“ഡോ റീന ഉത്തരവാദിത്തമില്ലാത്ത ആൾ; തനിക്ക് നേരിട്ട് അറിയാം” ഗണേഷ് കുമാറിൻ്റെ വിമർശനം പ്രതിപക്ഷത്തെ വെട്ടിലാക്കി

insight kerala

തിരുവനന്തപുരം: ഡോ. കെ.ജെ. റീനയെ ആരോഗ്യ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് നല്ല കാര്യമെന്ന് മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പരസ്യമായി പറഞ്ഞത് പ്രതിപക്ഷത്തെ വെട്ടിലാക്കിയിരിക്കുന്നു. ഡോ റീന ഉത്തരവാദിത്തമില്ലാത്ത ആളെന്ന കാര്യം തനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ് എന്നാാണ് ഗണേഷ് കുമാർ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയത്. ഡോ. കെ.ജെ. റീന നിയമസഭാ കമ്മിറ്റിയെ പോലും അനുസരിച്ചില്ല. ബഹുമാനിച്ചില്ലെന്ന് ആരോഗ്യ മന്ത്രി പറയുന്നത് ശരിയാവാമെന്നും ഗണേഷ് കുമാർ പറഞ്ഞു.

2018 മുതൽ 2023 വരെ അഞ്ചു വർഷക്കാലം നിയമസഭാ പെറ്റീഷൻ കമ്മിറ്റി ചെയർമാനായിരുന്നു ഗണേഷ് കുമാർ. അക്കാലത്ത് വിവിധ വകുപ്പുകളുടെ പരാതികൾ വരുമ്പോൾ നിയമസഭ പെറ്റീഷൻ കമ്മിറ്റിക്ക് മുമ്പാകെ ഹിയറിംഗിന് വരാറുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടർ ആയിരുന്ന ഡോ. കെ ജെ റീന അന്ന് ഗണേഷ് കുമാറിന് മുന്നിൽ ഹിയറിങ്ങിന് വന്നിരുന്നു. ആ സമയത്ത് ഗണേഷ് കുമാറുമായി സ്വരച്ചേർച്ചയിൽ ആയിരുന്നില്ല ഡോ റീന. ഈ അനുഭവത്തിൽ നിന്നാണ് മുൻമന്ത്രി ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെ തീരുമാനത്തെ അഭിനന്ദിച്ചത്.

അതേസമയം ഡോ റീനയെ സ്ഥലം മാറ്റിയതിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ സിപിഎം നേതാക്കൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുമ്പോഴാണ് മുന്നണിക്കുള്ളിൽ നിന്നുകൊണ്ട് ഗണേഷ് കുമാർ സർക്കാറിന്റെ തീരുമാനത്തെ പ്രശംസിക്കുകയും ഡോക്ടർക്കെതിരെ കടുത്ത വിമർശനം പരസ്യമാക്കുകയും ചെയ്തിരിക്കുന്നത്. ഗണേഷ് കുമാറിന്റെ നിലപാട് പ്രതിപക്ഷത്തെ പ്രത്യേകിച്ച് സിപിഎമ്മിനെ വെട്ടിലാക്കി. മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ഉൾപ്പെടെ ഡോ. റീനയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഡി എച്ച് എസിനെ സ്ഥലം മാറ്റിയതിൽ ആരോഗ്യമന്ത്രിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article