സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ ടി.വീണയുടെ ബാങ്ക് ലോക്കറിൽ പരിശോധന. തിരുവനന്തപുരം എംജി റോഡിലെ എച്ച്ഡിഎഫ്സി ബാങ്കിലാണ് പരിശോധന നടക്കുന്നത്.
അതേസമയം കേസിൽ എസ്എഫ്ഐഒ കോടതിയിൽ ഹാജരാക്കിയ രേഖകൾ ഇഡിക്ക് ഇന്ന് ലഭിക്കും. ടി.വീണയും സിഎംആർഎല്ലും തമ്മിലുള്ള കരാർ, വീണയുടെ ആദായ നികുതി റിട്ടേണുകളടക്കമുള്ള 134 സുപ്രധാന രേഖകളാണ് പിഎംഎൽഎ കോടതി വഴി ഇഡിക്ക് ലഭിക്കുക. കോടതി ഉത്തരവ് പ്രകാരം ഇന്നലെ ലഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന രേഖകൾ എസ്എഫ്ഐഒ കൈമാറുന്നത് വൈകിയതോടെയാണ് ഇന്നത്തേക്ക് കൈമാറാനായി മാറ്റിയത്. ഈ രേഖകൾ ലഭിക്കുന്നതോടെ അന്വേഷണത്തിൽ പ്രതിപ്പട്ടികയിലുള്ള വീണയെ ഉൾപ്പടെ വീണ്ടും ചോദ്യം ചോദ്യം ചെയ്യുന്നതിലേക്കും തുടർനടപടികളിലേക്കും കടക്കാനാണ് ഇഡി ശ്രമിക്കുന്നത്.
കേസിൽ വീണയെ കൂടുതൽ ചോദ്യം ചെയ്യലിനായി ഇഡി വീണ്ടും വിളിപ്പിച്ചേക്കും. വീണയുടെ മറുപടി വിശദമായി പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. കൊച്ചിയിലെ ഇഡി ഓഫീസിൽ ഇന്നലെ എട്ടു മണിക്കൂറിലധികം ഇഡി വീണയെ ചോദ്യം ചെയ്തിരുന്നു.

