ലക്ഷങ്ങള്‍ക്ക് മുന്നില്‍ മാവോയിസ്റ്റുകള്‍ക്കും കണ്ണ് മഞ്ഞളിക്കുന്നു; പണം വാങ്ങി നേതാക്കള്‍ ഒന്നൊന്നായി കീഴടങ്ങുന്നു; ‘ബംഗാളിലെ ഫൂലന്‍ ദേവി’ പുഷ്പയും കീഴടങ്ങിയത് വെടിയുണ്ടകള്‍ക്ക്‌വരെ പണം പറ്റി!

insight kerala

എം മാധവദാസ്

്അത്യാധുനികമായ ഒരു എസ്.എല്‍.ആര്‍ റൈഫിളും 46 റൗണ്ട് വെടിയുണ്ടകളുമായി കൊല്‍ക്കത്ത പോലീസ് ആസ്ഥാനമായ ലാല്‍ബസാറിലേക്ക് അവള്‍ നടന്നു കയറിയപ്പോള്‍, വിരാമമായത് കാല്‍ നൂറ്റാണ്ട് നീണ്ട സായുധ പോരാട്ടത്തിന്റെ ഒരു അധ്യായത്തിനായിരുന്നു. പുഷ്പ, പരിഷ, വര്‍ഷ എന്നീ പേരുകളില്‍ മൂന്ന് സംസ്ഥാനങ്ങളിലെ സുരക്ഷാ സേനകളെ മുള്‍മുനയില്‍ നിര്‍ത്തിയ, തലയ്ക്ക് പത്ത് ലക്ഷം രൂപ വിലയിട്ടിരുന്ന സി.പി.ഐ (മാവോയിസ്റ്റ്) സോണല്‍ കമ്മിറ്റി അംഗം ശകുന്തള മഹതോ ഒടുവില്‍ കാടിറങ്ങി പൊലീസിന് കീഴടങ്ങിയിരിക്കയാണ്.
10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന, ബംഗാളിലെ ഫൂലന്‍ ദേവി എന്ന് അറിയപ്പെടുന്ന പ്രമുഖ വനിതാ മാവോയിസ്റ്റ് നേതാവാണിവര്‍. കൊല്‍ക്കത്ത പോലീസ് ആസ്ഥാനമായ ലാല്‍ബസാറില്‍, പോലീസ് കമ്മീഷണര്‍ അജയ് കുമാര്‍ നന്ദിന് മുന്നിലാണ് ഇവര്‍ കീഴടങ്ങിയത്.

25 വര്‍ഷത്തെ ഒളിവ് ജീവിതം

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാം ജില്ലയിലുള്ള മേച്ചുവ എന്ന ഗ്രാമത്തില്‍ നിന്നാണ് ശകുന്തളയുടെ കഥ തുടങ്ങുന്നത്. 2001-ല്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സാംസ്‌കാരിക വിഭാഗത്തിലൂടെയാണ് ഇരുപതാം വയസ്സില്‍ ശകുന്തള സംഘടനയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമെന്ന മുദ്രാവാക്യങ്ങള്‍ ആ യുവതിയെ വേഗത്തില്‍ ആകര്‍ഷിച്ചു. വെറുമൊരു സാംസ്‌കാരിക പ്രവര്‍ത്തകയില്‍ നിന്നും മാവോയിസ്റ്റുകളുടെ സായുധ വിഭാഗമായ പി.എ.ല്‍.ജി.എയിലെ മുന്‍നിര പോരാളിയായി അവള്‍ മാറി.

2005-ല്‍ ഏരിയ കമാന്‍ഡറായ അതുല്‍ മഹതോയെ വിവാഹം കഴിച്ചതോടെ സംഘടനയിലെ ശകുന്തളയുടെ സ്വാധീനവും പദവിയും വര്‍ദ്ധിച്ചു ്ജാര്‍ഖണ്ഡിലെ സരന്ദ വനങ്ങള്‍, പശ്ചിമ ബംഗാളിലെ ലാല്‍ഗഡ്, ജാര്‍ഗ്രാം, ഒഡീഷ അതിര്‍ത്തികള്‍ എന്നിവയായിരുന്നു ശകുന്തളയുടെ പ്രധാന പ്രവര്‍ത്തന മേഖലകള്‍. നിരവധി സായുധ ആക്രമണങ്ങളുടെ സൂത്രധാരയായിരുന്ന ഇവര്‍ക്കെതിരെ മൂന്ന് സംസ്ഥാനങ്ങളിലായി കൊലപാതകം ഉള്‍പ്പെടെ ഒട്ടനവധി കേസുകള്‍ നിലവിലുണ്ട്.

മാവോയിസ്റ്റ് കമാന്‍ഡര്‍ മിഷിര്‍ ബെസ്രയുടെ സ്‌ക്വാഡിലെ വിശ്വസ്തയായി മാറിയ ശകുന്തള, സംഘടനയുടെ നയരൂപീകരണ സമിതിയായ സോണല്‍ കമ്മിറ്റിയിലേക്ക് ഉയര്‍ത്തപ്പെട്ടു. അതോടെയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശകുന്തളയുടെ തലയ്ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.ലക്ഷ്യം നഷ്ടപ്പെട്ട വിപ്ലവവും കാടിറക്കവുംതുടര്‍ച്ചയായ 25 വര്‍ഷത്തെ ഒളിവുജീവിതത്തിനൊടുവില്‍, കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ അജയ് കുമാര്‍ നന്ദിന് മുന്നില്‍ കീഴടങ്ങുമ്പോള്‍ ശകുന്തളയുടെ വാക്കുകളില്‍ നിരാശയും ഒപ്പം പുതിയൊരു പ്രതീക്ഷയുമുണ്ടായിരുന്നു. ‘മാവോയിസ്റ്റ് പ്രസ്ഥാനത്തിന് ഇനി ഭാവിയില്ല’ എന്നായിരുന്നു കീഴടങ്ങിയ ശേഷം ശകുന്തള മാധ്യമങ്ങളോട് പറഞ്ഞത്. അക്രമത്തിന്റെ പാത ഉപേക്ഷിച്ച് മറ്റുള്ളവരും മുഖ്യധാരയിലേക്ക് വരണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. രോഗബാധിതയായ അമ്മയെ പരിചരിച്ച്, ഒരു സാധാരണ കുടുംബജീവിതം നയിക്കുക എന്നതാണ് ഇനി തന്റെ ആഗ്രഹമെന്ന് ആ 45-കാരി വ്യക്തമാക്കുന്നു.

കിട്ടുക ലക്ഷക്കണക്കിന് രൂപ

ശകുന്തളയുടെ കീഴടങ്ങല്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തിന് കനത്ത തിരിച്ചടിയാണെങ്കില്‍, സുരക്ഷാസേനയ്ക്ക് ഇതൊരു വലിയ വിജയമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യയിലുടനീളം മൂവായിരത്തിലധികം മാവോയിസ്റ്റുകളാണ് ആയുധം വെച്ച് കീഴടങ്ങിയത്. സര്‍ക്കാരിന്റെ ആകര്‍ഷകമായ പുനരധിവാസ നയങ്ങളാണ് ഇതിന് പ്രധാന കാരണം.കീഴടങ്ങിയ ശകുന്തളയ്ക്ക് ഇനി ലഭിക്കുക പുതിയൊരു ജീവിതമാണ്. 1.5 ലക്ഷം മുതല്‍ 2.5 ലക്ഷം രൂപ വരെ ബാങ്കില്‍ ശകുന്തളയുടെ പേരില്‍ സ്ഥിരനിക്ഷേപമായി സര്‍ക്കാര്‍ നല്‍കും.

മൂന്ന് വര്‍ഷത്തെ നല്ല നവീകരണ ജീവിതത്തിന് ശേഷം ഈ തുക പലിശ സഹിതം പിന്‍വലിക്കാം. തൊഴില്‍ പരിശീലന കാലയളവില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് പ്രതിമാസം 4,000 രൂപ വീതം ജീവനാംശം ലഭിക്കും.കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പോലീസ് ഹോം ഗാര്‍ഡ് വിഭാഗത്തില്‍ ജോലി വാഗ്ദാനം ചെയ്യുന്നുണ്ട്.. ഇവര്‍ക്കെതിരെയുള്ള കേസുകള്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ വഴി വേഗത്തില്‍ തീര്‍പ്പാക്കാനും നടപടിയുണ്ടാകും.

അത്യാധുനിക എസ്.എല്‍.ആര്‍ റൈഫിള്‍ കൈമാറിയതിന് പ്രത്യേക സാമ്പത്തിക പാരിതോഷികം ലഭിക്കും. ഇവര്‍ പോലീസിന് നല്‍കിയ 46 റൗണ്ട് വെടിയുണ്ടകള്‍ക്കും ഓരോന്നിനും നിശ്ചിത തുക വീതം കണക്കാക്കി പണം നല്‍കും.തോക്കുകളേന്തിയ വിപ്ലവങ്ങള്‍ക്കപ്പുറം സമാധാനപരമായ ചര്‍ച്ചകളിലൂടെയും പുനരധിവാസത്തിലൂടെയും മാത്രമേ മാവോയിസ്റ്റ് പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാകൂ എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ശകുന്തള മഹതോയുടെ കാടിറക്കം വിരല്‍ ചൂണ്ടുന്നത്.

Share This Article