞാത ജീവിതം നയിക്കുന്നത് എന്നും തോന്നും. പക്ഷേ അവസാനം ഉള്ളി തൊലിച്ചതുപോലെയാവും.

ഒരു കുറ്റം ചെയ്തു. അതിന് ശിക്ഷയും കിട്ടി. പിന്നെന്തിനാണ് ഈ ഫേക്ക് ജീവിതം എന്ന് വിശദീകരിക്കാന്‍ ചിത്രത്തിന് കഴിയുന്നില്ല. അത് തിരക്കഥയിലെ വലിയ ഫാള്‍ട്ടാണ്. ഹിച്ച്‌കോക്ക് തൊട്ട് കിംകിഡുക്ക് വരെയുള്ള മാസ്‌റ്റേഴ്‌സിന്റ സിനിമകള്‍ എടുത്തുനോക്കുക. ഒരു ബില്‍ഡപ്പ് പ്ലോട്ടിനോട് അവര്‍ എങ്ങനെയാണ്, കഥാന്ത്യത്തില്‍ നീതി പുലര്‍ത്തുന്നത് എന്ന് നോക്കുക. സ്പൂണ്‍ ഫീഡിങ്ങിന്റെ ആവശ്യമില്ല. പക്ഷേ എന്താണ് സംഭവിച്ചത് എന്ന് പ്രേക്ഷകന് മനസ്സിലാവണ്ടേ. അതുപോലെ പല രംഗവും യുക്തിഭദ്രമല്ല. ആ തള്ള മരിക്കുമ്പോള്‍ ആരോടും പറയാതെ കുഴിച്ചിട്ട് വാഴവെക്കുന്നതിന് എന്താണ് ലോജിക്ക്. ഈ കളി എത്രകാലം കൊണ്ടുപോവാന്‍ കഴിയും, പഴയ ജെയില്‍മേറ്റിനെ വെടിവെച്ച് കൊല്ലുന്നതുമൊക്കെ എലിയെപേടിച്ച് ഇല്ലം ചുടുന്നതിന് സമമല്ലേ. ഇതുപോലെ പ്രേക്ഷകന്റെ തലച്ചോറിനെ പരിഹസിക്കുന്ന ചില രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ക്രിഞ്ച് എന്ന് ആധുനിക പ്രേക്ഷകര്‍ പറയുന്ന കാര്യങ്ങള്‍ വേറെയും. വളര്‍ത്തച്ഛനു സമാനനായ വ്യക്തിയെ തെറ്റിദ്ധരിച്ച് ഒറ്റിക്കൊടുക്കുന്നതൊക്കെ എത്ര തവണ കണ്ടതാണ്!
ബാഹുല്‍ രമേഷ് എഴുതിയ എക്കോ എന്ന ചിത്രം നോക്കുക. എത്ര ഗംഭീരമായിട്ടാണ്, ആ ചിത്രം തുടക്കത്തിലെ സമസ്യകള്‍ പൂരിപ്പിക്കുന്നത്. ബ്ലാത്തിചേടത്തിയും കുര്യച്ചനും സംബന്ധിച്ച പ്രഹേളികകള്‍ക്ക്, പ്രേക്ഷകന് സങ്കല്‍പ്പിക്കാവുന്ന വിധത്തിലുള്ള ഉത്തരം നല്‍കിയാണ് ചിത്രം അവസാനിക്കുന്നത്. പലയിടത്തും ഈ ചിത്രം എക്കോയെ അനുകരിക്കുന്നതായി തോന്നുന്നു. അതുപോലെ ജീന്‍പോളിന്റെ പൊലീസുകാരനില്‍ ഇടക്കൊക്കെ ‘തുടരും’ സിനിമയിലെ ജോര്‍ജ്‌സാറും കയറിവരുന്നു. ഈ പേരായ്മകള്‍ പരിഹരിക്കപ്പെട്ടിരുന്നുവെങ്കില്‍, അടുത്തകാലത്ത് കണ്ട ഏറ്റവും നല്ല ചിത്രമായി ബാലന്‍ മാറിയേനെ. എന്നാലും വ്യത്യസ്തമായ സിനിമയെ സ്‌നേഹിക്കുന്നവര്‍ നിര്‍ബന്ധമായും കാണേണ്ട ചിത്രമാണിത്.
വാല്‍ക്കഷ്ണം: മലയാള സിനിമുടെ ഏറ്റവും വലിയ പ്രശ്‌നം സ്‌ക്രിപ്റ്റ് തന്നെയാണെന്ന് ബാലനും തെളിയിക്കുന്നു. എക്കോപോലുള്ള ഏതാനും ചിത്രങ്ങളെ മാറ്റി നിര്‍ത്തിയാല്‍, പ്രേക്ഷക വിചാരണക്കുമുന്നില്‍ ലോജിക്കലായി പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന എത്ര സിനിമകളുണ്ട്. നമ്മുടെ ദൃശ്യം 3 അടക്കം!

