കാഫിർ സ്‌ക്രീൻഷോട്ട്; ‘പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ’ ഗ്രൂപ്പ് അഡ്‌മിൻമാരെ ചോദ്യംചെയ്യും

insight kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണം വേഗത്തിലാക്കാന്‍ പ്രത്യേക അന്വേഷണസംഘം. അന്വേഷണം ഇടതു സൈബർ ഗ്രൂപ്പുകളിലേക്കും നീങ്ങുന്നു. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഗ്രൂപ്പുകളിലെ അഡ്മിൻമാരെ ചോദ്യം ചെയ്യും. സ്ക്രീൻഷോട്ട് നൽകിയത് ആരെന്ന് കണ്ടെത്തും. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിലും അന്വേഷണം നടത്തും. വൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ അടക്കമുള്ളവരെ ഉടന്‍ ചോദ്യം ചെയ്യും. കേസില്‍ ആദ്യം പ്രതിയായ എംഎസ്എഫ് പ്രവര്‍ത്തകന്‍ സി.കെ കാസിമിന്റെയും മൊഴിയെടുക്കും. എസ്‌ഐടിയുടെ ആദ്യയോഗം വടകരയില്‍ കഴിഞ്ഞദിവസം ചേർന്നിരുന്നു.

അതേസമയം കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചെങ്കിലും വ്യാജ സ്‌ക്രീന്‍ഷോട്ട് ഇപ്പോഴും സിപിഎം നേതാവിന്റെ പേജില്‍ സജീവമാണ്. സിപിഎം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിന്റെ ഫേസ് പേജിലാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഇപ്പോഴുമുള്ളത്. ഇയാള്‍ക്കും സ്‌ക്രീന്‍ഷോട്ട്പ്രചരിപ്പിച്ച മുന്‍ സി പിഎം എംഎല്‍എ കെ.കെ ലതികക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി ദുല്‍ഖിഫില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രചരിച്ചതാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിനെയാണ് ആദ്യം പൊലീസ് പ്രതി ചേര്‍ത്തത്. ഹൈക്കോടതി ഇടപടെലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ് ഐപ്രവര്‍ത്തകന്‍ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം മുന്നോട്ടു പോയിരുന്നില്ല.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article