ഭാര്യയെ മർദ്ദിച്ചു; ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; കേസെടുത്തതോടെ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് രാജിവെച്ചു

insight kerala

തൃശൂർ: ഭാര്യയെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ ശ്രീകുമാർ പാർട്ടി സ്ഥാനം രാജിവെച്ചു. മർദ്ദനത്തിന് പിന്നാലെ, പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയതിന് രണ്ടാമതും കേസെടുത്തതോടെയാണ് രാജി. ബിജെപി സംസ്ഥാന അധ്യക്ഷനാണ് ശ്രീകുമാർ രാജിക്കത്ത് സമർപ്പിച്ചത്. ‘തന്റെ ചോരയ്ക്കായി പലരും ഈ ഒരു വർഷക്കാലമായി ദാഹിക്കുന്നു’ എന്ന് ആരോപിച്ചുകൊണ്ടാണ് ശ്രീകുമാർ സംസ്ഥാന നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയത്.

സ്വന്തം വീട്ടിൽ പോയി മടങ്ങിയെത്താൻ വൈകി എന്ന് ആരോപിച്ച് ശ്രീകുമാർ തന്നെ ക്രൂരമായി മർദ്ദിച്ചതായും, മുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും കാണിച്ച് ഭാര്യ പ്രിയങ്ക മതിലകം പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് ശ്രീകുമാറിനെതിരെ ആദ്യ കേസെടുത്തു. ഈ കേസിൽ കോടതി ഇടപെട്ട്, ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുന്നത് താൽക്കാലികമായി തടഞ്ഞു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കേസ്. പോലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രിയങ്കയ്ക്ക് നേരെ ഗുണ്ടാ ഭീഷണിയുണ്ടായി. കൊലപാതക കേസുകളിൽ അടക്കം പ്രതിയായ കല്ലാടൻ ഗിരീഷ് എന്ന ഗുണ്ടാ നേതാവ് പ്രിയങ്കയുടെ വീട്ടിൽ അതിക്രമിച്ചുകയറി മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കള്ളസാക്ഷി പറയാൻ പ്രേരിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഈ സംഭവത്തിൽ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസിൽ ശ്രീകുമാർ രണ്ടാം പ്രതിയാണ്. രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്യപ്പെടുകയും വിവാദം ശക്തമാകുകയും ചെയ്തതോടെയാണ് ബിജെപി ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എ.ആർ ശ്രീകുമാർ രാജിക്കത്ത് നൽകിയത്.

Share This Article