ഹിജാബിടാതെ പാടിയതിന് ഗായികക്ക് 74 ചാട്ടവാറടി; ഒപ്പം രണ്ടുവര്‍ഷം വിലക്കും; അണിയറ പ്രവര്‍ത്തകര്‍ക്കും അതേ ശിക്ഷ; നേരത്തെ കണ്ടതെല്ലാം വെറും മുഖം മിനുക്കലുകള്‍; ഇറാനില്‍ വീണ്ടും കാട്ടുനീതി

insight kerala

special report

കെ വി നിരഞ്ജന്‍

മഹ്‌സന അമിനി എന്ന പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ മൂലം ഇറാന്‍ കുറേക്കൂടി ലിബറല്‍ ആയെന്നും, കടുത്ത മതശാസനകള്‍ മാറിയെന്നുമാണ് പൊതുവെ കരുതിയിരുന്നത്. എന്നാല്‍ ഇറാന്‍ ഭരണകൂടത്തിന് ഇസ്ലാമിക മതമൗലികവാദ രീതികളില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന്, ഇപ്പോള്‍ വന്ന ഒരു കോടതി വിധി വ്യക്തമാക്കുന്നു. ഹിജാബ് ധരിക്കാതെ യൂട്യൂബില്‍ സംഗീതപരിപാടി അവതരിപ്പിച്ചതിന് പ്രശസ്ത ഗായിക പരസ്തൂ അഹ്‌മദിക്കും അവരുടെ എട്ട് അണിയറപ്രവര്‍ത്തകര്‍ക്കും ഇറാന്‍ ക്രിമിനല്‍ കോടതി 74 ചാട്ടവാറടി വീതം ശിക്ഷ വിധിച്ചിരിക്കയാണ്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പരസ്തൂ അഹ്‌മദി 2024 ഡിസംബറിലാണ്, ഒരു പുരാതന വഴിയമ്പലത്തില്‍ നടത്തിയ ‘കാരവന്‍സരായ് കണ്‍സേര്‍ട്ട്’ എന്ന വെര്‍ച്വല്‍ സംഗീതപരിപാടി യൂട്യൂബില്‍ പങ്കുവെച്ചത്. കോടിക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഓണ്‍ലൈനില്‍ കണ്ടത്. പക്ഷേ ഹിജാബില്ലാത്തതിനാല്‍ പാട്ട് കോടതി കയറി.
ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുകളിലൂടെ പൊതുധാര്‍മ്മികതയ്ക്ക് നിരക്കാത്തതും ‘അധാര്‍മ്മികവുമായ ഉള്ളടക്കം’ പ്രചരിപ്പിച്ചു എന്നതുമാണ് ഇവര്‍ക്കെതിരെ ഇറാനിലെ പ്രവിശ്യാ കോടതി ചുമത്തിയ കുറ്റങ്ങള്‍. ഇറാനിലെ കര്‍ശനമായ നിയമപ്രകാരം സ്ത്രീകള്‍ പൊതുമധ്യത്തില്‍ സോളോ ആയി പാടുന്നതിനും ഹിജാബ് ധരിക്കാതെ പ്രത്യക്ഷപ്പെടുന്നതിനും വിലക്കുണ്ട്.

74 ചാട്ടവാറടിക്ക് പുറമേ, ഗായികയ്ക്കും സംഘത്തിനും രണ്ടു വര്‍ഷത്തെ യാത്രാവിലക്കും, കലാരംഗത്തെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് രണ്ടു വര്‍ഷത്തെ കടുത്ത വിലക്കും കോടതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരസ്തൂവിനൊപ്പം ഈ സംഗീത പരിപാടിയില്‍ പങ്കാളികളായ പ്രമുഖ മ്യൂസിഷ്യന്‍മാരായ ഇഹ്‌സാന്‍ ബൈറക്ദാര്‍, സൊഹൈല്‍ ഫഖീഹ് നസീരി എന്നിവരുള്‍പ്പെടെയുള്ള എട്ട് അണിയറപ്രവര്‍ത്തകര്‍ക്കും ഇതേ ശിക്ഷ തന്നെയാണ് വിധിച്ചിരിക്കുന്നത്.ഇറാനിലെ കലാകാരന്മാര്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള ഈ കടുത്ത കോടതി വിധി അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും വിവിധ മനുഷ്യാവകാശ സംഘടനകളുടെ കടുത്ത വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

പ്രതിഷേധം പടരുന്നു

ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഈ വിധിയെ ശക്തമായി അപലപിച്ചു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഇന്‍ ഇറാന്റെ അഡ്വക്കസി ഡയറക്ടര്‍ ബഹാര്‍ ഗന്ദേഹാരി പറഞ്ഞത്, വെറുമൊരു പാട്ട് പാടിയതിനും ഹിജാബ് ധരിക്കാത്തതിനും 74 ചാട്ടവാറടി ശിക്ഷ നല്‍കുന്നത് ഇറാന്റെ മനുഷ്യാവകാശ മേഖലയില്‍ ഇപ്പോഴും യാതൊരു മാറ്റവും വന്നിട്ടില്ല എന്നതിന്റെ തെളിവാണെന്നാണ്. ആഗോളതലത്തില്‍ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ഇറാന്‍ നടത്തുന്ന പ്രചാരണങ്ങളും യഥാര്‍ത്ഥ അവസ്ഥയും തമ്മിലുള്ള വലിയ വ്യത്യാസമാണ് ഈ വിധിയിലൂടെ പുറത്തുവരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈ ശിക്ഷാവിധിക്ക് യാതൊരുവിധ നിയമപരമായ അടിത്തറയുമില്ലെന്ന് ഇറാനിയന്‍ ആക്ടിവിസ്റ്റുകള്‍ക്ക് നിയമസഹായം നല്‍കുന്ന ദാദ്ബാന്‍ എന്ന സംഘടനയിലെ മനുഷ്യാവകാശ അഭിഭാഷകന്‍ മൊയീന്‍ ഖസേലി വ്യക്തമാക്കുന്നു. ഇറാനിയന്‍ ക്രിമിനല്‍ നിയമപ്രകാരം സ്ത്രീകള്‍ പാടുന്നതോ സംഗീതം അവതരിപ്പിക്കുന്നതോ കുറ്റകരമല്ലെന്നും, അതുകൊണ്ടുതന്നെ ഇതിനെ അശ്ലീല ഉള്ളടക്കത്തിന്റെ നിര്‍മ്മാണമായോ വിതരണമായോ കണക്കാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കലാകാരന്മാര്‍ക്കും പൗരന്മാര്‍ക്കും എതിരെ ചാട്ടവാറടി പോലുള്ള ശിക്ഷകള്‍ നടപ്പാക്കുന്നത് പീഡന നിരോധനത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമുള്ള അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണെന്നും, ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകള്‍ ചാട്ടവാറടിയെ ക്രൂരമായ പീഡനമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇറാന്റെ ക്രൂരമായ അടിച്ചമര്‍ത്തല്‍ സംവിധാനങ്ങള്‍ക്ക് ഇപ്പോഴും യാതൊരു മാറ്റവും വന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഗായിക പരസ്തൂ അഹ്‌മദിക്കെതിരെയുള്ള വിധി എന്ന് ഇറാനിയന്‍-ബ്രിട്ടീഷ് നടിയായ നസാനിന്‍ ബോണിയാദി പ്രതികരിച്ചു. സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന സ്ത്രീകളെ ചാട്ടവാറിനടിക്കുന്ന ഒരു ഭരണകൂടവുമായി ഒത്തുതീര്‍പ്പിലെത്തുന്നത് അവരെ കൂടുതല്‍ ക്രൂരതകളിലേക്ക് നയിക്കുകയേ ഉള്ളൂവെന്നും അവര്‍ പറഞ്ഞു. അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പോരാടുന്ന ഇറാനിയന്‍ സ്ത്രീകളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ് പരസ്തൂ അഹ്‌മദിയെന്നും, നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിട്ടും ഒരു സ്ത്രീ എന്ന നിലയില്‍ ജീവിക്കാനും പാടാനുമുള്ള തന്റെ അവകാശത്തിന് വേണ്ടി അവര്‍ ഉറച്ചുനിന്നുവെന്നും പ്രശസ്ത ഇറാനിയന്‍ നടി സെതാരെ മാലേകി പറഞ്ഞു. സെന്‍സര്‍ഷിപ്പുകള്‍ക്ക് വഴങ്ങാന്‍ തയ്യാറാകാത്ത ഓരോ ഇറാനിയന്‍ കലാകാരന്റെയും ദൈനംദിന ജീവിതം വലിയൊരു പോരാട്ടമാണെന്നും, ഈ വിധി തങ്ങളില്‍ വീണ്ടും പ്രതിരോധത്തിന്റെ ആവേശം നിറയ്ക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share This Article